| Tuesday, 25th October 2022, 12:33 pm

പല അവസരങ്ങൾ നൽകിയിട്ടും ടീമിന് വേണ്ടി ഒന്നും ചെയ്തില്ല, പുറത്താക്കുകയേ വഴിയുള്ളൂ; ആസ്റ്റൺ വില്ലക്ക് ഇനി പുതിയ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സ്റ്റീവൻ ജെറാർഡ് പക്ഷെ പരിശീലകൻ എന്ന നിലയിൽ വലിയ പരാജയമാണ്.

ജെറാർഡിന്റെ പരിശീലനത്തിൽ മോശം പ്രകടനമാണ് ആസ്റ്റൺ വില്ല ഈ സീസണിൽ പുറത്തെടുക്കുന്നത്. ഇതുവരെ നടന്ന 11 മത്സരങ്ങളിൽ രണ്ട് തവണ മാത്രമേ ആസ്റ്റൺ വില്ലക്ക് വിജയിക്കാനായുള്ളൂ.

ജെറാർഡിന് പല അവസരങ്ങൾ ആസ്റ്റൺ വില്ല നൽകിയിരുന്നെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. തുടർന്ന് കോച്ചിനെ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് ആസ്റ്റൺ വില്ല എത്തുകയായിരുന്നു.

തുടർന്ന് പരിശീലകനില്ലാതെ വലയുന്ന സാഹചര്യമുണ്ടായപ്പോഴാണ് ഉനൈ എമിറിയെ കുറിച്ച് ആസ്റ്റൺ വില്ല ആലോചിക്കുന്നത്.

നവംബർ ഒന്ന് മുതൽ എമിറി ആസ്റ്റൺ വില്ലയുടെ കോച്ചായി ചുമതലയേൽക്കുമെന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഏതാണ്ട് 5.2 മില്ല്യൺ നൽകിയാണ് എമിറിയെ സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിൽ നിന്ന് വില്ലയിലേക്കെത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.

വിയ്യറലിനെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്കെത്തിച്ചത് എമിറിയുടെ മികവിലായിരുന്നു. ലീഗ് മത്സരത്തിൽ ബയേൺ മ്യൂണിക്കിനെയും യുവന്റസിനെയും പരാജയപ്പെടുത്താനും വിയ്യറലിന് സാധിച്ചു.

എമിറിയുടെ പരിശീലനത്തിൽ മുന്നേറുന്ന വിയ്യറലിന് തങ്ങളുടെ കോച്ചിനെ നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയായിരിക്കും.

ആഴസണലിന്റെയും പാരിസ് സെന്റ് ഷെർമാങ്ങിന്റെയും മുൻ പരിശീലകനായിരുന്ന എമിറി സെവല്ലയിലും സേവനമനുഷ്ഠിച്ചുണ്ട്. അദ്ദേഹത്തെ സ്വന്തമാക്കുന്നത് ആസ്റ്റൺ വില്ലക്ക് വലിയ നേട്ടമായിരിക്കും.

യൂറോപ്പിലെ ഒട്ടുമിക്ക ലീഗുകളിൽ പ്രമുഖ ക്ലബ്ബുകൾക്ക് പ്രവർത്തിച്ച് പരിചയമുള്ളയാൾ കൂടിയാണ് ഉനൈ എമിറി.

സ്‌പെയ്‌നിലും ഫ്രാൻസിലും ഇംഗ്ലണ്ടിലുമായി ഏതാണ്ട് 900ത്തിന് മുകളിൽ മത്സരങ്ങൾ പരിശീലിപ്പിച്ച പരിചയമുണ്ട് എമിറിക്ക്.

2013 മുതൽ 2016 വരെ സെവിയ പരിശീലകനായിരുന്ന എമിറി തുടർച്ചയായ മൂന്ന് യൂറോപ്പ ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

2013-14 കാലയളവിൽ യൂറോപ്യൻ കോച്ച് ഓഫ് ദി സീസൺ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. നിലവാരത്തകർച്ചയിൽ നിന്ന് ആസ്റ്റൺ വില്ലയെ കരകയറ്റാൻ എമിറിക്ക് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlights: Aston Villa brings new manager to their team

Latest Stories

We use cookies to give you the best possible experience. Learn more