കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ വെച്ച് നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ അഴ്‌സണല്‍ ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തിയിരുന്നു. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വെച്ചായിരുന്നു വില്ല 2-4ന്റെ തോല്‍വിയേറ്റുവാങ്ങിയത്.
ആഴ്‌സണലിനായി ബുക്കായോ സാക്ക, സിന്‍ചെങ്കോ, മാര്‍ട്ടിനെല്ലി എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ നാലാം ഗോള്‍ ആസ്റ്റണ്‍ വില്ല ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസിന്റെ വകയായിരുന്നു. ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക് വന്ന പന്ത് മാര്‍ട്ടീനസിന്റെ തലയില്‍ തട്ടുകയും ഗോളാവുകയുമായിരുന്നു.
ഇന്‍ജുറി ടൈമിന്റെ അവസാന നിമിഷമായിരുന്നു ആഴ്‌സണിലിന്റെ ബ്രസീലിയന്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗോളടിച്ചത്. ഗോള്‍കീപ്പറില്ലാത്ത ആസ്റ്റണ്‍ വില്ല ഗോള്‍മുഖത്തേക്ക് താരം അനായാസം നിറയൊഴിക്കുകയായിരുന്നു.
അവസാന നിമിഷം ഗോള്‍ പോസ്റ്റ് വിട്ട് പുറത്ത് പോയ മാര്‍ട്ടീനസിന്റെ പ്രവര്‍ത്തിയെ വിമര്‍ശിക്കുകയാണ് ആസ്റ്റണ്‍ വില്ല കോച്ച് ഉനായി എമരി. മാര്‍ട്ടീനസ് ചെയ്തത് തനിക്കിഷ്ടമായില്ല എന്നായിരുന്നു എമരി പറഞ്ഞത്.
ടോക്ക് സ്‌പോര്‍ട്ടിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞങ്ങളുടെ ഗെയിം പ്ലാന്‍ തീര്‍ത്തും ക്വാളിറ്റിയുള്ളതാണ്. പിച്ചില്‍ വളരെ പെട്ടെന്ന് നമ്മള്‍ തീരുമാനമെടുക്കണം. അവസാന നിമിഷം ലഭിച്ച കോര്‍ണര്‍ ഗോളാക്കി മാറ്റുന്നതിനായി അറ്റാക് ചെയ്യാനാണ് അവന്‍ (എമിലിയാനോ മാര്‍ട്ടീനസ്) ശ്രമിച്ചത്.
അവന്റെ ആ പ്രവര്‍ത്തി എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. അതിന് മുമ്പേ ശേഷമോ ഞാന്‍ അവനോട് ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. കാരണം എന്റെ കരിയറില്‍ ഒരിക്കല്‍ പോലും ഗോള്‍ കീപ്പര്‍മാരോട് അത് ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല.
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സമനില കണ്ടെത്താമെന്ന പ്രതീക്ഷയില്‍ ഗോള്‍ കീപ്പര്‍മാര്‍ ആക്രമണത്തിന് മുതിരുന്നത് അപൂര്‍വമായി മാത്രമേ പോസിറ്റീവ് റിസള്‍ട്ട് നല്‍കുന്നുള്ളൂ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്,’ എമരി പറഞ്ഞു.
കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറാനും ഗണ്ണേഴ്‌സിനായി. 23 മത്സരത്തില്‍ നിന്നും 17 ജയവും മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമായി 54 പോയിന്റാണ് ആഴ്‌സണലിനുള്ളത്.