ഓള്‍ കേരള മെന്‍സ് അസോസിയേഷനെന്ന് പറഞ്ഞ് വെളിച്ചവും ബോധവുമുള്ള ആണുങ്ങളെ കൂടി നാണം കെടുത്താന്‍ ശ്രമിക്കുന്നു: അശ്വതി ശ്രീകാന്ത്
Kerala News
ഓള്‍ കേരള മെന്‍സ് അസോസിയേഷനെന്ന് പറഞ്ഞ് വെളിച്ചവും ബോധവുമുള്ള ആണുങ്ങളെ കൂടി നാണം കെടുത്താന്‍ ശ്രമിക്കുന്നു: അശ്വതി ശ്രീകാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th June 2023, 3:08 pm

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തി അറസ്റ്റിലായ സവാദിനെ മെന്‍സ് അസോസിയേഷന്‍ പൂമാലയിട്ട് സ്വീകരിച്ചതില്‍ വിമര്‍ശനവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന് പറഞ്ഞ് ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്തുന്നുവെന്നും അശ്വതി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു.

‘സ്വീകരണം കൊടുത്തതില്‍ അല്ല, ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്നൊക്കെ പറഞ്ഞ് വെളിച്ചവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താന്‍ ശ്രമിക്കുന്നതിലാണ് സങ്കടം,’ അശ്വതി ശ്രീകാന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായിരുന്ന സവാദ് പുറത്തിറങ്ങിയത്. ജയില്‍ മോചിതനായ സവാദിനെ മാലയിട്ടാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരിച്ചത്.

നേരത്തെ സവാദിനെ സ്വീകരിച്ചതില്‍ പ്രതികരണവുമായി പരാതിക്കാരിയായ നന്ദിതയും രംഗത്തെത്തിയിരുന്നു. സവാദിനെതിരെ നിയമ പോരാട്ടം തുടരുമെന്നും അയാള്‍ക്ക് സ്വീകരണം നല്‍കിയതില്‍ താന്‍ ചിരിച്ചുപോയെന്നും നന്ദിത മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും നന്ദിത കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ ദിവസം സവാദിനെ സ്വീകരിക്കാന്‍ കാത്ത് നില്‍ക്കുന്ന വേളയില്‍ പരാതിക്കാരിക്കെതിരെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഭാരവാഹി വട്ടിയൂര്‍കാവ് അജിത് കുമാര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം ഫെയ്മിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും കളിച്ച് ചിരിച്ച് നടക്കുകയാണെന്നുമാണ് അജിത് പറഞ്ഞത്. പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്നും ഇത് ഹണിട്രാപ്പാണെന്നുള്ള പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിരുന്നു.

തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് പോയിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ എറണാകുളം അഡി. സെഷന്‍സ് കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

content highlight: aswathi sreekanth against all kerala men’s association