‘തണ്ണീര്‍മത്തന്‍’ ദിനങ്ങള്‍ക്ക് ശേഷം അനശ്വര രാജനേയും അര്‍ജുന്‍ അശോകനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ശരണ്യ’യെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്. തണ്ണീര്‍മത്തന്റെ വിജയം തന്നെയാണ് ചിത്രത്തിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നതും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ‘അശുഭമംഗളകാരി’ എന്ന ഗാനം പുറത്തിറങ്ങിയത്. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
സാധാരണ കലാലയ ജീവിതം പശ്ചാത്തലമാക്കി എത്തുന്ന ചിത്രങ്ങളില്‍ ബോയ്‌സ് ഹോസ്റ്റലും അവരുടെ മാസും കുസൃതികളുമൊക്കെയാണ് കണ്ടുവരാറുള്ളത്. എന്നാല്‍ അധികം കണ്ട് പരിചയമില്ലാത്ത ഗേള്‍സ് ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ജീവിതവും റാഗിങ്ങും മാസുമൊക്കെയാണ് ഈ ഗാനത്തില്‍ കാണുന്നത്. ഈ പാട്ടിനെ പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്.
സിനിമ ആണിടങ്ങളുടെ ആഘോഷമായി മാറുന്ന പതിവ് കാഴ്ചകള്‍ക്കിപ്പുറം തങ്ങളുടെ ഇടങ്ങളെ ആസ്വദിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്ന പെണ്ണുങ്ങള്‍ മലയാളിക്ക് പുതുമയുള്ള കാഴ്ച തന്നെയാണ്. മുന്‍പ് നോട്ട്ബുക്ക്, പ്രണയവര്‍ണങ്ങള്‍, രാക്കിളിപ്പാട്ട് മുതലായ ചിത്രങ്ങളിലൊക്കെ പെണ്‍കലാലയ ജീവിതങ്ങളെ കാണിക്കുന്നുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തവും റിയലിസ്റ്റിക്കായതുമായ അനുഭവമാണ് ‘അശുഭമംഗളകാരി’ നല്‍കുന്നത്. യൂട്യൂബര്‍ ഗായത്രി ഉള്‍പ്പെടെയുള്ള നിരവധി പേരാണ് ഗാനത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചത്.
അനശ്വര രാജന്റെയും, ഖോ ഖോയിലൂടെയും ഓപ്പറേഷന്‍ ജാവയിലൂടെയും ശ്രദ്ധ നേടിയ മമിത ബൈജുവിന്റെയും പ്രകടനങ്ങള്‍ പലരും എടുത്തു പറയുന്നുണ്ട്. സിറ്റുവേഷണല്‍ കോമഡിയൊക്കെ ഈ പാട്ടിലെ നാല്‍വര്‍ സംഘം മനോഹരമാക്കിയിട്ടുണ്ട്.