'വാസ്തു നോക്കാതെ നിര്‍മിച്ചതിനാല്‍ നിയമസഭയില്‍ എന്നും വഴക്ക്'; മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മിഭായ്
Kerala News
'വാസ്തു നോക്കാതെ നിര്‍മിച്ചതിനാല്‍ നിയമസഭയില്‍ എന്നും വഴക്ക്'; മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മിഭായ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th September 2023, 11:31 pm

തിരുവനന്തപുരം: വാസ്തു നോക്കാതെ നിര്‍മിച്ചത് കൊണ്ട് കേരള നിയമ സഭയില്‍ എന്നും വഴക്കാണെന്ന് മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ്. നിയമസഭ നിര്‍മിച്ചത് മുതല്‍ ഇന്നേവരെ അവിടെ വഴക്കല്ലാതെ എന്തെങ്കിലും നടന്നതെന്ന് സംശയമാണെന്ന് അവര്‍ പറഞ്ഞു.

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന പൈതൃകോത്സവം 2023 എന്ന ദേശീയ സെമിനാറിന്റെ ഭാഗമായുള്ള ആര്‍ക്കിടെക്ചറല്‍ സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലക്ഷ്മിഭായ്. ബുധനാഴ്ച അനന്തവിലാസം കൊട്ടാരത്തിനടുത്തുള്ള ലെവി ഹാളിലാണ് പരിപാട് നടന്നത്.

‘വാസ്തുവിനെപ്പറ്റി മോശമായി പറയുന്ന പല ആളുകളുമുണ്ട്, അത് അവരുടെ ഇഷ്ടം.
കൂടുതല്‍ പറയൂല…. കേരളത്തില്‍ തന്നെയുള്ള ഒരു സ്ഥാപനം ഉണ്ട്. ആ സ്ഥാപനം വാസ്തു നോക്കാതെ നിര്‍മിച്ചതാണ്. അത് കെട്ടിയപ്പോ തെട്ട് ഇന്നേവരെ അവിടെ വഴക്കല്ലാതെ എന്തെങ്കിലും നടന്നതെന്ന് സംശയമാണ്. അന്നുതൊട്ട് ഇന്നുവരെ…

കൂടുതല്‍ ഞാന്‍ പറയുന്നില്ല, ഞാനെന്തെങ്കിലും പറഞ്ഞാല്‍ ആരെങ്കിലും പത്രത്തില്‍ കൊടുക്കും. എന്താണ് അവിടെ നടക്കുന്നത്. എന്നും ബഹളം, സാധനങ്ങള്‍ വലിച്ചെറിയുന്നു, ചിലര്‍ ടേബിളില്‍ കയറി ഡാന്‍സ് കളിക്കുന്നു, വാസ്തുവിന് വിരോധമായി ചെയ്തിട്ട് അങ്ങനെ എന്തെല്ലാമാണ് നടക്കുന്നത്. പണ്ഡിതന്മാര്‍ക്ക് മൗനമാണ് ഭൂഷണമെന്ന ഒരു ചൊല്ലുണ്ട്. ഞാനൊരു പണ്ഡിതയൊന്നുമല്ല. എന്നാലും അതാണ് നല്ലത്,’ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ് പറഞ്ഞു.

Content Highlight: Aswathi Thirunal Gauri Lakshmibhai, always a fight in the Kerala Legislature, Vastu Shilpa