വട ചെന്നൈ എന്ന ഗംഭീര സിനിമയ്ക്കു ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും, മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം എന്ന നിലയിലും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അസുരന്‍. വെട്രിമാരന്‍ പൊതുവെ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയവും വിട്ടുവീഴ്ചയില്ലാത്ത മേക്കിങ് സ്‌റ്റൈലും എല്ലാം തന്നെയാണ് അദ്ദേഹത്തെ തമിഴിലെ വേറിട്ടൊരു സംവിധായകനാക്കുന്നത്.
പൂമണി എന്ന എഴുത്തുകാരന്റെ ‘വെകൈ’ എന്ന നോവലിനെ ആസ്പദമാക്കി എടുത്ത അസുരന്‍ ഒരു സ്ഥിരം വെട്രിമാരന്‍-ധനുഷ് ടച്ചുള്ള ചിത്രം തന്നെയാണ്. തമിഴ്നാട്ടിലെ ഗ്രാമങ്ങളിലെ ജാതിയും പ്രേമവും വയലന്‍സും പശ്ചാത്തലമാക്കിയ ഒട്ടനവധി ചിത്രങ്ങളുടെ ഒരു മൂഡ് അസുരനിലും കാണാന്‍ കഴിയും.
ഡ്രാമയ്ക്കും ആക്ഷനും ഒക്കെ പ്രാധാന്യമുള്ള അസുരന്‍ വെട്രിമാരന്റെ മുന്‍ ചിത്രങ്ങളേക്കാള്‍ ചെറിയൊരു കാന്‍വാസില്‍ ആണെന്നു തോന്നിക്കും, പ്രത്യേകിച്ചും മുന്‍ ചിത്രമായ വട ചെന്നൈയുമായി തുലനപ്പെടുത്തിയാല്‍.
ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ജാതിബന്ധങ്ങളും അത് വയലന്‍സിലേക്കു നയിക്കുന്നതും, ‘ഗര്‍വ്’ (പെരുമ) മനുഷ്യരെ വയലന്‍സിനു നിര്‍ബന്ധിതമാക്കുന്നതുമൊക്കെ പ്രതിപാദിക്കുന്ന കഥ രണ്ടു കാലഘട്ടങ്ങളിലായാണു കാണിച്ചിരിക്കുന്നത്.
1960 കാലഘട്ടത്തിലെ യുവാവായും 1980-കളിലെ മധ്യവയസ്‌കനായും ധനുഷ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരു വിട്ടുവീഴ്ചയുമില്ലാതെ ചോര തെറിക്കുന്ന വയലന്‍സ് രംഗങ്ങള്‍ എടുക്കുന്നതില്‍ പേരുകേട്ട വെട്രിമാരന്‍ ഈ സിനിമയിലും അതു തുടരുന്നുണ്ട്. സംഘട്ടനരംഗങ്ങളില്‍ അസാമാന്യ മെയ്‌വഴക്കത്തോടെയും ഭാവങ്ങളോടെയും ധനുഷ് നിറഞ്ഞാടിയിട്ടുണ്ട്.
രണ്ടാം പകുതിയില്‍ തന്റെ മുതലാളിയെ വെട്ടിക്കൊന്ന ശേഷം കണ്ണില്‍ പക ജ്വലിക്കുന്ന ഒരു ഭാവം ധനുഷ് പ്രകടമാക്കുന്നത് എളുപ്പം മറക്കാനാവുന്നതല്ല.കണ്ണുകളില്‍ ഭാവം കൊണ്ടുവരിക എന്നത് അത്ര എളുപ്പമല്ലല്ലോ. ആദ്യ പകുതി അവസാനിക്കും മുന്‍പുള്ള ഫൈറ്റ് രംഗങ്ങളും എടുത്തു പറയേണ്ടതാണ്.
വൈഡ് ആംഗിള്‍ ഷോട്ടുകള്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട് വെട്രിമാരന്‍. ക്യാമറയും പശ്ചാത്തല സംഗീതവും മേക്കപ്പും വസ്ത്രാലങ്കാരവും (പ്രത്യേകിച്ചു മഞ്ജു വാര്യരുടെ) എടുത്തുപറയണം. ജി.വി പ്രകാശ് കുമാര്‍ ഒരുക്കിയ തീം മ്യൂസിക് ആക്ഷന്‍ രംഗങ്ങളില്‍ ഗംഭീര എഫക്ട് ഉണ്ടാക്കിയിട്ടുണ്ട്. മഞ്ജു വാര്യര്‍, പശുപതി, നരേന്‍, പ്രകാശ് രാജ്, കെന്‍ കരുണാസ് (ചിദംബരം) എന്നിവര്‍ പൂര്‍ണ്ണമായും കഥാപാത്രത്തോട് നീതി പുലര്‍ത്തി.
