| Saturday, 4th November 2023, 2:05 pm

മമ്മൂക്കയ്ക്ക് പറ്റിയ വില്ലനായിരുന്നോ സുദേവ്; സൗബിന് പകരം ദുല്‍ഖറായിരുന്നെങ്കില്‍ പടം വേറെ ലെവലില്‍ എത്തിയേനെ: ഭീഷ്മപര്‍വത്തെ കുറിച്ച് അശ്വന്ത് കോക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപര്‍വം സിനിമ ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ താന്‍ പ്രതീക്ഷിച്ച രീതിയില്‍ ആ സിനിമ വന്നിട്ടില്ലെന്നത് സത്യമാണെന്നും റിവ്യൂവര്‍ അശ്വന്ത് കോക്ക്. മമ്മൂക്കയെ പോലൊരു നായകന് പറ്റിയ വില്ലനായിരുന്നില്ല സുദേവിന്റെ കഥാപാത്രമെന്നും അമല്‍ നീരദിന്റെ പടമെന്ന നിലയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച പലതും ഭീഷ്മ പര്‍വത്തില്‍ ഉണ്ടായിരുന്നില്ലെന്നും അശ്വന്ത് കോക്ക് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ അമല്‍ നീരദ് എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു സംവിധായകനാണ്. ഭീഷ്മ പര്‍വത്തിന്റെ ടീസര്‍ കണ്ടപ്പോള്‍ വലിയ പ്രതീക്ഷ ഞാന്‍ വെച്ചിരുന്നു. ഒരു കൊറോണക്കാലത്താണ് ഷൂട്ട് ചെയ്തതെന്നും ഒ.ടി.ടി കാലത്താണ് അത് വരുന്നതെന്നുമുള്ള ആനുകൂല്യമൊന്നും നല്‍കി
ഒരു സിനിമ നമുക്ക് തിയേറ്ററില്‍ പോയിരുന്ന് കാണാന്‍ കഴിയില്ല.

അമല്‍നീരദിന്റെ സിനിമയെന്നാല്‍ വലിയ ക്യാന്‍വാസിലാണ് വരാറ്. ഭയങ്കര വില്ലന്‍മാരായിരിക്കും അതിലുണ്ടാകുക. അതുപോലെ ഗോവ, ദുബായ് പോലെ ഒരുപാട് ലൊക്കേഷനുകള്‍ എല്ലാം ഉണ്ടാകും. ഇത് വന്ന് നോക്കുമ്പോള്‍ മൈക്കിളപ്പനും വീട്ടുകാരും ഇങ്ങനെ വീട്ടില്‍ ഇരിക്കുന്നു. മൈക്കിളപ്പന്‍ കുറച്ച് കഴിയുമ്പോള്‍ ഫുള്‍ കിടത്തം ഇതൊക്കെയാണ് നടക്കുന്നത്.

വില്ലനാണ് ആ സിനിമയില്‍ ഏറ്റവും വെറുപ്പിച്ചത്. സുദേവ്. സുദേവ് മമ്മൂക്കയ്ക്ക് പാരലലായി വെക്കാന്‍ പറ്റിയ വില്ലനാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. പ്രത്യേകിച്ച് അമല്‍നീരദിന്റെ പടത്തില്‍. അതുപോലത്തെ വില്ലന്‍മാര്‍ വരണ്ടേ.

സുദേവ് ഒളിച്ചിരുന്ന് പെട്ടെന്ന് വില്ലനായി വരുന്നു. അതുപോലെ സൗബിന്റെ അജാസ് എന്ന കഥാപാത്രം. ഒട്ടും വയ്യാതെയാണ് സൗബിന്‍ ആ കഥാപാത്രം ചെയ്തത്. സൗബിനെ കൊണ്ട് പുള്‍ ഓഫ് ചെയ്യാന്‍ പറ്റിയ കഥാപാത്രമായിരുന്നില്ല. ആ കഥാപാത്രം ഒരുപക്ഷേ ദുല്‍ഖറൊക്കെ ആയിരുന്നു ചെയ്തിരുന്നതെങ്കില്‍ പടം ഏത് ലെവലില്‍ പോയിട്ടുണ്ടാകും. മൊത്തത്തില്‍ ഞാന്‍ പ്രതീക്ഷിച്ചതുപോലെ ആ സിനിമ സാറ്റിസ്‌ഫൈ ചെയ്തിരുന്നില്ല.

