| Wednesday, 2nd October 2024, 9:38 am

തീരെ നിലവാരമില്ല; ബാഴ്‌സയില്‍ മെസിക്കും സുവാരസിനൊപ്പമുള്ള പരിശീലനത്തെ കുറിച്ച് വില്ല താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലാ മാസിയയുടെ ഭാഗമായിരിക്കെ മെസിക്കും ലൂയി സുവാരസിനുമൊപ്പമുള്ള പരിശീലനത്തെ കുറിച്ച് സംസാരിക്കുകയാണ് ആസ്റ്റണ്‍ വില്ല മുന്നേറ്റ താരം ലൂയി ബാരി. അഞ്ച് വര്‍ഷം മുമ്പ് കറ്റാലന്‍മാരുടെ പടകുടീരത്തിലുണ്ടായ അനുഭവത്തെ കുറിച്ചാണ് ഇംഗ്ലണ്ട് താരം സംസാരിക്കുന്നത്.

വെസ്റ്റ് ബ്രോംവിച്ച് ആല്‍ബയണ്‍സിലൂടെ പന്ത് തട്ടി തുടങ്ങിയ ഇംഗ്ലണ്ട് യുവതാരം വളരെ പെട്ടെന്ന് തന്നെ ബാഴ്‌സലോണയുടെ കണ്ണിലുടക്കി. 2019ല്‍ താരവുമായി കരാറിലെത്തുകയും ചെയ്തു. ഇതോടെ ലാ മാസിയക്കായി കരാറിലെത്തുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന നേട്ടവും താരം സ്വന്തമാക്കി. മൂന്ന് വര്‍ഷത്തേക്കാണ് കറ്റാലന്‍സ് താരവുമായി കരാറിലെത്തിയത്.

ക്ലബ്ബുകള്‍ തമ്മില്‍ ട്രാന്‍സ്ഫര്‍ ഫീയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനിന്നതിനാല്‍ മൂന്ന് മാസത്തിന് ശേഷമാണ് ബാരിക്ക് ബാഴ്‌സലോണയിലെ താരത്തിന്റെ U19 കരിയര്‍ ആരംഭിച്ചത്. യൂത്ത് ടീമിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. തന്റെ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയാണ് ബാരി വരവറിയിച്ചത്.

എന്നാല്‍ ആറ് മാസം മാത്രമാണ് താരത്തിന് ബാഴ്‌സയില്‍ ചെലവഴിക്കാന്‍ സാധിച്ചത്. പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആസ്റ്റണ്‍ വില്ല താരത്തെ റാഞ്ചിയെടുത്ത് ഇംഗ്ലണ്ടിലേക്ക് പറക്കുകയായിരുന്നു.

എങ്കിലും ടീമിനൊപ്പമുണ്ടായിരുന്ന ആറ് മാസക്കാലം താരം മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. മെസിക്കും സുവാരസിനുമൊപ്പം പരിശീലനത്തിനുള്ള അവസരവും താരത്തിന് ലഭിച്ചു.

ഈ പരിശീലന സെഷനുകളെ കുറിച്ച് സംസാരിക്കുകയാണ് ബാരി. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വില്ല താരം ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

‘ലയണല്‍ മെസിയും ലൂയി സുവാരസും അവിടെയുണ്ടായിരുന്നു, ഒരിക്കല്‍ ഞാന്‍ അവര്‍ക്കൊപ്പം പരിശീലനം നടത്തി, എന്നാല്‍ അത് തീരെ നിലവാരം കുറഞ്ഞതായിരുന്നു. അത് സെറ്റ് പീസ് പോലെയുള്ളതായിരുന്നു.

എനിക്ക് ബി ടീമില്‍ നിന്നും വിളിയെത്തി. പക്ഷേ ഞാന്‍ മെസിക്കൊപ്പം പരിശീലനം നടത്തിയെന്ന് എനിക്ക് പറയാന്‍ സാധിക്കും,’ ബാരി പറഞ്ഞു.

നിലവില്‍ ആസ്റ്റണ്‍ വില്ല താരത്തെ ലോണ്‍ അടിസ്ഥാനത്തില്‍ ലീഗ് വണ്‍ ക്ലബ്ബായ സ്‌റ്റോക്‌പോര്‍ട്ടിന് നല്‍കിയിരിക്കുകയാണ്.

Content Highlight: Aston Villa star Louie Barry on training with Lionel Messi and Luis Suarez at Barcelona

We use cookies to give you the best possible experience. Learn more