| Thursday, 7th November 2024, 6:47 pm

ആ ക്ലാസിക് സിനിമ ലാലേട്ടനെ വെച്ച് റീമേക്ക് ചെയ്യണമെന്ന് പ്രിയന്‍ സാറിന്റെ നിര്‍ബന്ധമായിരുന്നു: അശ്വതി നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1970ല്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത് മധു നായകനായ ചിത്രമാണ് ഓളവും തീരവും. എം.ടി. വാസുദേവന്‍ നായരായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങിയ ഈ ചിത്രം മലയാളത്തിലെ ക്ലാസ്സിക് സിനിമകളുടെ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. ഈ വര്‍ഷമിറങ്ങിയ മനോരഥം എന്ന ആന്തോളജി സീരീസില്‍ ഓളവും തീരവും റിക്രിയേറ്റ് ചെയ്തിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓളവും തീരവുമില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.

ഓളവും തീരവും വീണ്ടും ചെയ്യണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്റെ നിര്‍ബന്ധമായിരുന്നെന്ന് അശ്വതി നായര്‍ പറയുന്നു. 1970ല്‍ പുറത്തിറങ്ങിയ ഓളവും തീരവും എന്ന സിനിമക്ക് എം.ടി വാസുദേവന്‍ നായര്‍ എഴുതിയ കഥകളില്‍ നിന്നും ചില കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഓളവും തീരവും വീണ്ടും സിനിമയാക്കിയപ്പോള്‍ കഥയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്താതെ ഉള്ള തിരക്കഥ ആയിരുന്നു ഉപയോഗിച്ചതെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അശ്വതി നായര്‍.

‘ലാല്‍ സാറിനെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ പ്രിയദര്‍ശന്‍ സാറിന്റെ നിര്‍ബന്ധമായിരുന്നു ഓളവും തീരവും. സാറിന് വേറെ ചോയ്സ് ഒന്നും ഉണ്ടായിരുന്നില്ല. എനിക്കിത് തന്നെ ചെയ്യണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു.

പിന്നെ അച്ഛനോട് സംസാരിച്ചപ്പോള്‍ ചെയ്യണമെങ്കില്‍ ചെയ്യാം കുഴപ്പമില്ല എന്ന് പറഞ്ഞു. ഓളവും തീരവും ഒറിജിനല്‍ സിനിമയുടെ സ്‌ക്രിപ്റ്റ്, ആ സിനിമക്ക് വേണ്ടി കുറെ കൂട്ടിച്ചേര്‍ക്കലുകളൊക്കെ നടത്തി എഴുതിയതായിരുന്നു.

എന്നാല്‍ മനോരഥങ്ങളിലെ ഓളവും തീരവും സിനിമയുടെ സ്‌ക്രിപ്റ്റ് അച്ഛന്‍ എഴുതിയ കഥ എങ്ങനെയാണോ അങ്ങനെ തന്നെ ഒരു തിരക്കഥയുടെ രൂപത്തിലേക്കാക്കി ചെയ്തതാണ്. അതുകൊണ്ട് തന്നെ ഓളവും തീരവും ഒറിജിനല്‍ സിനിമയില്‍ നിന്ന് മനോരഥങ്ങളിലെ ഓളവും തീരത്തിലേക്ക് വരുമ്പോള്‍ ചെറിയ ചെറിയ വ്യത്യാസങ്ങള്‍ ഒക്കെ ഉണ്ടാകും,’ അശ്വതി നായര്‍ പറയുന്നു.

Content Highlight: Aswathi Nair Talk About Remake Of Olavum Theeravum Movie

We use cookies to give you the best possible experience. Learn more