ന്യൂദല്‍ഹി: വിവാദ പ്രസ്താവനകള്‍കൊണ്ട് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ആണ് രണ്ടാം മോദി മന്ത്രിസഭയിലെ മാനവ വിഭവശേഷി മന്ത്രി. ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നില്‍ എത്രയോ ചെറുതാണെന്ന വാദക്കാരനാണ് ഇദ്ദേഹം. ലോകത്തിലെ നമ്പര്‍ വണ്‍ ശാസ്ത്രം ജ്യോതിഷമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമാണ് ഇദ്ദേഹം.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഹരിദ്വാറില്‍ നിന്നുള്ള പാര്‍ലമെന്റംഗമായിരുന്ന നിഷാങ്ക്, ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഈ വിവാദ പരാമര്‍ശമുന്നയിച്ചത്. ജ്യോതിഷം ആണ് ഏറ്റവും വലിയ ശാസ്ത്രമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഇദ്ദേഹം ആധുനിക ശാസ്ത്രവും കണ്ടുപിടുത്തങ്ങളും ജ്യോതിഷത്തിന് മുന്നില്‍ എത്രയോ ചെറുതാണെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു.
ന്യൂക്ലിയര്‍ പരീക്ഷണങ്ങള്‍ ഇന്ത്യയില്‍മുമ്പും നടന്നിട്ടുണ്ടെന്നും പുരാതന ഇന്ത്യയില്‍ ഋഷിയായിരുന്ന കണാദനാണ് ആദ്യ ന്യൂക്ലിയര്‍ പരീക്ഷണം നടത്തിയതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് കണാദന്‍ ന്യൂക്ലിയര്‍ പരീക്ഷണം നടത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ട നരേന്ദ്രമോദിയുടെ പ്രസ്താവന ശരിവച്ച ഇദ്ദേഹം, പുരാതന ഇന്ത്യയില്‍ ഈ ശാസ്ത്ര ശാഖ ഉണ്ടായിരുന്നെന്നും വാദിച്ചു.
ആര്‍എസ്എസിന്റെ സരസ്വതി ശിശു മന്ദിറില്‍ അദ്ധ്യാപകനായാണ് നിഷാങ്കിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. കര്‍ണപ്രയാഗ് മണ്ഡലത്തില്‍ അഞ്ച് തവണ തുടര്‍ച്ചയായി ജയിച്ചിരുന്ന കോണ്‍ഗ്രസ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ശിവാനന്ദ് നോട്ടിയാലിനെ പരാജയപ്പെടുത്തിയാണ് നിഷാങ്കിന്റെ സുവര്‍ണ്ണകാലം തുടങ്ങുന്നത്. ഇതോടെ1990 മുതല്‍ ഉത്തര്‍പ്രദേശിലെ പ്രധാന ബിജെപി നേതാക്കളിലൊരാളായി ഇദ്ദേഹം വളരുകയായിരുന്നു.
പ്രകാശ് ജാവദേക്കറായിരുന്നു മുന്‍മന്ത്രിസഭയിലെ മാനവിഭവശേഷി വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ സീറ്റിലേക്കാണ് ഒരുപിടി വിചിത്ര വാദങ്ങളുമായി നിഷാങ്കെത്തുന്നത്. പുതിയ മന്ത്രിസഭയില്‍ ഇന്‍ഫര്‍മനേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പാണ് ജാവദേക്കറിനുള്ളത്.
വിദ്യാലയങ്ങളിലെ സിലബസും പദ്ധതികളും പരിഷ്‌കരിക്കണമെന്ന ആര്‍എസ്എസ് സമ്മര്‍ദ്ദം നിലനില്‍ക്കെയാണ് നിഷാങ്കിന്റെ മന്ത്രി പദവിയിലേക്കുള്ള പ്രവേശനം. ആര്‍എസ്എസ് മുന്നോട്ടുവക്കുന്ന സിലബസ് പരിഷ്‌കാരത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും മോദി സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തിരുന്നില്ല. എന്നാല്‍, ഇത്തവണ ഇക്കുറി നിഷാങ്കിലൂടെ ഈ തീരുമാനം പ്രയോഗത്തില്‍ വന്നേക്കും.