കാത്തിരിപ്പിനൊടുവില്‍ അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ (എം വണ്‍) ഇന്ത്യയിലെത്തി. ഫ്‌ളിപ്പ്കാര്‍ട്ട് വഴിയെത്തുന്ന ഫോണിന്റെ വില ആരംഭിക്കുന്നത് 10,999 ല്‍ നിന്നാണ്. മൂന്ന് വേരിയന്റുകളിലാണ് സെന്‍ഫോണ്‍ മാക്സ് പ്രോ എത്തുന്നത്.
റെഡ്മി നോട്ട് 5 പ്രോയില്‍ ഉപയോഗിച്ചിട്ടുള്ള സ്നാപ്ഡ്രാഗണ്‍ 636 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 5000 mAh ബാറ്ററിയാണുള്ളത്. ആന്‍ഡ്രോയിഡ് ഓറിയോയില്‍ പുറത്തിറക്കുന്ന കമ്പനിയുടെ ആദ്യ സ്മാര്‍ട്ഫോണ്‍ ആണ് സെന്‍ഫോണ്‍ മാക്സ് പ്രോ (എം വണ്‍).
മെറ്റല്‍ ബോഡി ഡിസൈനിലുള്ള ഫോണിന് 180 ഗ്രാം ഭാരമാണുള്ളത്. 18:9 അനുപാതത്തിലുള്ള 5.99 ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് സെന്‍ഫോണ്‍ മാക്സ് പ്രോയ്ക്ക്.
മൂന്ന് ജി.ബി, നാല് ജി.ബി റാം വേരിയന്റുകളില്‍ 13 എം.പിയാണ് റിയര്‍ക്യാമറ. അതേസമയം ആറ് ജി.ബി റാം വേരിയന്റില്‍ 16 എം.പിയാണ് റിയര്‍ ക്യാമറ. അഞ്ച് മെഗാപിക്സല്‍ സെന്‍സറുള്ള സെല്‍ഫി ക്യാമറയ്ക്കും ഫ്ലാഷ് ലൈറ്റ് ഉണ്ടാവും.
മൂന്ന് ജി.ബി റാമും 32 ജി.ബി സ്റ്റോറേജുമുള്ള ഫോണിന് 10,999 രൂപയാണ് വില, നാല് ജിബി റാം 64 ജിബി ഫോണിന് 12,999 രൂപയും, ആറ് ജിബി റാം 64 ജിബി സ്റ്റേറേജ് ഫോണിന് 14,999 രൂപയുമാണ് വില.
സെന്‍ഫോണ്‍ മാക്സ് പ്രോയുടെ അതിവേഗ ബാറ്ററി ചാര്‍ജിങ് സൗകര്യം റെഡ്മി നോട്ട് 5 പ്രോയേക്കാള്‍ മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. റെഡ്മി നോട്ട് 5 പ്രോയില്‍ ഹൈബ്രിഡ് സ്ലോട്ടാണുള്ളത്. അതായത് രണ്ട് സിംകാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ മെമ്മറി കാര്‍ഡ് ഇടാന്‍ കഴിയില്ല. മെമ്മറികാര്‍ഡ് ഉപയോഗിക്കണമെങ്കില്‍ ഒരു സിംകാര്‍ഡ് ഒഴിവാക്കേണ്ടി വരും.
എന്നാല്‍ സെന്‍ഫോണ്‍ മാക്സ് പ്രോയില്‍ ട്രിപ്പിള്‍ സ്ലോട്ട് സിംകാര്‍ഡ് ആണുള്ളത്. രണ്ട് സിംകാര്‍ഡുകളും, മൈക്രോ എസ്ഡി കാര്‍ഡും ഒരേ സമയം ഉപയോഗിക്കാന്‍ ഈ ഫോണില്‍ സാധിക്കും.
മെയ് മൂന്നാം തീയ്യതി മുതല്‍ ഫോണ്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങാവുന്നതാണ്.