ജനപ്രിയ സിനിമയുടെ ഫോര്‍മാറ്റില്‍ അല്പം ലൗഡ് ആയിത്തന്നെ ഭൂമിയുടെയും ജാതിയുടെയും രാഷ്ട്രീയം അസുരന്‍ പറയുന്നുണ്ട്. ‘ഞങ്ങളെ കൊന്നതിന്റെ പ്രതികാരമായിട്ടാണ് അവരെ ഞങ്ങള്‍ കൊല്ലുന്നതെങ്കിലും ആ പ്രതികാരത്തെ അവര്‍ അംഗീകരിക്കില്ല. പകരം വല്ല മോഷണശ്രമമോ മറ്റോ ആരോപിച്ചു നാണം കെടുത്തും’ എന്ന് ശിവസ്വാമി എന്ന ധനുഷിന്റെ നായകന്‍ പറയുന്നുണ്ട്.
താഴ്ന്ന ജാതിക്കാര്‍ക്ക് ചെരുപ്പിടാന്‍ അവകാശമില്ലാത്ത തമിഴ് ഗ്രാമങ്ങളുടെ പ്രശ്‌നവും കഥയിലെ ഒരു പ്രധാന ഭാഗമാണ്. തൊഴിലാളി എന്ന നിലയില്‍ തന്നോട് വളരെ അടുപ്പം പുലര്‍ത്തുന്ന മുതലാളി ജാതി പ്രശ്‌നം വരുമ്പോള്‍ തന്നെ കൈവിടുന്നതും, അപ്പോള്‍ നായകന്‍ പറയുന്ന സംഭാഷണവും ജാതിബന്ധങ്ങളെ കുറിച്ച് ഈ സിനിമ മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടാണ്.
ജനപ്രിയ/മാസ്സ് സിനിമകളില്‍ ജാതിയും ഭൂമിയും ക്ലാസ് സംഘര്‍ഷങ്ങളും ഒക്കെ ഒരു മറയുമില്ലാതെ സംവാദ വിധേയമാക്കാന്‍ തമിഴ് സിനിമയും, പാ രഞ്ജിത്തും വെട്രിമാരനും മാരി സെല്‍വരാജും ഒക്കെ ഇനിയും വരിക തന്നെ ചെയ്യും എന്ന് അസുരന്‍ നേടുന്ന വിജയം സൂചിപ്പിക്കുന്നു. നിരൂപണങ്ങള്‍ക്കും ഡോകുമെന്ററികള്‍ക്കും കഴിയാത്ത വിധം ഇമ്പാക്ട് സിനിമക്കുണ്ട്.
ജനപ്രിയ സിനിമകള്‍ ഉത്പാദിപ്പിച്ചു കൂട്ടിയ സവര്‍ണ ജാതീയ മഹത്വവല്‍ക്കരണങ്ങളെ അതേ സിനിമയുടെ ഫോര്‍മാറ്റില്‍ തന്നെ തിരിച്ചടിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. ജാതിയെപ്പറ്റിയും അധികാരത്തെപ്പറ്റിയും അസുരന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയം ക്ലൈമാക്‌സില്‍ നായകന്‍ മകനോട് പറയുന്ന വാചകങ്ങളില്‍ ഉണ്ട്:
‘നമുക്ക് ഭൂമി ഉണ്ടെങ്കില്‍ അത് അവര്‍ പിടിച്ചെടുക്കും. നമുക്ക് പൈസ ഉണ്ടെങ്കില്‍ അതും അവര്‍ പിടിച്ചെടുക്കും. എന്നാല്‍ നമ്മുടെ കയ്യില്‍ ഉള്ള വിദ്യാഭ്യാസത്തെ അവര്‍ക്ക് പിടിച്ചെടുക്കാന്‍ ആവില്ല. അത് കൊണ്ട് നീ വിദ്യാഭ്യാസം നേടി അതിലൂടെ അധികാര പദവി നേടാന്‍ നോക്ക്.. അധികാരം കിട്ടിക്കഴിഞ്ഞാല്‍, അവര്‍ നമ്മളോട് ചെയ്തത് ഒന്നും അവരോടെന്നല്ല മറ്റാരോടും ചെയ്യാതിരിക്കുക. ഒരു മണ്ണില്‍ ജീവിക്കുന്നു ഒരേ ഭാഷ സംസാരിക്കുന്നു, ഇതൊക്കെ മതി മനുഷ്യര്‍ക്ക് ഒന്നായി ജീവിക്കാന്‍..’