പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ആസ്റ്റണ്‍ വില്ല. വ്യാഴാഴ്ച ആസ്റ്റണ്‍ വില്ലയുടെ ഹോം സ്‌റ്റേഡിയമായ വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ക്വാഡ്രാപ്പിള്‍ ചാമ്പ്യന്‍മാരെ വില്ല തകര്‍ത്തുവിട്ടത്.
3-2-4-1 എന്ന ഫോര്‍മേഷനില്‍ പെപ് ഗ്വാര്‍ഡിയോള സിറ്റിസണ്‍സിനെ കളത്തില്‍ വിന്യസിച്ചപ്പോള്‍ 4-4-1-1 എന്ന ഫോര്‍മഷനിലാണ് എമ്‌രി വില്ലന്‍സിനെ കളത്തിലിറക്കി വിട്ടത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചിരുന്നു. ഇരുടീമുകളും ഗോളടിക്കാന്‍ കിണഞ്ഞുശ്രമിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ക്കുതന്നെ ഇരുടീമിന്റെയും ഗോള്‍മുഖത്തില്‍ ആക്രമണമെത്തിയിരുന്നു. എന്നാല്‍ ഇരുടീമിന്റെയും ഗോള്‍ കീപ്പര്‍മാരുടെ അസാമാന്യ പ്രകടനം ഗോള്‍ വഴങ്ങാതെ പിടിച്ചുനിര്‍ത്തി.
സിറ്റിക്കായി എഡേഴ്‌സണായിരുന്നു ഗോള്‍വല കാത്തത്ത്. വില്ലന്‍സിനായി എമിലിയാനോ മാര്‍ട്ടീനസും ഗോള്‍മുഖത്ത് നിലയുറപ്പിച്ചു. ആദ്യ പകുതിയില്‍ ഇവരെ മറികടന്ന് ഒരു പന്തും മുമ്പോട്ട് കുതിച്ചില്ല.
രണ്ടാം പകുതിയിലും ആക്രമണ പ്രത്യാക്രമണങ്ങളാല്‍ സിറ്റിയും വില്ലയും ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി.
മത്സരത്തിന്റെ 74ാം മിനിട്ടില്‍ വില്ല പാര്‍ക്കിനെ തീപിടിപ്പിച്ച് ലിയോണ്‍ ബെയ്‌ലിയുടെ ഗോള്‍ പിറന്നു. സിറ്റിയുടെ പകുതിയില്‍ നിന്നും പന്തുമായി കുതിച്ച ബെയ്‌ലി ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് സിറ്റിയുടെ വലയിലേക്ക് നിറയൊഴിച്ചു.
തുടര്‍ന്ന് ലീഡ് ഇരട്ടിയാക്കാന്‍ വില്ലയും തിരിച്ചടിക്കാന്‍ സിറ്റിയും ശ്രമിച്ചുകൊണ്ടേയിരുന്നു. ഏത് നേരത്തും ഗോള്‍ പിറക്കുമെന്ന സ്ഥിതിയായിരുന്നു വില്ല പാര്‍ക്കിലുണ്ടായിരുന്നത്.
മത്സരത്തിന്റെ 85ാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടാന്‍ വില്ലക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ ഡഗ്ലസ് ലൂയീസിന്റെ തകര്‍പ്പന്‍ ഷോട്ട് പോസിറ്റിലിടിച്ച് മടങ്ങുകയായിരുന്നു.
ഒടുവില്‍ അഞ്ച് മിനിട്ടിന്റെ ആഡ് ഓണ്‍ ടൈമിന് പിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ വില്ല ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചുകയറി.
ഈ വിജയത്തിന് പിന്നാലെ സിറ്റിയെ മറികടന്ന് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും വില്ലക്കായി. 15 മത്സരത്തില്‍ നിന്നും പത്ത് ജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമായി 32 പോയിന്റാണ് ആസ്റ്റണ്‍ വില്ലക്കുള്ളത്.
പത്ത് മത്സരത്തില്‍ നിന്നും ഒമ്പത് ജയവും മൂന്ന് വീതം തോല്‍വിയും സമനിലയുമായി 30 പോയിന്റാണ് നാലാമതുള്ള സിറ്റിക്കുള്ളത്.
15 മത്സരത്തില്‍ നിന്നും 36 പോയിന്റുമായി ആഴ്‌സണലും 34 പോയിന്റുമായി ലിവര്‍പൂളുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഡിസംബര്‍ ഒമ്പതിനാണ് വില്ലയുടെ അടുത്ത മത്സരം. വില്ല പാര്‍ക്കില്‍ നടക്കുന്ന മത്സപരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഗണ്ണേഴ്‌സാണ് എതിരാളികള്‍.
ഡിസംബര്‍ പത്തിനാണ് സിറ്റി ഇനി കളത്തിലിറങ്ങുന്നത് പട്ടികയിലെ 17ാം സ്ഥാനക്കാരായ ലൂട്ടണ്‍ ടൗണാണ് എതിരാളികള്‍.
Content highlight: Aston Villa defeated Manchester City