ആ രാത്രി ഞാന്‍ വീട്ടില്‍ പോയ ഉടന്‍ മുകളിലത്തെ നിലയിലേക്ക് ഓടി. മുറിയുടെ കതകടച്ചു. നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു. അതിനുമുമ്പൊരിക്കലും ഞാനതുപോലെ കരഞ്ഞിട്ടില്ല. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകിക്കൊണ്ടിരുന്നു. ജീവിക്കാന്‍ പോലും താല്‍പര്യം തോന്നിയില്ല.
ഒരു ഇന്ത്യക്കാരിയായതില്‍ ഞാന്‍ സന്തോഷിക്കുന്നു. സത്യമായിട്ടും. ഇത്രയും ശക്തമായ ചരിത്രവും, പ്രത്യേകതരം സംസ്‌കാരവും, ഇഷ്ടഭക്ഷണങ്ങളുമുള്ള ഒരു രാഷ്ട്രത്തെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?
ഇന്ത്യയുടെ ഈ മനോഹരമായ മുഖത്തിനു പിന്നില്‍ സമൂഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു രോഗം വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. കളറിസം.
എഴുത്തുകാരി ആലിസ് വാക്കര്‍ ഉണ്ടാക്കിയ ഒരു വാക്കാണിത്. ഒരേ വര്‍ഗത്തില്‍ അല്ലെങ്കില്‍ വംശത്തില്‍പ്പെട്ട ജനങ്ങള്‍ക്കിടയിലെ കറുത്ത തൊലിയുള്ള വ്യക്തികള്‍ക്കുനേരെയുള്ള വിവേചനം എന്നാണ് കളറിസം എന്ന വാക്കിനെ അവര്‍ നിര്‍വചിച്ചത്. ആഭ്യന്തരമായ വംശീയത എന്നും അറിയപ്പെടുന്നു.
എനിക്ക് കറുത്ത നിറമായിരുന്നു. വ്യക്തിപരമായി അതില്‍ ഒരു പ്രശ്‌നവും തോന്നിയിട്ടില്ല. എന്നെ കാണാന്‍ എങ്ങനെയാണ് എന്ന കാര്യത്തിന് ഞാന്‍ ഒട്ടും പരിഗണന നല്‍കിയിരുന്നില്ല. സത്യമാണ്. എന്നെ പരിചയമുള്ളവരോട് ചോദിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാവും.
ഞാന്‍ എന്തിന് അതിനെക്കുറിച്ച് ചിന്തിക്കണം? എനിക്ക് നല്ല ഒരുപാട് സുഹൃത്തുക്കളുണ്ട്. എല്ലാദിവസവും 9.30ന് ഉറങ്ങുന്നു. എന്നെ തടയുന്ന ഒന്നും ജീവിതത്തിലുണ്ടായിരുന്നില്ല.
സന്തോഷം മാത്രം. അങ്ങനെ മിഡില്‍ സ്‌കൂള്‍ കാലഘട്ടം തുടങ്ങി.
വളരുന്നത് അനുസരിച്ച് എന്റെ കറുത്ത നിറത്തെ കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എനിക്കോര്‍മ്മയുണ്ട്, മുറിയിലെ കറണ്ട് പോകുന്ന സമയത്ത് ആളുകള്‍ പറയും “അശ്വതി എവിടെ? ” എന്ന്. അല്ലെങ്കില്‍ ” അശ്വതി ഒന്നു ചിരിച്ചാട്ടേ, ഞങ്ങള്‍ക്ക് നിന്നെ കാണാനാ” എന്നൊക്കെ.
ആലിസ് വാക്കര്‍
കാലങ്ങളായി ഞാന്‍ കണ്ടിട്ടില്ലാത്ത ബന്ധുക്കള്‍ പോലും അടുത്തുകണ്ടാല്‍ സ്വീകരിക്കുന്നത് “എന്റെ ദൈവമോ ഇതെന്തൊരു കറുപ്പാ ഇത്” എന്നു പറഞ്ഞുകൊണ്ടായിരുന്നു. പിന്നെ സ്‌കിന്‍ ബ്ലീച്ചിങ് ഉല്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഉപദേശിക്കും. അതെ നിങ്ങള്‍ക്കു തെറ്റിയിട്ടില്ല, സ്‌കിന്‍ ബ്ലീച്ചിങ് ഉല്പന്നങ്ങള്‍ തന്നെ.
