|

അച്ഛനെ സംബന്ധിച്ച് മമ്മൂക്ക അത്രയും പ്രധാനപ്പെട്ടതാണ്, തിരിച്ചും; നമ്മളറിയാത്ത ചില കമ്യൂണിക്കേഷന്‍സ് അവര്‍ക്കിടയിലുണ്ട്: അശ്വതി നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ പകരം വെക്കാനില്ലാത്ത എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായര്‍. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, നാടകകൃത്ത് എന്നീ നിലകളിലും പ്രശസ്തനാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍. പത്മഭൂഷണ്‍, ജ്ഞാനപീഠം എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ.സി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, തുടങ്ങി അനവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു.

എം.ടി വാസുദേവന്‍ നായരുടെ ചെറുകഥയെയും തിരക്കഥയെയും അടിസ്ഥാനമാക്കി എട്ട് സംവിധായകര്‍ സംവിധാനം ചെയ്ത ഒന്‍പത് ഷോര്‍ട് ഫിലിമുകള്‍ ചേര്‍ന്ന ആന്തോളജി ചിത്രമാണ് മനോരഥങ്ങള്‍. ഓഗസ്റ്റ് 15 ന് സീ 5 ലൂടെ ഒന്‍പത് എപ്പിസോഡുകളായി മനോരഥങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മമ്മൂട്ടി, മോഹന്‍ലാല്‍, പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി, ഇന്ദ്രജിത്, തുടങ്ങി വന്‍ താരനിര തന്നെയാണ് ചിത്രത്തിന് വേണ്ടി അണിനിരന്നിരിക്കുന്നത്.

മനോരഥങ്ങളിലെ സിനിമകളില്‍ ഒരു എപ്പിസോഡ് സംവിധാനം ചെയ്തിരിക്കുന്നത് എം.ടിയുടെ മകളും നര്‍ത്തകിയുമായ അശ്വതി നായര്‍ ആണ്. എം.ടി വാസുദേവന്‍ നായരും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് അശ്വതി നായര്‍. എം.ടിയുടെയും മമ്മൂട്ടിയുടേയും സൗഹൃദം കാലങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചതാണെന്നും ഇരുവരും ഒരു കുടുംബം പോലെ കഴിയുന്നവരാണെന്നും അശ്വതി നായര്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ ചെറുപ്പകാലം മുതല്‍ വീട്ടില്‍ വരുന്ന ആളാണ് മമ്മൂക്ക. ഓര്‍മ്മവെച്ച കാലം മുതല്‍ അദ്ദേഹം ആ വഴിക്ക് പോകുമ്പോള്‍ വീട്ടില്‍ വന്ന് അച്ഛനെ കണ്ടിട്ടാണ് പോകുക. മദിരാശിയില്‍ അച്ഛന് ഒരു ഫ്‌ലാറ്റ് ഉണ്ടായിരുന്നു. അവിടെ ഒക്കെ വരുമ്പോള്‍ ഞങ്ങളും മമ്മൂക്കയുടെ വീട്ടിലൊക്കെ പോകും. അങ്ങനെ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങള്‍.

അച്ഛന് എന്തോ പ്രത്യേക വാത്സല്യം മമ്മൂക്കയോടുണ്ട്. അതെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ കല്യാണ നിശ്ചയത്തിന് വളരെ കുറച്ചാളുകളെ മാത്രമേ വിളിച്ചിരിന്നൊള്ളു. അതിലൊരാള്‍ മമ്മൂക്കയായിരുന്നു. അത്രയും അച്ഛന് ഇമ്പോര്‍ട്ടന്റ് ആയിട്ടുള്ള ആളാണ് മമ്മൂക്ക. ഇടക്ക് വീട്ടില്‍ വന്ന് പോകുമ്പോള്‍ അച്ഛനെ നീ നന്നായിട്ട് നോക്കണം എന്നൊക്കെ മമ്മൂക്ക എന്നോട് പറയും.

അച്ഛന്‍ അദ്ദേഹത്തിനും അത്രയും ഇമ്പോര്‍ട്ടന്റ് ആയിട്ടുള്ള വ്യക്തിയാണ്. ഞാന്‍ ചെറുപ്പത്തിലേ കണ്ടുവളര്‍ന്നതാണ് അവര്‍ തമ്മിലുള്ള ബന്ധം. മറ്റുള്ള അഭിനേതാക്കളുമായി അച്ഛനുള്ള ബന്ധത്തേക്കാള്‍ വളരെ സ്‌പെഷ്യല്‍ ആണ് മമ്മൂക്കയുമായുള്ളത്. പലകാര്യങ്ങളും നമ്മള്‍ അറിയാതെ തന്നെ അവര്‍ക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്നുണ്ട്,’ അശ്വതി നായര്‍ പറയുന്നു.

Content Highlight: Aswathi  Nair Talks About Friendship Of Mammootty And M.T Vasudevan  Nair