തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമകളെ ബോധപൂര്‍വം മോശമാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ റിവ്യൂവര്‍മാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കോടതി ഇടപെടലുകള്‍ വന്നതും അടുത്തിടെയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസമിറങ്ങിയ ബാന്ദ്ര സിനിമയെ കുറിച്ച് അശ്വന്ത് കോക്ക് ഉള്‍പ്പെടെയുള്ളവള്‍ ചെയ്ത റിവ്യൂകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
അശ്വന്ത് കോക്ക്, ഷസാം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട റിവ്യൂവര്‍മാരെല്ലാം സജീവമായി തന്നെ റിവ്യൂകള്‍ ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ദിലീപ് ചിത്രം ബാന്ദ്രയുടേതുള്‍പ്പെടെയുള്ള ഇവരുടെ റിവ്യൂകള്‍ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആയതുകൊണ്ട് തന്നെ വന്‍ സ്വീകാര്യതയാണ് അശ്വന്ത് കോക്കിന്റെ റിവ്യൂവിനുള്‍പ്പെടെ ലഭിക്കുന്നത്.
‘അശ്വന്ത് കോക്കിന്റെ ഒരു സിനിമാ റിവ്യു ആദ്യമായിട്ട് മുഴുവനായി കണ്ടു. ബാന്ദ്രയുടെ. അത്യധികമായി രസിച്ചു. സിനിമാക്കാര്‍ ഇനിയും നിറയെ ഇത്തരം സിനിമകളെടുക്കട്ടെ, അപ്പോ ഇത്തരം രസികന്‍ റിവ്യൂസ് ഇനിയും കേള്‍ക്കാന്‍ പറ്റുമല്ലോ എന്ന് ഭാവിയെ പറ്റി ശുഭാപ്തിവിശ്വാസം വന്നു. സന്തോഷവും.
ചേപ്ര വിഗ്ഗ് എന്ന് ഒരിടത്ത് അശ്വന്ത് പറയുന്നത് കേട്ടപ്പോള്‍ ഒരു എക്‌സ്ട്രാ സന്തോഷം തോന്നി. ചേപ്ര എനിക്ക് ഇഷ്ടമുള്ളൊരു വടക്കന്‍ വാക്കാണ്, അധികമാരും പ്രയോഗിച്ച് കാണാത്തതും. റിവ്യൂനുള്ള എന്റെ റേറ്റിംഗ് – 8/10 എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.
അങ്ങേരുടെ റിവ്യൂ വീഡിയോയുടെ യൂട്യൂബ് റൈറ്റ്‌സ് വാങ്ങിയാല്‍ പടത്തിന്റെ നിര്‍മാതാക്കള്‍ക്ക് തിയേറ്റര്‍ കളക്ഷനേക്കാള്‍ വരുമാനം ഉണ്ടാക്കാമെന്നും അശ്വന്തിന്റെ റിവ്യൂ കാരണം ഈ സിനിമ കാണാന്‍ തീരുമാനിച്ചെന്നും ആരാണ് എന്റര്‍ടൈന്‍മെന്റ് ആഗ്രഹിക്കാത്തത് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് വരുന്നത്.
‘ആരെയും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്. ഇന്നലെ ഒരുമണിയോടെയാണ് ഞാനീ റിവ്യു കാണുന്നത്. അപ്പോഴേക്കും അരലക്ഷത്തിലധികം പേര്‍ അത് കണ്ടുകഴിഞ്ഞിരുന്നു.
സര്‍ഗാത്മകപ്രവര്‍ത്തനത്തെ, അതത് കാലത്തെ മാധ്യമങ്ങളിലൂടെ വിലയിരുത്തുക, വിമര്‍ശിക്കുക എന്നതെല്ലാം ലോകരീതിയാണ്. അതത് കാലത്തെ സൃഷ്ടികള്‍ക്ക് അതിനര്‍ഹിക്കുന്ന വിമര്‍ശനവും ലഭിക്കും. അതില്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ മാത്രമാണ് പ്രശ്നം.
ബ്ലാക്ക് മെയിലിങ്ങായും മറ്റുമൊക്കെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെ ആ നിലയില്‍ തന്നെ നേരിടണം. എന്നാല്‍ സിനിമപോലുള്ള മാധ്യമത്തിനെതിരായ വിമര്‍ശനം മാത്രം സര്‍ഗാത്മകല്ല, അത് ക്രൈമാണ് എന്ന് പ്രഖ്യാപിക്കുക, എന്നിട്ട് പൊലീസിനെയും കോടതിയെയും ഉപയോഗിച്ച് റെഡിയാക്കാനിറങ്ങിത്തിരിക്കുക, എന്തൊക്കാണ് ഈ നാട്ടില്‍ നടക്കുന്നത്.