ഒരു വേനല്‍ക്കാല രാത്രി ഞാനിപ്പോഴും ഓര്‍ക്കുന്നു. പള്ളിയിലെ ബാസ്‌കറ്റ്‌ബോള്‍ പ്രാക്ടീസിനു ശേഷം ഞങ്ങള്‍ പെണ്‍കുട്ടികളെല്ലാം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. കുറച്ചുകുട്ടികള്‍ അവരുടെ കൈകള്‍ നോക്കി ഈ വെയിലേറ്റ് കറുത്തുപോയല്ലോ എന്ന് പറയാന്‍ തുടങ്ങി.
ഒരു പെണ്‍കുട്ടി മറ്റൊരു കുട്ടിയോട് പറഞ്ഞ കാര്യം ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട് ” അശ്വതിയെപ്പോലെ ആയില്ലല്ലോ എന്നതിന് ദൈവത്തോട് നന്ദി പറയുക” പിന്നാലെ മറ്റൊരു കുട്ടി പറഞ്ഞു, ” അത്, അതു ശരിയാണ്. നിന്നെപ്പോലെയാവാത്തതു തന്നെ വലിയ സന്തോഷം” എന്ന്.
എല്ലാവരും ചിരിച്ചു. പക്ഷെ എന്റെ രക്തം തിളക്കുകയായിരുന്നു. എന്റെ കണ്ണുകള്‍ ചുവക്കുകയായിരുന്നു. എന്റെ നാവിനെ ഇത്രയും കഠിനമായി എനിക്കിതുവരെ വേദനിപ്പിക്കേണ്ടി വന്നിട്ടില്ല.
കാണാന്‍ എന്നെപ്പോലെയാവാത്തതു തന്നെ വലിയ സന്തോഷമെന്ന് ചിലര്‍ എന്നോട് പറഞ്ഞു എന്നത് എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ എട്ട് വാക്കുകള്‍, അതെന്നെ എത്രത്തോളം വേദനിപ്പിച്ചെന്ന് എനിക്ക് പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയില്ല.
ആ രാത്രി ഞാന്‍ വീട്ടില്‍ പോയ ഉടന്‍ മുകളിലത്തെ നിലയിലേക്ക് ഓടി. മുറിയുടെ കതകടച്ചു. നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു. അതിനുമുമ്പൊരിക്കലും ഞാനതുപോലെ കരഞ്ഞിട്ടില്ല. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകിക്കൊണ്ടിരുന്നു. ജീവിക്കാന്‍ പോലും താല്‍പര്യം തോന്നിയില്ല.
എന്നോട് ആ പെണ്‍കുട്ടികള്‍ പറഞ്ഞ വാക്കുകള്‍ പോലെ എന്നെ അതുവരെ മറ്റൊന്നും വേദനിപ്പിച്ചിട്ടില്ല. ആ പെണ്‍കുട്ടികള്‍ എന്നോട് പറഞ്ഞ കാര്യം ഞാന്‍ എന്നെ അതുവരെ കണ്ടിരുന്ന രീതി തന്നെ മാറ്റിക്കളഞ്ഞു.
അവരാരും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാത്തവരല്ല. എന്റെ പള്ളിയിലെ കുട്ടികള്‍ വളരെ സ്‌നേഹമുള്ളവരാണ്. പക്ഷെ ഇന്ത്യക്കാരെന്ന നിലയില്‍ കുട്ടിക്കാലം മുതലേ ഇത്തരം തെറ്റായ ആശയങ്ങളാണ് നമ്മളില്‍ കുത്തിനിറക്കപ്പെടുന്നത്. “സുന്ദരിയെന്നത് നല്ല നിറമുള്ളതാണ്, ഇരുണ്ടത് സൗന്ദര്യമല്ല” എന്ന ചിന്ത മാനസികമായി സൃഷ്ടിക്കപ്പെടുന്നു.
സെലിബ്രിറ്റികളെയും നടീനടന്മാരെയും വൈറ്റ്‌വാഷ് ചെയ്തുകൊണ്ടും സ്‌കിന്നിന് തിളക്കും കൂട്ടാനുള്ള ക്രീമുകളുടെയും ഉല്പന്നങ്ങളുടെയും ഉപയോഗം പ്രചരിപ്പിക്കുന്ന പരസ്യങ്ങളിലൂടെയും ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ മിഥ്യാബോധം വര്‍ധിപ്പിക്കുന്നു.
