സിനിമ റിവ്യൂകളെ കുറിച്ചുള്ള വലിയ ചർച്ചകളാണ് നിലവിൽ നടന്ന് കൊണ്ടിരിക്കുന്നത്. സംഭവത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ആളുകൾക്ക് ഉള്ളത്. സിനിമ നിരൂപണത്തിലൂടെ വലിയ രീതിയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് അശ്വന്ത് കോക്ക്.
തന്റെ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണെന്നും പണ്ട് താനൊരു കടുത്ത മോഹൻലാൽ ആരാധകൻ ആയിരുന്നുവെന്നും മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ അശ്വന്ത് കോക്ക് പറഞ്ഞു. പലപ്പോഴായി മോഹൻലാലിനെ കുറിച്ച് അശ്വന്ത് കോക്ക് അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. അതിന്റെ കാരണം എന്താണെന്ന് പറയുകയാണ് അശ്വന്ത്.
‘ഞാൻ കടുത്ത മോഹൻലാൽ ആരാധകൻ ആയിരുന്നു. പക്ഷെ ഒടിയൻ എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹത്തിന് വന്ന മാറ്റങ്ങൾ അഭിനയത്തിലും പ്രതിഫലിച്ചു. ഓടിയന് ശേഷമുള്ള പോസ്റ്റ് ബോട്ടക്സ് സമയത്ത് അദ്ദേഹം യാതൊരു വിധത്തിലുള്ള ക്വാളിറ്റിയും ഇല്ലാത്ത പ്രകടനമായിരുന്നു അഭിനയത്തിൽ കാഴ്ചവെച്ചത്. ആ സമയത്ത് എനിക്ക് തന്നെ മടുത്തു.
ഒരു നടനോട് അമിതമായ ആരാധന തോന്നിയാൽ നമുക്ക് ദേഷ്യവും തോന്നും. അത് ചിലപ്പോൾ നമ്മുടെ ഇഷ്ടക്കൂടുതൽ കൊണ്ടായിരിക്കും. ആ സമയത്ത് സ്വാഭാവികമായും എന്താണ് ഇദ്ദേഹം ചെയ്യുന്നതെന്ന് തോന്നി പോവും.
മനപ്പൂർവ്വമല്ല അദ്ദേഹത്തിന്റെ അഭിനയത്തെ ഞാൻ വിമർശിക്കുന്നത്. വിമർശികാനുള്ള സാഹചര്യം അദ്ദേഹം തന്നെ ഉണ്ടാക്കിയത് കൊണ്ടാണ് ഞാൻ അത്തരത്തിലുള്ള അഭിപ്രായങ്ങൾ പറഞ്ഞത്.
മമ്മൂട്ടിയുടെ കാര്യം പറയുകയാണെങ്കിൽ എല്ലാവരെയും പോലെ എനിക്കും അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷെ അദ്ദേഹത്തോട് ആരാധനയൊന്നുമില്ല. ഒരു സമയത്ത് അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെയും ഞാൻ വിമർശിച്ചിട്ടുണ്ടായിരുന്നു.