സ്വന്തം കഴിവ് കേട് മറയ്ക്കാന്‍ കോടതിയെ പോലും ദുരൂപയോഗം ചെയ്യുന്ന കാഴ്ചകള്‍. ഒരു ക്യാമറയും ഒരു നടന്റെ ഡേറ്റുമുണ്ടെങ്കില്‍ ഞാനെന്തും പടച്ചുവിടുമെന്നും എന്നെ വിമര്‍ശിച്ചാല്‍ കോടതി കയറ്റുമെന്നും പ്രഖ്യാപിച്ച് നടക്കുന്ന ഫാസിസ്റ്റുകള്‍ മനസ്സിലാക്കേണ്ടത്. എല്ലാവരെയും അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യരുത് എന്നാണ്’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ കെ.വി മധു ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം ബാന്ദ്ര സിനിമയെ കുറിച്ചുള്ള മലയാള മനോരമയുടേയും മാതൃഭൂമിയുടേയും ഒരേ തലക്കെട്ടിലുള്ള പോസിറ്റീവ് റിവ്യൂകളും ഇതിനിടെ വിമര്‍ശിക്കപ്പെടുന്നുണ്ട്.
‘മനോരമയും മാതൃഭൂമിയും എത്രയോ വിശ്വാസ്യത ഉള്ള മാധ്യമങ്ങളാണ്. തീര്‍ച്ചയായും അവരിടുന്ന റിവ്യൂസ് ആണ് നമ്മള്‍ വിശ്വസിക്കേണ്ടത്. അല്ലാതെ ഏതോ യൂട്യൂബ് ചാനല്‍ നടത്തുന്ന ഏതോ അശ്വന്ത് കോക്ക് പറയുന്ന റിവ്യൂ ബോംബിങ് കേട്ട് ബാന്ദ്ര കാണാതിരിക്കരുത്.
ഉടനെ പോയി കാണണം. മനോരമയും മാതൃഭൂമിയും നമ്മളെ ഒരിക്കലും പറ്റിക്കില്ല. അവര് സത്യമേ പറയൂ എന്നായിരുന്നു മാതൃഭൂമിയുടേയും മനോരമയുടേയും ഒരേ തലക്കെട്ടിലുള്ള ബാന്ദ്ര റിവ്യൂ പങ്കുവെച്ച് ചിലര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സിനിമയെ ബോധപൂര്‍വം മോശമാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ അടുത്തിടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റാഹേല്‍ മകന്‍ കോര എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. അശ്വന്ത് കോക്ക് ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്.
പുതുതായി റിലീസ് ചെയ്യുന്ന സിനിമകള്‍ തകര്‍ക്കാനുള്ള നെഗറ്റിവ് റിവ്യൂകളുടെ വ്യാപക പ്രചാരണം തടയാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സൂക്ഷ്മവും ശക്തവുമായ നിരീക്ഷണം നടത്തണമെന്നായിരുന്നു ഹൈകോടതി പറഞ്ഞത്. ദുഷ്ടലാക്കോടെ അജ്ഞാത കേന്ദ്രങ്ങളില്‍നിന്ന് പുറപ്പെടുന്ന ഇത്തരം റിവ്യൂകള്‍ക്കെതിരെ ഐ.ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു.
ബ്ലാക്ക് മെയില്‍ ചെയ്യാനും ഭീഷണിപ്പെടുത്തി പണം വാങ്ങാനും അജ്ഞാത കേന്ദ്രങ്ങളില്‍നിന്നുള്ള റിവ്യൂകള്‍ അവസരമൊരുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നെഗറ്റിവ് റിവ്യൂ അല്ല, പണത്തിനായി നെഗറ്റിവ് റിവ്യൂ എഴുതുന്നതാണ് പ്രശ്നമെന്നും റിവ്യൂ ചെയ്യുന്നയാള്‍ പേരടക്കം സ്വയം വെളിപ്പെടുത്താന്‍ നടപടി വേണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. .
ദുരുദ്ദേശ്യത്തോടെയുള്ള, നെഗറ്റീവ് റിവ്യൂകളും റിവ്യൂ ബോംബിങ്ങും തടയാന്‍ തയാറാക്കിയ പ്രോട്ടോക്കോള്‍ സംസ്ഥാന പൊലീസ് മേധാവി കോടതിയില്‍ ഹാജരാക്കിയിരുന്നു.
റിലീസിങ് ദിവസങ്ങളില്‍ നെഗറ്റീവ് റിവ്യൂ നടത്തുന്നതും തിയേറ്ററുകള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ വ്‌ളോഗര്‍മാര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ‘ആരോമലിന്റെ ആദ്യ പ്രണയം’ സംവിധായകന്‍ മുബീന്‍ റഊഫ് അടക്കം നല്‍കിയ ഹരജികളായിരുന്നു കോടതി പരിഗണിച്ചത്. റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ച് വ്‌ളോഗര്‍മാര്‍ റിവ്യൂ ബോംബിങ് നടത്തുന്നുവെന്നായിരുന്നു ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി പറഞ്ഞത്.
Content Highlight: Aswant KOK Review On Bandra Movie and Highcout Verdict