സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോയിങ്ങുള്ള റിവ്യൂവറാണ് അശ്വന്ത് കോക്ക്. തനിക്ക് ഇഷ്ടമാകാത്ത സിനിമകളെ വലിച്ചുകീറി വിമര്‍ശിക്കുന്നതിനോടൊപ്പം ആ സിനിമയില്‍ ചര്‍ച്ചയാകുന്ന ഗെറ്റപ്പിലുള്ള അവതരണവുമാണ് അശ്വന്ത് കോക്കിനെ വ്യത്യസ്തനാക്കുന്നത്. ഫേസ്ബുക്കില്‍ ഏറ്റവുമധികം വെറുപ്പ് പടര്‍ത്തുന്ന എഫ്.എഫ്.സി എന്ന ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു അശ്വന്ത് കോക്ക്.
കടുത്ത മോഹന്‍ലാല്‍ ആരാധകനാണ് താനെന്ന് പലകുറി പറഞ്ഞിട്ടുള്ള അശ്വന്ത് തന്റെ റിവ്യൂകളെല്ലാം ഫാനിസം കലരാത്തതാണെന്ന് സമര്‍ത്ഥിക്കാറുണ്ട്. എന്നിരുന്നാലും അയാളുടെ റിവ്യൂ പലപ്പോഴും ജനുവിന്‍ അല്ലെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിന് റിവ്യൂ ചെയ്ത സമയത്തും ഇത്തരത്തില്‍ ഒരു പരാമര്‍ശം അശ്വന്ത് നടത്തിയിരുന്നു.
റൈഫിള്‍ ക്ലബ്ബില്‍ മമ്മൂട്ടിയെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗമാണ് അശ്വന്തിനെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകനായ ആഷിക് അബുവിനെ ‘മട്ടാഞ്ചേരി ഗ്യാങ്ങിന്റെ തലവന്‍’ എന്ന് സോഷ്യല്‍ മീഡിയയിലെ വലതുപക്ഷ പേജുകള്‍ വിശേഷിപ്പിക്കുന്നുണ്ട്. ഇതാണ് അശ്വന്തിനെപ്പോലെ ഒരുപാട് ഫോളോവേഴ്‌സുള്ള റിവ്യൂവര്‍ തന്റെ റിവ്യൂവില്‍ ഉപയോഗിച്ചത്.
ആഷിക് അബു, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരെല്ലാമാണ് മട്ടാഞ്ചേരി ഗ്യാങ്ങിലുള്ളതെന്ന് വലതുപക്ഷ പേജുകള്‍ പറഞ്ഞുവെക്കുന്നത്. അവരെല്ലാം മമ്മൂട്ടിയെ താങ്ങിനടക്കുന്നവരാണെന്നും അതുകൊണ്ടാണ് സിനിമയില്‍ അത്തരമൊരു റഫറന്‍സ് കൊണ്ടുവന്നതെന്നും അശ്വന്ത് പറഞ്ഞു. മഹേഷിന്റെ പ്രതികാരത്തിലും ഇത്തരത്തില്‍ മമ്മൂട്ടിയെ അനാവശ്യമായി പൊക്കിപ്പറയുന്നുണ്ടെന്നും അശ്വന്ത് പറഞ്ഞുവെക്കുന്നുണ്ട്.
ഇതിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കഥയുമായി യാതൊരു ബന്ധവുമില്ലാത്ത മമ്മൂട്ടി റഫറന്‍സ് അശ്വന്തിനെ ചൊടിപ്പിച്ചെന്നും അയാളിലെ പഴയ എഫ്.എഫ്.സി അഡ്മിന്‍ അത് കേട്ട് പ്രകോപിതനായെന്നുമാണ് പലരും അഭിപ്രായപ്പെട്ടത്. കോക്കിന്റെ അജണ്ട കൃത്യമായി ഈ വാക്കുകളിലൂടെ കാണാന്‍ സാധിച്ചെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വീഡിയോയുടെ കമന്റ് ബോക്‌സില്‍ അശ്വന്ത് കോക്കിനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതല്‍
‘മട്ടാഞ്ചേരി മാഫിയക്ക് കണക്കിന് കൊടുത്തു’, ‘സാറ്റിസ്ഫാക്ഷന്‍ ലെവല്‍ പീക്ക്’, ‘പ്രിവിലേജ് ചിലര്‍ക്ക് മാത്രമുള്ളതല്ല’ എന്നിങ്ങനെയാണ് കോക്ക് അനുകൂലികളുടെ കമന്റ്. അശ്വന്ത് കോക്ക് മനഃപൂര്‍വം മോശം റിവ്യൂ പറഞ്ഞ് സിനിമയെ തകര്‍ക്കുന്നു എന്ന് പല നിര്‍മാതാക്കളും അടുത്തിടെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ തന്റെ റിവ്യൂ കണ്ട് ആരും സിനിമ കാണാതിരിക്കില്ല എന്നായിരുന്നു അത്തരം വാദങ്ങളോടുള്ള കോക്കിന്റെ മറുപടി.
Content Highlight: Aswanth Kok’s review about Rifle Club movie discussing on social media