|

എല്ലാവരെയും പോലെ അച്ഛനും ആഗ്രഹമുണ്ട്, രണ്ടാംമൂഴം തിയേറ്ററിൽ കാണാം: അശ്വതി നായർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിലൊരാളായ എം.ടിക്ക് മലയാളസിനിമ നല്‍കുന്ന ആദരവാണ് മനോരഥങ്ങള്‍ എന്ന വെബ് സീരീസ്.

എം.ടിയുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കി എട്ട് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി സീരീസാണ് ഇത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, സിദ്ദിഖ്, പാര്‍വതി തിരുവോത്ത്, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിര മനോരഥങ്ങളുടെ ഭാഗമായിട്ടുണ്ട്.

സീ ഫൈവിൽ സ്ട്രീമിങ് ആരംഭിച്ച മനോരഥങ്ങൾ മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് നേടുന്നത്. മലയാളത്തിൽ ഏറെ സ്വീകാര്യത നേടിയ നോവലാണ് എം.ടിയുടെ രണ്ടാംമൂഴം.

പലപ്പോഴും രണ്ടാംമൂഴം സിനിമയാക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് ഒരു അപ്ഡേഷനും ഇതിനെ കുറിച്ച് ഉണ്ടായിട്ടില്ല. മലയാളത്തിൽ വലിയ വിജയമായി മാറിയ ഒരു വടക്കൻ വീരഗാഥ, കേരളവർമ പഴശ്ശിരാജയെല്ലാം എം.ടിയുടെ ചരിത്രകഥകളെ ആസ്പദമാക്കി ഒരുക്കിയവയാണ്. അതുകൊണ്ട് തന്നെ രണ്ടാംമൂഴത്തിനായി കാത്തിരിക്കുന്ന ഒരുപാട് പ്രേക്ഷകരുണ്ട്.

എന്നാൽ പ്രേക്ഷകരെ പോലെ തന്നെ എം.ടിക്കും രണ്ടാംമൂഴം സിനിമയാവണമെന്ന ആഗ്രഹമുണ്ടെന്ന് പറയുകയാണ് എം.ടിയുടെ മകൾ അശ്വതി നായർ. മനോരഥങ്ങൾക്ക് ശേഷം അച്ഛൻ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അധികം വൈകാതെ രണ്ടാംമൂഴം വരുമെന്നാണ് പ്രതീക്ഷയെന്നും അശ്വതി പറഞ്ഞു. ദേശാഭിമാനി പത്രത്തോട് സംസാരിക്കുകയായിരുന്നു അശ്വതി.

‘മലയാളികൾ എത്ര ആഗ്രഹിക്കുന്നോ അതിലേറെ രണ്ടാമൂഴം സിനിമയായികാണാൻ അച്ഛനും ആഗ്രഹിക്കുന്നുണ്ട്. മനോരഥങ്ങളുടെ പണി കഴിഞ്ഞപ്പോൾ അച്ഛൻ അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റും എന്ന ധൈര്യം മനോരഥങ്ങൾ സമ്മാനിച്ചിട്ടുണ്ട്. മലയാളികൾ ആഗ്രഹിക്കുന്നതുപോലെ അധികം വൈകാതെ രണ്ടാമൂഴം തിയേറ്ററുകളിൽ കാണാൻ കഴിയും,’അശ്വതി പറയുന്നു.

Content Highlight: Aswathi Nair Talk About Randammoozham Movie