പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട് കഥാപാത്രമായിരുന്നു നായകനായ അരുണിന്റെ സുഹൃത്തിന്റെ കഥാപാത്രമായ ആന്റണി താടിക്കാരന്‍. പുതുമുഖതാരമായ അശ്വത്ത് ലാലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
‘ഷൂട്ടിന്റെ ആദ്യദിവസം എന്നെ പ്രണവിന്റെ അടുത്ത് ഇരുത്തി. സംസാരിച്ച് തുടങ്ങാമെന്ന് ഞാന്‍ വിചാരിച്ചു. ‘ഞാന്‍ ആദ്യമായിട്ടാ സിനിമ, എനിക്ക് ഇതിന്റെ പരിപാടികള്‍ ഒന്നും അറിയില്ല. നമ്മള്‍ തമ്മില്‍ ഒരുപാട് സീന്‍സ് ഉണ്ട്. ഞാന്‍ ചെയ്യുന്നതില്‍ എന്തെങ്കിലും അണ്‍കംഫര്‍ട്ടബിള്‍ ആയി ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍ അപ്പു അതെന്നോട് തുറന്നു പറയണം. ഞാന്‍ അത് മാറ്റിക്കോളം’ എന്ന് അപ്പുവിനോട് പറഞ്ഞു. ഇത് പറഞ്ഞു കഴിയുമ്പോള്‍ ‘അത് കുഴപ്പമില്ലെടാ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ പറയാം’ എന്നൊരു മറുപടിയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ‘ആ’ എന്ന് പറഞ്ഞിട്ട് അപ്പു നേരെയിരുന്നു,’ അശ്വത്ത് പറഞ്ഞു.
‘ഞാനും തിരിഞ്ഞിരുന്നു. ഈശ്വരാ എന്തിനിത് പറഞ്ഞു. ഒന്നും പറയണ്ടായിരുന്നു. വിനീതേട്ടന്‍ പറയുന്നത് ചെയ്തിട്ട് അങ്ങ് പോയാല്‍ മതിയാരുന്നു എന്നൊക്കെ ഞാന്‍ വിചാരിച്ചു. അപ്പോള്‍ അപ്പു എന്നെ തോണ്ടിയിട്ട് പറഞ്ഞു ‘എനിക്കും ഈ പരിപാടി വലുതായിട്ട് അറിയത്തില്ല. ഞാന്‍ ചെയ്യുന്നതില്‍ നിനക്കെന്തെങ്കിലും അണ്‍കംഫര്‍ട്ട് ആയിട്ട് ഫീല്‍ ചെയ്യുകയാണെങ്കില്‍ എന്നോട് പറയണം. എന്ന് പറഞ്ഞു,’ അശ്വത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു.
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തെ പറ്റി പോസിറ്റീവായ റിവ്യൂകളാണ് പുറത്ത് വരുന്നത്.
പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠന്റെ 18 വയസ് മുതലുള്ള ജീവിതമാണ് സിനിമയുടെ കഥാപരിസരം.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.
ഹൃദയത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നെങ്കിലും 21 ന് തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് വിനീത് ശ്രീനിവാസന്‍ തന്നെ രംഗത്ത് വന്നിരുന്നു.
വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. അജു വര്‍ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.’
ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.