| Wednesday, 1st November 2023, 5:12 pm

അഞ്ചു ഭാഷയിൽ ടൈറ്റിൽ എഴുതിയാൽ പാൻ ഇന്ത്യൻ ആവില്ല, വിജയ് പോലും പാൻ ഇന്ത്യൻ സ്റ്റാർ അല്ല: അശ്വന്ത് കോക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ പാൻ ഇന്ത്യൻ ചിത്രം എന്ന ലേബലിൽ വലിയ ഹൈപ്പോടെ മലയാളത്തിലിറങ്ങിയ ദുൽഖർ സൽമാൻ ചിത്രമായിരുന്നു കിങ് ഓഫ് കൊത്ത. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. സിനിമകൾ റിവ്യൂ ചെയ്യുന്നതിനെ കുറിച്ച് വ്യത്യസ്തമായ നിലപാടുകളാണ് നിലവിലുള്ളത്.

സിനിമാ നിരൂപണം വലിയ ചർച്ചയായി കൊണ്ടിരിക്കുന്ന സമയത്ത് പാൻ ഇന്ത്യൻ ചിത്രങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് ശ്രദ്ധേയനായ സിനിമാ നിരൂപകൻ അശ്വന്ത് കോക്ക്. കിങ് ഓഫ് കൊത്തയെന്ന സിനിമയെ പരാമർശിച്ചുകൊണ്ടായിരുന്നു മീഡിയ വണിനോട്‌ അശ്വന്ത് സംസാരിച്ചത്.

‘പാൻ ഇന്ത്യൻ സിനിമയെന്നാൽ മലയാളത്തിൽ ഒരു തെറ്റിധാരണയുണ്ട്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും അങ്ങനെ എല്ലാ ഭാഷയിലും പേരെഴുതിയാൽ അതൊരു പാൻ ഇന്ത്യൻ ചിത്രമാവില്ല. പ്രാദേശികമായ ഒരു സിനിമ ഇന്ത്യയൊട്ടാകെ വിജയിക്കുമ്പോഴാണ് ഒരു പാൻ ഇന്ത്യൻ ചിത്രമായി മാറുന്നത്. അങ്ങനെ വിജയിക്കുന്ന ചിത്രങ്ങളിലെ താരങ്ങളാണ് പാൻ ഇന്ത്യൻ സ്റ്റാറായി മാറുന്നത്.

അതിനെ ഏറ്റവും വലിയ ഉദാഹരണമാണ് കെ.ജി.എഫ് എന്ന ചിത്രം. കെ.ജി.എഫ് ഒന്ന് ഇറങ്ങിയത് കന്നഡ ഭാഷയിൽ മാത്രമായിരുന്നു. അന്ന് നടൻ യാഷിനെയും കന്നഡ ഇൻഡസ്ട്രിയേയും ഒന്നും ആർക്കും അറിയില്ലായിരുന്നു. അത് കേരളത്തിലും എല്ലായിടത്തും ഹിറ്റ്‌ ആവുന്നു. അങ്ങനെ കെ.ജി.എഫ് 2 വരുമ്പോഴേക്കും യാഷ് ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറി.

രാജമൗലി സിനിമകൾ തെലുങ്കിലെ പ്രാദേശിക സിനിമകളാണ്. ബഹുബലിയെല്ലാം അതിന് ഉദാഹരണമാണ്. ഇവിടെ മലയാളത്തിൽ പാൻ ഇന്ത്യൻ സിനിമ എന്ന് പറഞ്ഞാണ് കിങ് ഓഫ് കൊത്ത സിനിമ ഒരുക്കിയത്. ദുൽഖർ സൽമാൻ നായകനായി അഞ്ച് ഭാഷയിലും ടൈറ്റിൽ എഴുതി കാണിച്ചാൽ അത് പാൻ ഇന്ത്യൻ ചിത്രമാവില്ല. ദുൽഖർ പാൻ ഇന്ത്യൻ സ്റ്റാർ ആവുകയുമില്ല.

മലയാളത്തിൽ സ്വാഭാവികമായ ഒരു സിനിമയെടുത്തിട്ട് അത് ഇന്ത്യ മൊത്തം എല്ലാ ഭാഷയിലേക്കും ഡബ്ബ് ചെയ്യപ്പെടുകയും ആ ഒരൊറ്റ സിനിമ വഴി ഇന്ത്യ മൊത്തം ആരാധകരുള്ള ഒരു താരമായി അതിലെ നടൻ ഉയർന്നാൽ മാത്രമേ ഒരു പാൻ ഇന്ത്യൻ സ്റ്റാർ ഉണ്ടാവുകയുള്ളൂ. ഞാൻ പാൻ ഇന്ത്യൻ നടനാണ് എന്ന് പറഞ്ഞാൽ പാൻ ഇന്ത്യൻ സ്റ്റാർ ആവില്ല.

തമിഴിലെ വിജയ് പോലും പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ അല്ല. സൗത്ത് ഇന്ത്യയിൽ മാത്രമേ വിജയ്ക്ക് പവർ ഉള്ളു. കമൽ ഹാസൻ എല്ലാം പാൻ ഇന്ത്യൻ സ്റ്റാറാണ്.

പക്ഷെ അതുപോലെ ഒരു സ്റ്റാർ എന്ന് പറയാൻ മലയാളത്തിൽ നിലവിൽ ആരുമില്ല. മോഹൻലാൽ അടക്കമുള്ള മലയാള നടന്മാർക്കും സൗത്ത് ഇന്ത്യയിൽ മാത്രമേ ആരാധകർ ഉള്ളു,’ അശ്വന്ത് കോക്ക് പറയുന്നു.

Content Highlight: Aswanth Kok Talk About Pan Indian Cinema And Pan Indian Stars

We use cookies to give you the best possible experience. Learn more