മോഹൻലാലിൻറെ അഭിനയ ജീവിതത്തിൽ മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള എഴുത്തുകാരനാണ് എം.ടി വാസുദേവൻ നായർ. എം.ടിയുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുക്കി ഇപ്പോൾ സ്ട്രീമിംഗ് നടന്നുകൊണ്ടിരിക്കുന്ന മനോരഥങ്ങൾ എന്ന വെബ് സീരീസിലും മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
അമൃതം ഗമയ, ഉയരങ്ങളിൽ, താഴ്വരം തുടങ്ങി എന്നും ഓർത്തുവെക്കാവുന്ന മോഹൻലാൽ കഥാപാത്രങ്ങളാണ് താരത്തിന് എം.ടി നൽകിയിട്ടുള്ളത്. എം.ടി വാസുദേവൻ നായർക്ക് ഇഷ്ടപെട്ട മോഹൻലാൽ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ മകൾ അശ്വതി നായർ.
സദയവും താഴ്വാരവും അച്ഛന് ഇഷ്ടമുള്ള മോഹൻലാൽ സിനിമകൾ ആണെന്നും മോഹൻലാലിൻറെ ഏറ്റവും മികച്ച പ്രകടനം കണ്ട ചിത്രമായിരുന്നു സദയമെന്നും അശ്വതി പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അശ്വതി.
‘അച്ഛന് ലാല്‍ സാറിനോട് വലിയ ബഹുമാനമാണ് ഉള്ളത്. അത് എപ്പോഴാണ് മനസിലായതെന്ന് ചോദിച്ചാല്‍, കാവാലം സാറിന്റെ കര്‍ണഭാരം എന്ന നാടകത്തില്‍ ലാല്‍ സാര്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു.
സംസ്‌കൃതത്തിലായിരുന്നു ആ നാടകം. അതിന്റെ ആദ്യത്തെ പ്രദര്‍ശനം കാണാന്‍ അച്ഛനും ഉണ്ടായിരുന്നു. നാല് ദിവസം കഴിഞ്ഞ് അത് ഒന്നുകൂടി കളിച്ചു. അത് കാണാനും അച്ഛന്‍ പോയി. ഒരു ആര്‍ട്ടിസ്റ്റിന്റെ പെര്‍ഫോമന്‍സ് കാണാന്‍ വേണ്ടി അച്ഛന്‍ അങ്ങനെ പോവാറില്ല.
അന്ന് ഒന്നും പറയാതെയാണ് അച്ഛന്‍ അവിടന്ന് ഇറങ്ങിയത്. പിന്നീട് കുറെ കാലം കഴിഞ്ഞ് ലാല്‍ സാര്‍ അച്ഛനെ ഒറ്റയ്ക്ക് കിട്ടിയപ്പോഴാണ് നാടകത്തെ പറ്റി ചോദിക്കുന്നത്. അപ്പോഴാണ് അച്ഛന്‍ അതിനെപ്പറ്റി പറഞ്ഞത്. അതുപോലെ താഴ്‌വാരവും സദയവും അച്ഛന് ഇഷ്ടപ്പെട്ട സിനിമകളാണ്. സദയം അദ്ദേഹത്തിന്റെ ഒരു മികച്ച വർക്കാണ്. അച്ഛന്റെ തിരക്കഥകളിൽ ലാൽ സാർ ചെയ്ത മികച്ച പ്രകടനം സദയമാണ്.
അതുപോലെ ഭരതൻ അങ്കിളിന്റെ താഴ്വരം. നാല് പ്രധാന കഥാപാത്രങ്ങൾ മാത്രമുള്ള മികച്ച സിനിമയാണത്. വൈൽഡ് വെസ്റ്റിന്റെ എല്ലാ എലമെന്റ്സും കാച്ചി കുറുക്കിയ സിനിമയാണ് താഴ്വരം. അത് ഇടയ്‌ക്കൊക്കെ കാണുമ്പോള്‍ അച്ഛന്‍ ലാല്‍ സാറിനെപ്പറ്റി സംസാരിക്കും. അദ്ദേഹത്തോട് അച്ഛനുള്ള ബഹുമാനം ആ വാക്കുകളില്‍ നിന്ന് എനിക്ക് മനസിലായി,’ അശ്വതി പറഞ്ഞു.
Content Highlight: Aswathi Nair Talk About Mohanlal’s Acting