| Tuesday, 8th September 2020, 10:56 pm

പൊരുതി...നേടി...അശ്വതി; പിന്നണി സംഗീത മേഖലയില്‍ നിന്നുമൊരു പുതു പെണ്‍ ശബ്ദം

കവിത രേണുക

‘എന്തെങ്കിലും ആകണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ ആഗ്രഹത്തിന് പുറകേ സഞ്ചരിച്ച് കഴിഞ്ഞാല്‍ നമ്മള്‍ അത് നേടിയിരിക്കും,’ സിനിമാ നടന്‍ മണിയന്‍ പിള്ള രാജു മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞ ഈ വാക്കുകളാണ് അശ്വതി എന്ന പുതുമുഖ മ്യൂസിക് കംപോസറുടെ ഊര്‍ജവും ആവേശവും.

സ്ത്രീകള്‍ പൊതുവെ കുറവുള്ള സംഗീത സംവിധാന രംഗത്തേക്ക് പുതു കാല്‍വെപ്പ് നടത്തിയിരിക്കുകയാണ് അശ്വതി നിതില്‍ എന്ന യുവ സംഗീതജ്ഞ. അശ്വതി തന്നെ വരികളെഴുതി ഈണമിട്ട്, പ്രശസ്ത പിന്നണിഗായകന്‍ ഇഷാന്‍ ദേവ് ആലപിച്ച ‘ആര്‍പ്പോ വിളി ഉയരുന്നേ’ എന്ന ഗാനം ഈ ഓണക്കാലത്ത് സാമൂഹ്യമാധ്യമത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കണ്ണൂരിലെ ചെറുകുന്ന് സ്വദേശിയായ അശ്വതി ചെറുപ്പംമുതലേ ആഗ്രഹിച്ചത് ഒരു മ്യൂസിക് കംപോസറാകാനായിരുന്നു. സ്വന്തമായി പാട്ടുകളെഴുതുകയും ഈണിമിടുകയും ചെയ്‌തെങ്കിലും പാട്ടുകളൊക്കെ പുസ്തകത്തിനുള്ളില്‍ തന്നെയിരുന്നു. കലാകാരിയാകുന്നത് കൊണ്ട് എന്ത് നേട്ടമുണ്ടാകാനാണെന്ന വീട്ടുകാരുടെ തികച്ചും സാധാരണമായ ചോദ്യവും ഒരു പെണ്‍കുട്ടി കംപോസറാകുമ്പോള്‍ അംഗീകരിക്കപ്പെടുമോ എന്ന ഭയവും പാട്ടിന്റെ പിന്നണി രംഗത്തേക്ക് കടന്നുവരുന്നതില്‍ നിന്നും അശ്വതിയെ വിലക്കി.

സ്ത്രീ സാന്നിധ്യം പൊതുവെ കുറവുള്ള സംഗീത മേഖലയിലെ പിന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ സധൈര്യം മുന്നോട്ട് വരികയാണ് അശ്വതി. ഞാന്‍ എന്താവണം എന്ന കൃത്യമായ ബോധ്യമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നാണ് അശ്വതി പറയുന്നത്.

തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചത് ലോക്ക്ഡൗണ്‍ കാലത്താണെന്നും അവര്‍ പറയുന്നു. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തോന്നല്‍ വര്‍ധിച്ചപ്പോള്‍ തന്റെ ഭര്‍ത്താവ് നിതിലുമൊത്താണ് അശ്വതി തന്റെ ആദ്യത്തെ പാട്ട് പുറത്തിറിക്കുന്നത്. ഗാനത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും നടത്തിയിരിക്കുന്നതും ഭര്‍ത്താവ് നിതില്‍ ബെസ്റ്റോ തന്നെയാണ്.

ഫ്‌ളവേഴ്‌സ് ചാനലില്‍ ഗ്രാഫിക് ഹെഡായ നിതില്‍ ബെസ്‌റ്റോയുടെ പിന്തുണയാണ് പാട്ടുകള്‍ പുറത്തിറക്കാന്‍ തന്നെ സഹായിച്ചതെന്നും അശ്വതി പറയുന്നു.

പാട്ടിനേക്കാള്‍ നല്ലത് നൃത്തമല്ലേ എന്ന വീട്ടുകാരുടെ ചോദ്യം മൂന്ന് വര്‍ഷത്തെ നൃത്ത ജീവിതത്തിന് തുടക്കമിടുകയായിരുന്നു. നാലാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ നൃത്തം അശ്വതി നൃത്തം പഠിച്ചു. എന്നാല്‍ തന്റെ പാത നൃത്തമല്ല സംഗീതമാണ് എന്ന തിരിച്ചറിവില്‍ പാട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ അശ്വതിയുടെ മനസില്‍ കംപോസിംഗ് ഉണ്ടായിരുന്നു. പാട്ടു പാടാനിഷ്ടമാണ്. അതിനെക്കാള്‍ ഇഷ്ടമാണ് എഴുതാനും ഈണമിടാനുമെന്നും അശ്വതി പറയുന്നു.

