| Monday, 2nd January 2023, 12:51 pm

'ആരെന്തൊക്കെ പറഞ്ഞാലും എമിയാണ് നമ്പര്‍ വണ്‍'; അഭ്യൂഹങ്ങള്‍ക്കെതിരെ ആസ്റ്റണ്‍ വില്ല കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ടോട്ടന്‍ഹാം ഹോട്‌സപ്‌റിനെതിരെ നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ല ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ ബെഞ്ചിലിരുത്തിയിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു.

ഫ്രാന്‍സിനെതിരെ എമി നടത്തിയ അതിരുകടന്ന വിജയാഘോഷത്തില്‍ പ്രതിഷേധിച്ചാണ് കോച്ച് ഉനൈ എമറി താരത്തെ ബെഞ്ചിലിരുത്തിയതെന്നായിരുന്നു അഭ്യൂഹങ്ങള്‍.

എന്നാല്‍ വിഷയത്തില്‍ തന്റെ പ്രതികരണമറിയിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍ ആസ്റ്റണ്‍ വില്ല കോച്ച് ഉനൈ എമറി. എമിലിയാനോ മാര്‍ട്ടിനെസ് തന്നെയാണ് തങ്ങളുടെ നമ്പര്‍ വണ്‍ കോച്ച് എന്നും വേള്‍ഡ് കപ്പിന് ശേഷം എമിക്ക് കുറച്ച് വിശ്രമം അനുവദിക്കാനാണ് ബെഞ്ചിലിരുത്തിയതെന്നുമാണ് എമറി പറഞ്ഞത്.

‘എമി ആസ്റ്റണ്‍ വില്ലയുടെ പ്രധാന താരമാണ്. അദ്ദേഹം തന്നെയാണ് ഞങ്ങളുടെ നമ്പര്‍ വണ്‍ ഗോള്‍ കീപ്പര്‍. അദ്ദേഹത്തെ തുടര്‍ മത്സരങ്ങളിലും ഞങ്ങള്‍ക്കാവശ്യമുണ്ട്. ലോകകപ്പിന് ശേഷം താരത്തിന് വിശ്രമം അനുവദിക്കുക എന്ന ഉദ്ദേശം വെച്ച് മാത്രമാണ് അദ്ദേഹത്തെ ബെഞ്ചിലിരുത്തിയത്,’ കോച്ച് വ്യക്തമാക്കി.

ആസ്റ്റണ്‍ വില്ല മനപൂര്‍വ്വം എമിയെ ബെഞ്ചിലിരുത്തിയതാണെന്ന് തെറ്റിദ്ധരിച്ച് നിരവധിയാളുകള്‍ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതിരുകടന്ന ആഘോഷങ്ങള്‍ നടത്തുമ്പോള്‍ ആലോചിക്കണമായിരുന്നെന്നും ആസ്റ്റണ്‍ വില്ലയുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അറിയിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ എമിയെ പുറത്താക്കി മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസീന്‍ ബോണോയെ ക്ലബ്ബിലെത്തിക്കാന്‍ ആസ്റ്റണ്‍ വില്ല പദ്ധതിയിടുന്നതായും

എന്നാല്‍ വിമര്‍ശകരുടെ അഭ്യൂഹങ്ങള്‍ അസ്ഥാനത്താക്കി കൊണ്ടുള്ള പ്രസ്താവനയാണ് ആസ്റ്റണ്‍ വില്ല കോച്ച് നടത്തിയിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോട്ടന്‍ഹാമിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ജയം.
എമിലിയാനോ ബുവേന്‍ഡിയ, ഡഗ്ലസ് ലൂയിസ് എന്നിവരാണ് വില്ലയുടെ ഗോളുകള്‍ നേടിയത്. അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവ് ക്രിസ്റ്റ്യന്‍ റൊമേറൊ ടോട്ടനത്തിനൊപ്പം തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നത്.

നിലവില്‍ 17 മത്സരങ്ങളില്‍ 21 പോയിന്റുള്ള ആസ്റ്റണ്‍ വില്ല 12-ാം സ്ഥാനത്താണ്. ആഴ്‌സണലാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 16 മത്സരങ്ങളില്‍ 43 പോയിന്റാണ് ആഴ്സണലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഏഴ് പോയിന്റ് കൂടുതല്‍.

Content Highlights: Aston Villa coach Unai Emery praises Emiliano Martinez

We use cookies to give you the best possible experience. Learn more