സിനിമാ റിവ്യൂകളെ കുറിച്ച് വലിയ സംവാദങ്ങൾ നടക്കുന്ന സമയമാണിപ്പോൾ. സിനിമാ നിരൂപണത്തെ കുറിച്ച് വിമർശനങ്ങൾ ഉയർന്നു വരുമ്പോഴും ഇതിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് സിനിമാ മേഖലയിലും നിലനിൽക്കുന്നത്.
സിനിമാ നിരൂപണത്തിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് അശ്വന്ത് കോക്ക്. സോഷ്യൽ മീഡിയയിൽ വലിയ ഫോളോവേർസുള്ള അശ്വന്ത് മിക്ക സിനിമകളെ കുറിച്ചും നിരൂപണം നടത്താറുണ്ട്.
ഈയിടെ സൂപ്പർ ഹിറ്റായ ജയിലർ എന്ന ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് അശ്വന്ത്.
ലൂസിഫറിന് ശേഷം താൻ പൂർണമായി ആസ്വദിച്ചു കണ്ടൊരു മോഹൻലാൽ ചിത്രം ജയിലറാണ് എന്നാണ് അശ്വന്ത് പറയുന്നത്.
ലാലേട്ടൻ എന്നത് ചെറുപ്പം മുതലേ രക്തത്തിൽ ചേർന്ന് പോയ ഒരു കാര്യമാണെന്നും അതുകൊണ്ടാണ് ചിത്രത്തിലെ ക്ലൈമാക്സ് ഭാഗങ്ങൾ കണ്ടപ്പോൾ ആവേശം തോന്നിയതെന്നും അശ്വന്ത് കൂട്ടിച്ചേർത്തു.
ജയിലർ എന്ന ചിത്രത്തെ കുറിച്ചും അതിലെ മോഹൻലാലിൻറെ മാത്യു എന്ന കഥാപാത്രത്തെ കുറിച്ചും എന്തുകൊണ്ടാണ് വളരെ നല്ല അഭിപ്രായം പറഞ്ഞതെന്ന ചോദ്യത്തിന് ബിഹൈൻഡ് വുഡ്‌സിനോട് മറുപടി പറയുകയായിരുന്നു അശ്വന്ത്.
‘2019 ൽ ഇറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിനുശേഷം ഞാൻ പൂർണമായി ആസ്വദിച്ചു കണ്ടൊരു മോഹൻലാൽ ചിത്രം ദൃശ്യം 2 ആണ്. പക്ഷെ അത് ഒ.ടി.ടി റിലീസ് ആയിരുന്നു. അതുകൊണ്ട് തന്നെ തിയേറ്റർ എക്സ്പീരിയൻസ് നഷ്ടമായി. പിന്നീട് വന്നിട്ടുള്ള ചിത്രങ്ങൾ വളരെ മോശമാണെന്ന് മാത്രമല്ല, മോഹൻലാൽ എന്ന നടന്റെ മൊത്തം കരിയറിൽ തുടർച്ചയായി ഇത്രയും മോശം ചിത്രങ്ങളും മോശം പ്രകടനങ്ങളും വന്ന സമയമായിരുന്നു.
അതുകൊണ്ട് ജയിലർ കാണുമ്പോൾ എനിക്കൊരു പ്രതീക്ഷയുമില്ലായിരുന്നു. ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ എനിക്ക് വലിയ പ്രതീക്ഷയില്ലായിരുന്നു. പിന്നെ ലാലേട്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോഴും എനിക്കൊരു കോമഡി പീസ് ആയിട്ടാണ് തോന്നിയത്. ആ കോസ്റ്റ്യൂം ആണെങ്കിലും വിഗ്ഗ് ആണെങ്കിലും ഒട്ടും ചേരാത്ത പോലെയായിരുന്നു.
പിന്നെ സിനിമ കണ്ടപ്പോഴാണ് അതിൽ ലാലേട്ടന് കൊടുത്തിരിക്കുന്ന സ്പേസും അതിന്റെ ഒരു ഓറയും ആ കഥാപാത്രം രൂപീകരണവും ലാലേട്ടന്റെ സ്വാഗിന്റെ ഒരു ഭാഗമാണെന്ന് മനസിലായത്. ലൂസിഫറിന് ശേഷം ഉറങ്ങി കിടന്നിരുന്ന സിംഹം ഉയർത്തെഴുന്നേറ്റ പോലെ ആയിരുന്നു ഒരു ഫാൻ എന്ന നിലയിൽ എനിക്ക് തോന്നിയത്.
ജയിലറിലെ ഫസ്റ്റ് ഇൻട്രോ കഴിഞ്ഞ് സെക്കന്റ് ഇൻട്രോ വന്നപ്പോഴേക്കും കൈവിട്ട് പോയി. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി. കാരണം അത് ചെറുപ്പം മുതലേ രക്തത്തിൽ ചേർന്ന് പോയ ഒന്നാണ്. അത് അറിയാതെ പുറത്തേക്ക് വന്നതാണ്. അതുകൊണ്ടാണ് ആ സീനിനെ കുറിച്ച് തുറന്ന് പറഞ്ഞത്,’അശ്വന്ത് കോക്ക് പറയുന്നു.
Content Highlight: Aswanth Kok Talk About Role Of Mohanlal In Jailer Film