ഒരു കവര്‍ സോംഗ് ആയിരുന്നു അശ്വതി ആദ്യം ചെയ്തത്. പിന്നീട് പൊരുതാം നേടാം എന്ന കൊവിഡ് പ്രതിരോധ ഗാനവും പുറത്തിറക്കി. ‘പൊരുതാം നേടാം… അതിജീവനം നേരിടാം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഈണം മാത്രമല്ല, വരികളും അശ്വതിയുടെ തന്നെയാണ്.

‘കൊവിഡ് കാലമായാലും ഒന്നും ചെയ്യാതിരുന്നിട്ട് കാര്യമില്ല. എന്റെ വഴി ഇതാണ്. അതിന് വേണ്ടി ഇറങ്ങി തിരിക്കണമായിരുന്നു,’ അശ്വതി ഉറച്ച ശബ്ദത്തില്‍ പറയുന്നു

ഫ്‌ളവേഴ്‌സ് ചാനലിലെ അമ്മയും കുഞ്ഞും എന്ന പരിപാടിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ടൈറ്റില്‍ സോംഗ് ചെയ്തതും അശ്വതിയാണ്.

മ്യൂസിക്കില്‍ ഇനി എന്ത് എന്നുള്ളതല്ല, മ്യൂസികില്‍ എം.എ വരെ പഠിച്ചത് വെറുതെയാവരുത് എന്ന ആഗ്രഹമാണ് ഉണ്ടായിരുന്നത്. ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ മ്യൂസിക് ടീച്ചര്‍ ആയി ജോലി ചെയ്തിട്ടും അതല്ല തന്റെ വഴി എന്ന് മനസിലാക്കി ഏറ്റവും പ്രിയപ്പെട്ട ആഗ്രഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു ഇവര്‍.

അഭിഷായി യോവാസ് എന്ന പ്രോഗ്രാമറാണ് ഓണപ്പാട്ടിന്റെയും അമ്മയും കുഞ്ഞും റിയാലിറ്റി ഷോയുടെ ടൈറ്റില്‍ സോംഗിന്റെയും കൊവിഡ് പ്രതിരോധ ഗാനത്തിന്റെയും പ്രോഗ്രാമിംഗ് ചെയ്തിരിക്കുന്നത്.

നാല് വയസ്സ്‌കാരന്‍ മകനും സംഗീതത്തില്‍ അഭിരുചിയുണ്ടെന്ന് അശ്വതി പറയുന്നു. ഇഷാന്‍ ദേവ് ആലപിച്ച ഓണപ്പാട്ടില്‍ മകന്‍ പാര്‍ത്ഥിവ് കോറസ് പാടിയിട്ടുണ്ട്. ഒപ്പം അച്ഛന്‍ പവിത്രനും അമ്മ ബിന്ദുവും സഹോദരന്‍ അരുണും ഒപ്പം ഭര്‍ത്താവ് നിതിലിന്റെ വീട്ടുകാരും ഈ രംഗത്തേക്കിറങ്ങാന്‍ തന്ന പിന്തുണ വളരെ വലുതാണെന്ന് അശ്വതി പറയുന്നു.

മകനുണ്ടാകുന്നതിനും ഒന്നര വര്‍ഷം മുമ്പേ ഒരു താരാട്ട് പാട്ടെഴുതി ഈണമിട്ട ഗാനം ഇപ്പോള്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

പിന്നണിഗായിക എന്നതിലുപരിയായി കംപോസിംഗ് രംഗത്ത് തന്നെ പ്രവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്ന അശ്വതി നല്ല സിനിമകളുടെ ഭാഗമാകാനും ആഗ്രഹിക്കുന്നു. പ്രശസ്ത പിന്നണി ഗായിക കെ.എസ് ചിത്രയെ ഏറെ ഇഷ്ടമാണ് അശ്വതിക്ക്. അവസരം കിട്ടിയാല്‍ പിന്നണി ഗായിക ചിത്രയെ കൊണ്ട് തന്നെ പാടിക്കാനും ഈ യുവ സംഗീതജ്ഞയ്ക്ക് ആഗ്രഹമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Aswathi Nithil a young lady music composer who conquer her dreams

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more