പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ അശ്വത് ലാല്‍ ആന്റണി താടിക്കാരന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. ചിത്രത്തിൽ പ്രണവിനോടൊപ്പം അശ്വത് ലാലും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പ്രണവ് മോഹൻലാലുമൊത്തുള്ള രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അശ്വത്. ചിത്രത്തിന്റെ ലൊക്കേഷൻ മൂന്നാർ ആയിരുന്നെന്നും പ്രണവിന് ട്രക്കിങ്ങും പരിപാടിയും ഇഷ്ടമുള്ളത്കൊണ്ട് രാവിലെയൊക്കെ നടക്കാൻ പോകുമെന്നും അശ്വത് പറഞ്ഞു.
ഒരു ദിവസം താൻ ഫോൺ നോക്കിയിരുന്നപ്പോൾ ഒരു ലോറിയുടെ സൈഡിൽ നിന്ന് പ്രണവിന്റെ കൂടെയുള്ള ഫോട്ടോ ഒരാൾ പങ്കുവെച്ചത് കണ്ടെന്നും അശ്വത് പറഞ്ഞു. ആ ഫോട്ടോക്ക് താഴെ ട്രിപ്പിന് പോയപ്പോൾ യാദൃശ്ചികമായി പ്രണവിനെ കണ്ടു എന്ന ക്യാപ്ഷനോട് കൂടെ വലിയ ടെക്സ്റ്റ് ഇട്ടിട്ടുണ്ടെന്ന് അശ്വത് കൂട്ടിച്ചേർത്തു. പ്രണവിനെ കണ്ടപ്പോൾ ഇന്ന് നടക്കാൻ പോയിരുന്നോയെന്ന് ചോദിച്ചെന്നും ഫോട്ടോ കണ്ട കാര്യം പറഞ്ഞെന്നും അശ്വത് മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ലൊക്കേഷൻ മൂന്നാർ ആയതുകൊണ്ട് നടത്തം കയറ്റം പരിപാടിയൊക്കെ പ്രണവിന് ഇഷ്ടമാണല്ലോ. രാവിലെ മുതൽ വൈകീട്ട് വരെ ഷൂട്ട് ഉണ്ടാവും. രാവിലെ ഒരു അഞ്ചോ ആറോ മണി ആകുമ്പോൾ പ്രണവ് നടക്കാൻ പോകും. ഒരു ദിവസം രാവിലെ ഞാൻ ഫോണിൽ നോക്കിയിരുന്നപ്പോൾ ഒരു ചേട്ടൻ ഇങ്ങനെ ഫോട്ടോ എടുത്ത് ഇട്ടിരിക്കുകയാണ്.
ഒരു ലോറിയുടെ സൈഡിൽ നിന്ന് ഒരു ചേട്ടൻ ഫോട്ടോ ഇട്ടിട്ടുണ്ട്. യാദൃശ്ചികമായി ഞാൻ മൂന്നാറിൽ ട്രിപ്പിന് പോയപ്പോൾ പ്രണവിനെ കണ്ടു എന്നൊക്കെ പറഞ്ഞു ഒരു വലിയ ടെക്സ്റ്റ് ഇട്ടിട്ടുണ്ട്. പ്രണവ് എന്റെ അടുത്തിരുന്നപ്പോൾ ഇന്ന് നടക്കാൻ പോയോ എന്ന് ചോദിച്ചു. പോയെന്ന് പറഞ്ഞപ്പോൾ എന്നാൽ അത് വന്നിട്ടുണ്ട് കേട്ടോ എന്ന് ഞാൻ പറഞ്ഞു,’അശ്വത് പറയുന്നു.
Content Highlight: Aswath lal about pranav mohanlal’s tracking in location