ഒരു കൊച്ചുപെണ്‍കുട്ടി എന്ന നിലയില്‍ ഈ വാക്കുകള്‍ എന്നെ തീര്‍ത്തും തളര്‍ത്തി കളഞ്ഞിരുന്നു. ആളുകള്‍ പറയുന്ന എല്ലാ അസംബന്ധങ്ങളും എന്നെ തളര്‍ത്താനും എന്നില്‍ വിപരീതമായ പ്രഭാവം സൃഷ്ടിക്കാനുംതുടങ്ങി. ഈ ലോകത്തെയും എന്നെയും ഞാന്‍ കണ്ടത് മറ്റൊരാളും അങ്ങനെ കാണരുതേ എന്ന് ഞാന്‍ ആഗ്രഹിക്കുന്ന രീതിയിലായിരുന്നു.
ഒരുപാട് വേനലുകള്‍ ഞാന്‍ വീട്ടിനുള്ളില്‍ കഴിച്ചുകൂട്ടി. സൂര്യപ്രകാശത്തില്‍ പുറത്തിറങ്ങാന്‍ തന്നെ പേടിയായി. ഞാന്‍ നീന്താന്‍ പോലും പോകാത്ത വേനലുകളുണ്ടായി. സ്ഥിരമായി പല ഫെയ്‌സ്മാസ്‌കുകളും സ്‌കിന്‍ ബ്ലീച്ചിങ് ഉല്പന്നങ്ങളും പരീക്ഷിച്ചു തുടങ്ങി. എനിക്കെന്തോ പ്രശ്‌നമുണ്ടെന്നായിരുന്നു എന്റെ ചിന്ത.
എന്റെ ഫോട്ടോകള്‍ ആകര്‍ഷകമാക്കി അല്പം കൂടി നിറം നല്‍കി ഞാന്‍ എഡിറ്റു ചെയ്തു. രാത്രി ഫോട്ടോകളെടുക്കാന്‍ പേടിയായിരുന്നു. കടുംനിറമുള്ള വസ്ത്രങ്ങള്‍ എല്ലാനിലയ്ക്കും ഒഴിവാക്കി.
കണ്ണാടിയില്‍ നോക്കുന്നതു പോലും വെറുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. അല്ലെങ്കില്‍ സ്‌കൂളില്‍ പോകാന്‍ റെഡിയാവാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങും. എന്റെ മുഖത്തെ കറുപ്പ് ചുരണ്ടി പോക്കാന്‍ ഞാന്‍ ശ്രമിച്ചു.
രണ്ടാംവര്‍ഷ ബിരുദത്തിലേക്കു കടന്നു. ഞാനൊരു സംവാദത്തില്‍ പങ്കുചേര്‍ന്നു. കളറിസത്തെയും ഞാന്‍ അനുഭവിച്ച കാര്യങ്ങളെയും കുറിച്ച് ഒരു മികച്ച പരിശീലകന്റെ സഹായത്തോടെ ഒരു പ്രസംഗം എഴുതി തയ്യാറാക്കി. ഒരുപാട് കാര്യങ്ങള്‍ തിരിച്ചറിയാന്‍ അതെന്നെ സഹായിച്ചു.
എന്റെ സ്‌കിന്‍ ബ്ലീച്ചു ചെയ്യേണ്ട ആവശ്യം എനിക്കില്ല എന്നു ഞാന്‍ തിരിച്ചറിഞ്ഞു. സൂര്യനില്‍ നിന്നും ഇനി ഞാന്‍ മറഞ്ഞിരിക്കേണ്ടതില്ലെന്നും.
എനിക്കു നന്നായി ഇണങ്ങും എന്ന് ചിന്തിച്ചുകൊണ്ടുതന്നെ എന്റെ ഇഷ്ടനിറങ്ങളായ മഞ്ഞ എനിക്കു ധരിക്കാന്‍ കഴിയുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. വര്‍ഷങ്ങളായി സ്വയം വെറുത്തിരുന്ന ഞാന്‍ ദൈവം സൃഷ്ടിച്ച ഇതേ രൂപത്തില്‍ ശരിക്കും സുന്ദരിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
ഞാന്‍ എഴുതിയ ആ പ്രസംഗം പല കാര്യങ്ങളിലുമുള്ള എന്റെ വീക്ഷണം തന്നെ മാറ്റിമറിച്ചു. ഞാന്‍ നേരിട്ടതുപോലുള്ള അനുഭവങ്ങളിലൂടെ കടന്നുപോയവരുടെ ഗ്രൂപ്പില്‍ ചേര്‍ന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അത്തരം ആളുകളുമായി ചര്‍ച്ചകള്‍ പങ്കുവെച്ചു.