അതുപോലെ സൗദി വെള്ളക്ക. അതില്‍ ആ സ്ത്രീ അഭിനയിച്ച കഥാപാത്രത്തോട് എനിക്ക് ഒരു സിംപതിയോ എംപതിയോ തോന്നിയില്ല. അവരെ കണ്ടപ്പോള്‍ എനിക്ക് പേടിയാണ് തോന്നിയത്. അവരുടെ ആക്ടിങ്ങും നാച്ച്വറും ഡബ്ബിങും എല്ലാം വെച്ചിട്ട് എംപതി തോന്നേണ്ടതിന് പകരം ഭയങ്കര ഹൊറര്‍ ഫീലാണ് ഉണ്ടായത്. എനിക്ക് കണക്ടായില്ല. ആ സിനിമയില്‍ ആ കഥാപാത്രം ചെയ്തത് മോശം പ്രവര്‍ത്തിയാണ്. പിന്നെ എന്ത് സെന്റിമെന്റ്‌സാണ് തോന്നേണ്ടത്. വൃത്തികേട് കാണിച്ചിട്ട് സെന്റിമെന്റിസ് പറയുന്നതില്‍ കാര്യമില്ലല്ലോ,’ അശ്വന്ത് കോക്ക് പറഞ്ഞു.

ഒരു സിനിമ തിയേറ്ററില്‍ ഇറങ്ങിയാല്‍ അതിന് ഒരു ബ്രീത്തിങ് സ്‌പേസ് കൊടുക്കണമെന്ന ആവശ്യത്തെ കുറിച്ചും അശ്വന്ത് കോക്ക് സംസാരിച്ചു. ‘ബ്രീത്തിങ് സ്‌പേസ് എന്തിനാണ്? ഇന്‍സ്റ്റന്റായിട്ട് തന്നെ റിവ്യൂ വരണം. ഒരു സിനിമ ഇറക്കിയിട്ട് രണ്ട് ദിവസം ഇവര്‍ മിണ്ടാതിരിക്കുമോ? ജനങ്ങള്‍ പറയട്ടേ എന്ന് വെച്ചിട്ട്.

ഇവര്‍ നേരത്തെ തന്നെ പണം കൊടുത്ത് പോസിറ്റീവ് റിവ്യൂ എഴുതാന്‍ ആളുകളെ വെച്ചിട്ടല്ലേ സിനിമ ചെയ്യുന്നത്. പത്ത് മണിക്ക് സിനിമ ഇറങ്ങുമ്പോള്‍ 12 മണിക്ക് റിവ്യൂ ഇടണം എന്ന് ഏല്‍പ്പിക്കുന്നു. അപ്പോള്‍ ഇതൊരു ഗിവ് ആന്‍ഡ് ടേക്കാണ്. അവിടെ ഒരു ഓപ്പോസിറ്റ് സൈഡുമുണ്ടാകും. പറയേണ്ടത് ഇന്‍സ്റ്റന്റായി തന്നെ പറയണം.

മാത്രമല്ല അവിടെ മൂന്ന് ദിവസം കഴിഞ്ഞ് റിവ്യൂ ചെയ്താല്‍ നമുക്ക് റീച്ചുണ്ടാകുമോ. രണ്ട് ദിവസം കഴിഞ്ഞാല്‍ ഞാന്‍ റിവ്യൂ തന്നെ ചെയ്യാറില്ല. ഇതൊരു മാര്‍ക്കറ്റ് പ്ലേസാണ്. നിങ്ങള്‍ ഒരു പച്ചക്കറി ചന്തയില്‍ പോകുന്നപോലെ ഒരു മാര്‍ക്കറ്റ് സ്‌പേസ്. നിങ്ങളുടെ പ്രൊഡക്ട് എത്ര നന്നായി വില്‍ക്കാന്‍ പറ്റുന്നോ അത്രയും ഇന്‍കം വരും. ഇവിടെ എത്തിക്‌സും ബ്രീത്തിങ് സ്‌പേസും നോക്കിയിരുന്നാല്‍ അവിടെ ഇരിക്കും ഒരു കാര്യവും നടക്കില്ല. ആരും കാണില്ല’, അശ്വന്ത് കോക്ക് പറഞ്ഞു.

Content Highlight: Aswant Kok About Bheeshmaparvam Movie Review

We use cookies to give you the best possible experience. Learn more