'ഭൂമിയുടെ ദോഷം തീര്‍ക്കാന്‍ കോടാലിയും വടിവാളും എയര്‍ഗണ്ണും വെച്ച് പൂജ'; പൂജാരിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു
Kerala News
'ഭൂമിയുടെ ദോഷം തീര്‍ക്കാന്‍ കോടാലിയും വടിവാളും എയര്‍ഗണ്ണും വെച്ച് പൂജ'; പൂജാരിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th November 2022, 3:37 pm

തൃശ്ശൂര്‍ എരുമപ്പെട്ടിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അര്‍ധരാത്രിയില്‍ ‘ദുരൂഹ പൂജ’. പൂജാരിയുടെ കയ്യില്‍ നിന്ന് എയര്‍ഗണ്ണും കത്തിയും കോടാലിയും മറ്റ് ആയുധങ്ങളും കണ്ടെത്തി. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂഴൂര്‍ക്കര സ്വദേശി സതീശനാണ് പൂജ നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. താന്‍ ജ്യോത്സനാണെന്നാണ് പൊലീസ് പരിശോധനയില്‍ ഇയാള്‍ പറഞ്ഞത്.

എരുമപ്പെട്ടിക്കടുത്ത് വരവൂര്‍ രാമംകുളം എന്ന പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കഴിഞ്ഞ രണ്ട് ദിവസമായി പൂജ നടക്കുന്നത്. രാത്രി ചിലയാളുകളുടെ സാന്നിധ്യവും തീയിട്ടതും കണ്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോട് കൂടി നാട്ടുകാര്‍ ഇവിടേക്കെത്തിയത്.

പൂജ പോലെ എന്തോ നടക്കുന്നതും ഒരാളിരുന്ന് എന്തൊക്കെയോ ചെയ്യുന്നതും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്യുകയും സ്ഥലം വിശദമായി പരിശോധിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളുടെ കയ്യില്‍ നിന്നും കോടാലി, വെട്ടുകത്തി, വടിവാള്‍, മടക്കുകത്തി, എയര്‍ഗണ്‍ തുടങ്ങിയവ കണ്ടെടുത്തത്.

ഇയാള്‍ ലേലത്തില്‍ വാങ്ങിയ ഭൂമിയില്‍ വെച്ചായിരുന്നു പൂജ നടത്തിയത്. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍, ‘ഈ ഭൂമിക്ക് ഒരു ദോഷമുണ്ട്, ആ ദോഷം തീരാന്‍ വേണ്ടി പൂജ നടത്തുകയാണ്,’ എന്നാണ് സതീശന്‍ നാട്ടുകാരോട് പറഞ്ഞത്.

രണ്ട് ദിവസമായി സ്ഥലത്ത് പൂജ നടന്നിരുന്നതായി നാട്ടുകാര്‍ അറിയിച്ചു.

സതീശന്റെ മൊഴി പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. അതിന് ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.

പൂജ തടസപ്പെടുത്തിയെന്ന് കാണിച്ച് ഇയാള്‍ നാട്ടുകാര്‍ക്കെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതും പൊലീസ് പരിശോധിച്ച് വരികയാണ്.

ഇലന്തൂര്‍ നരബലി കേസ് ചര്‍ച്ചയായതിന് തൊട്ടുപിന്നാലെയാണ് ആയുധങ്ങള്‍ വെച്ചുള്ള ഈ ദുരൂഹ പൂജയുടെ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

Content Highlight: astrologer handed over to police by natives for doing pooja with weapons