|

റിവ്യൂവറാകുമ്പോള്‍ പടത്തിലെ നടന്മാരുടെ പേരെങ്കിലും അറിഞ്ഞുവെച്ചുകൂടെ, പ്രധാന താരത്തിന്റെ പേരറിയാത്ത റിവ്യൂവുമായി അശ്വന്ത് കോക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വരവേല്പാണ് എമ്പുരാന് ലഭിച്ചത്. രാത്രി നേരം വൈകിയും 500ലധികം തിയേറ്ററുകളില്‍ എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രം പ്രതീക്ഷിച്ച നിലവാരത്തില്‍ എത്തിയില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ഇതില്‍ പ്രശസ്ത റിവ്യൂവര്‍ അശ്വന്ത് കോക്കുമുണ്ട്. തന്റെ സ്ഥിരം ശൈലിയില്‍ തന്നെയാണ് എമ്പുരാന്റെ റിവ്യൂവും അശ്വന്ത് അവതരിപ്പിച്ചത്. ചിത്രത്തിന്റേ മേക്കിങ്ങെല്ലാം മികച്ചതാണെന്ന് അഭിപ്രായപ്പെട്ട അശ്വന്ത് തിരക്കഥയെയാണ് പ്രധാനമായും വിമര്‍ശിക്കുന്നത്. കെട്ടുറപ്പില്ലാത്ത തിരക്കഥയും ഖുറേഷി അബ്രാമായിട്ടുള്ള മോഹന്‍ലാലിന്റെ ഗെറ്റപ്പും തനിക്ക് ഇഷ്ടമായില്ലെന്ന് അശ്വന്ത് പറഞ്ഞു.

എന്നാല്‍ 100ന് മുകളില്‍ ചിത്രങ്ങള്‍ റിവ്യൂ ചെയ്തിട്ടുള്ള അശ്വന്തിന് എമ്പുരാനിലെ പ്രധാന കഥാപാത്രത്തെ മനസിലായിട്ടില്ല. സിനിമയുടെ പ്രധാന പോയിന്റില്‍ വരുന്ന നടനെ ‘ചൈനീസ് റെസ്‌റ്റോറന്റില്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നയാള്‍’ എന്നാണ് അശ്വന്ത് അഭിസംബോധന ചെയ്തത്. എമ്പുരാനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ടത് ഈ നടന്റെ പേരായിരുന്നു. (സ്‌പോയിലറായതിനാല്‍ പറയുന്നതില്‍ തടസ്സമുണ്ട്)

സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കുമ്പോള്‍ അതിലെ നടന്മാരുടെ പേര് മനസിലാക്കുക എന്ന മിനിമം കാര്യമെങ്കിലും അശ്വന്ത് ചെയ്യണമായിരുന്നു. എന്നാല്‍ റിവ്യൂ വീഡിയോയില്‍ അനാവശ്യ പരാമര്‍ശം ഇതാദ്യമായല്ല, റൈഫിള്‍ ക്ലബ്ബിന്റെ റിവ്യൂ പറയുന്നതിനിടെ ‘മട്ടാഞ്ചേരി മാഫിയ മമ്മൂട്ടിയെ സുഖിപ്പിക്കുന്നെന്നും മോഹന്‍ലാലിനെ ഇകഴ്ത്തുന്നത് അവരുടെ സ്ഥിരം പരിപാടിയാണെന്നും’ അശ്വന്ത് കോക്ക് പറഞ്ഞിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സില്‍ പ്രധാനവേഷത്തിലെത്തിയ ഖാലിദ് റഹ്‌മാനെ അറിയാതെ ‘ഡ്രൈവര്‍ ചേട്ടന്‍’ എന്ന് അഭിസംബോധന ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. തല്ലുമാലയുടെ റിവ്യൂവില്‍ ഖാലിദ് റഹ്‌മാനെ പൊക്കിയടിച്ച അശ്വന്തിന് അദ്ദേഹത്തെ സിനിമയില്‍ കണ്ടപ്പോള്‍ മനസിലാകാത്തതിനെ വിമര്‍ശിച്ചിരുന്നു.

സിനിമാപ്രേമിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അശ്വന്ത് കോക്ക് എമ്പുരാന്‍ പോലൊരു വലിയ ചിത്രം സ്‌പോയിലറോടുകൂടിയാണ് റിവ്യൂ ചെയ്തത്. മോഹന്‍ലാല്‍ ഫാന്‍ കൂടിയായ അശ്വന്തിന്റെ ഈ പ്രവൃത്തിക്കെതിരെ ആരും രംഗത്ത് വന്നില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍ ഇത്തരം റിവ്യൂസ് ചിത്രത്തെ ബാധിക്കുന്നില്ലെന്നാണ് എമ്പുരാന്റെ കളക്ഷന്‍ സൂചിപ്പിക്കുന്നത്.

Content Highlight: Aswanth Kok don’t know the name of character appeared in Empuraan