| Thursday, 15th August 2024, 2:29 pm

ലാൽ സാറിന്റെ ആ ഡെഡിക്കേഷന് മുന്നിൽ തൊഴാൻ മാത്രമേ പറ്റുള്ളൂ, ഡ്യൂപ്പ് വരുന്നതിന് മുമ്പ് അദ്ദേഹം വെള്ളത്തിലേക്ക് ചാടി: അശ്വതി. വി. നായർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുക്കിയ വെബ് സീരീസാണ് മനോരഥങ്ങൾ. ഇന്ന് സ്ട്രീമിങ് ആരംഭിച്ച സീരീസിൽ ഓളവും തീരവും എന്ന പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ചിത്രത്തിൽ മോഹൻലാൽ വെള്ളത്തിലേക്ക് ചാടുന്ന ഒരു സാഹസിക രംഗമുണ്ട്. ആ സീനിനെ കുറിച്ച് സംസാരിക്കുകയാണ് എം.ടിയുടെ മകളും സംവിധായകയുമായ അശ്വതി.വി.നായർ.

മോഹൻലാലിന്റെ ഡെഡിക്കേഷൻ കണ്ട സീനാണ് അതെന്നും ലൊക്കേഷൻ നോക്കുമ്പോൾ കണ്ട പുഴ ഷൂട്ടിന്റെ സമയത്ത് ആകെ മാറി മറഞ്ഞെന്ന് അശ്വതി പറയുന്നു. ഡ്യൂപ്പിനെ വെച്ച് ആ ഷോട്ട് എടുക്കാമെന്ന് കരുതിയപ്പോൾ മോഹൻലാൽ താൻ തന്നെ ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നെന്നും അത്രെയേറെ ഒഴുക്കുള്ള നദിയായിരുന്നു അതെന്നും അശ്വതി പറയുന്നു. ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ സംസാരിക്കുകയായിരുന്നു അശ്വതി.

‘തീർച്ചയായും പ്രിയൻ സാറിന്റെ ഒരു സിഗ്നേച്ചർ വർക്ക്‌ തന്നെയാണ് ഓളവും തീരവും. ലാൽ സാറിന്റെ ഡെഡിക്കേഷൻ തന്നെയാണ് ഷൂട്ടിനിടയിൽ ഞങ്ങൾ കണ്ടത്. തൊമ്മൻ കുത്ത് എന്ന സ്ഥലത്ത് ലൊക്കേഷൻ കാണാൻ പോയപ്പോൾ അവിടെ ഒരു തെളിഞ്ഞ പുഴയായിരുന്നു.

അടിയൊക്കെ കാണാൻ കഴിയുമായിരുന്നു. നല്ല ശാന്തമായ പുഴയാണപ്പോൾ. പക്ഷെ ഞങ്ങൾ അവിടെ ഷൂട്ടിന് എത്തിയപ്പോൾ നല്ല മഴ. മഴക്കാലമാണ് ജൂലൈ മാസം. ഗംഭീര മഴ. കലങ്ങിയാണ് പുഴ ഒഴുകുന്നത്. അടിയിലെ ഒന്നും കാണുന്നില്ല. ചിലപ്പോൾ കല്ലാവാം പാറ കഷ്ണങ്ങളാവാം. മരത്തിന്റെ നല്ല കൂർത്ത മൂർച്ചയുള്ള കുറ്റികളാവാം.

പ്രിയൻ സാർ ആദ്യമേ പറഞ്ഞു, നമുക്ക് ഡ്യൂപ്പ് വേണമെന്ന്. ലാലിന് അങ്ങനെ റിസ്ക് എടുക്കാൻ പറ്റില്ലെന്ന് പ്രിയൻ സാർ പറഞ്ഞപ്പോൾ ഞങ്ങൾ ഡ്യൂപ്പിനെയൊക്കെ സെറ്റ് ചെയ്തു. ഡൈവേസ് ഉണ്ടായിരുന്നു, ഫയർ ഫോഴ്സ് ഉണ്ടായിരുന്നു. പിന്നെ ലാൽ സാർ ലൊക്കേഷനിൽ എത്തി.

അദ്ദേഹം ലൊക്കേഷനൊക്കെ കണ്ട് വെള്ളമൊക്കെ നോക്കി അവർ തമ്മിൽ ഡിസ്‌ക്കസ് ചെയ്തു. സന്തോഷ്‌ സാറുമായിട്ട് അദ്ദേഹം ഒരു ചർച്ച നടത്തി ആദ്യമേ ഒരു ധാരണയിൽ എത്തിയിരുന്നു ലാൽ സാർ തന്നെ വെള്ളത്തിൽ ഇറങ്ങുമെന്ന്.

ഞങ്ങൾക്ക് അത് അറിയില്ലായിരുന്നു. പിന്നെയാണ് അത് പറയുന്നത്. പെട്ടെന്ന് ഷോട്ട് റെഡിയായപ്പോൾ ഡ്യൂപ്പ് വരുന്നതിന് മുമ്പ് ലാൽ സാർ വെള്ളത്തിലേക്ക് ചാടി. എല്ലാം ഞാൻ തന്നെ ചെയ്യാമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ താത്പര്യത്തിലാണ് ആ സീൻ അഭിനയിച്ചത്.

നമുക്ക് തൊഴാൻ മാത്രമേ പറ്റുള്ളൂ ആ ഡെഡിക്കേഷന് മുന്നിൽ. ആ ഷോട്ട് എടുക്കുമ്പോൾ എല്ലാവരും സൈഡിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് എന്തെങ്കിലും എമർജൻസി വന്നാൽ ഇറങ്ങാൻ വേണ്ടി. കാരണം അത്രയും കുത്തൊലിപ്പുള്ള വെള്ളമായിരുന്നു അത്,’അശ്വതി പറയുന്നു.

Content Highlight: Aswathi.v.nair Talk About Dedication Of mohanlal

We use cookies to give you the best possible experience. Learn more