ഒരാള്‍ എനിക്കൊരു ഫോട്ടോഷൂട്ടിനുള്ള ഓഫര്‍ തന്നു! സംവാദ മത്സരങ്ങളിലൂടെ എന്നെതിരിച്ചറിയാന്‍ കഴിയുന്ന മറ്റ് ഇന്ത്യന്‍ പെണ്‍കുട്ടികളെ ഞാന്‍ കണ്ടെത്തി. കാരണം ഞാന്‍ ഏതുവഴിയിലൂടെയാണ് കടന്നുപോയതെന്ന് അവര്‍ക്ക് നന്നായി അറിയാം. (ആ നിസാര പ്രസംഗം എനിക്ക് സംസ്ഥാന തലത്തില്‍, ദേശീയ തലത്തില്‍ വരെ യോഗ്യത നേടിത്തന്നു)
ഒരു വ്യക്തിയെന്ന നിലയില്‍ എനിക്കു വളരാന്‍ എന്റെ അനുഭവങ്ങള്‍ എന്നെ സഹായിച്ചു. അതിനൊപ്പം എന്നില്‍ ഞാന്‍ മാറ്റേണ്ടതായി ഒന്നുമില്ല എന്നെന്നെ പഠിപ്പിക്കുകയും ചെയ്തു.
കറുത്ത നിറമായതില്‍ ലജ്ജിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരോട് എനിക്കു പറയാനുള്ളത് ഇതാണ്- ” നിങ്ങള്‍ക്ക് ഒരു പോരായ്മയുമില്ല. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് നിങ്ങള്‍ക്ക് പോരായ്മയുണ്ടെന്ന് ചിന്തിക്കരുത്. നിങ്ങള്‍ സുന്ദരിയാവണമെങ്കില്‍ നിറം വേണ്ട. നിങ്ങള്‍ ഈ രീതിയില്‍ തന്നെ പൂര്‍ണ സുന്ദരിയാണ്.
എന്റെ പ്രശ്‌നങ്ങളും ആശങ്കകളുമായി എല്ലാവരെയും ബന്ധപ്പെടുത്താനാവില്ല. കറുത്ത നിറത്തിന്റെ പേരില്‍ സ്വയം വെറുക്കുക എന്ന വികാരം എല്ലാവരും അറിയാനുമിടയില്ല. നമ്മള്‍ ഇങ്ങനെയായതിന്റെ പേരില്‍ കളിയാക്കപ്പെടുന്ന സംഭവങ്ങളുമായി ഇതിനെ നമുക്ക് ബന്ധിപ്പിക്കാം.
ആളുകളെ വ്യത്യസ്തരാക്കുന്ന കാര്യങ്ങളുടെ പേരില്‍ അവരെ അധിക്ഷേപിക്കുന്നത് ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ അവസാനിപ്പിക്കണം. അവരുടെ ശബ്ദത്തിന്റെ, ധരിക്കുന്ന വസ്ത്രത്തിന്റെ, നിറത്തിന്റെ അങ്ങനെയുള്ള എന്തിന്റെ പേരിലായാലും. ചിലകാര്യങ്ങളുടെ പേരില്‍ ചിലര്‍ ചെറുതായിപ്പോയി എന്ന് ചിന്തിക്കുന്നതിനു പകരം ആളുകളെ അവരാക്കുന്ന എല്ലാ കാര്യങ്ങളുടെയും പേരില്‍ നമ്മള്‍ അവരെ സ്‌നേഹിക്കാന്‍ പഠിക്കണം.
എന്റെ പേര് അശ്വതി തോമസ്. ഞാന്‍ ഞാനായതില്‍ സന്തോഷിക്കുന്നു എന്നാണ് 16 വര്‍ഷക്കാലത്തെ ജീവിതത്തിനുശേഷം എനിക്കു പറയാനുള്ളത്. എന്റെ പേര് അശ്വതി തോമസ്. ഞാന്‍ ഇന്ത്യക്കാരിയാണ്. ഞാന്‍ കറുത്തനിറമുള്ളവളാണ്. അതെന്നെ ഒട്ടും ബാധിക്കുന്നുമില്ല.
കടപ്പാട്: അശ്വതി തോമസ് ബ്ലോഗ്