എമിലിയാനോ 43 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; വീണ്ടും ഫ്രഞ്ചുകാരുടെ അന്തകനായി അർജന്റീനൻ ലോകകപ്പ് ഹീറോ
Football
എമിലിയാനോ 43 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; വീണ്ടും ഫ്രഞ്ചുകാരുടെ അന്തകനായി അർജന്റീനൻ ലോകകപ്പ് ഹീറോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th April 2024, 9:05 am

യൂറോപ്പ കോണ്‍ഫറന്‍സ് ലീഗില്‍ ആസ്റ്റണ്‍ വില്ല സെമിഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ സെക്കന്റ് ലെഗില്‍ ഫ്രഞ്ച് ക്ലബ്ബ് ലോസ്‌ക്കിനെ പെനാല്‍ട്ടിയില്‍ വീഴ്ത്തിയാണ് എമറിയും കൂട്ടരും സെമിയിലേക്ക് മുന്നേറിയത്.

രണ്ടാം പാദ മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യപാദത്തില്‍ ആറ്റം വില്ല 2-1ന്റെ വിജയം സ്വന്തമാക്കിയിരുന്നു. സെക്കന്റ് ലെഗ് ഫ്രഞ്ച് ക്ലബ്ബ് ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

ഒടുവില്‍ പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ 4-3 എന്ന സ്‌കോറില്‍ ലോസ്‌ക്കിനെ വീഴ്ത്തി ആയിരുന്നു ആസ്റ്റണ്‍ വില്ല മുന്നേറിയത്.

ഒരു യൂറോപ്പ്യന്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലിലേക്ക് ആസ്റ്റണ്‍ വില്ല യോഗ്യത നേടുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനുമുമ്പ് 1981ല്‍ ആയിരുന്നു ആസ്റ്റണ്‍ വില്ല സെമിയില്‍ എത്തിയത്. നീണ്ട 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂറോപ്പ്യന്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലിലേക്ക് ആസ്റ്റണ്‍ വില്ല യോഗ്യത നേടുന്നത്.

പെനാല്‍ട്ടിയില്‍ ആസ്റ്റണ്‍ വില്ലയുടെ രക്ഷകനായത് അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ എമിലിയാനോ മാര്‍ട്ടിനസ് ആയിരുന്നു. രണ്ട് തകര്‍പ്പന്‍ സേവുകളാണ് എമിലിയാനോ നടത്തിയത്.

ഫ്രഞ്ച് ക്ലബ്ബിന്റെ തട്ടകമായ സ്റ്റേഡ് പിയറി മൗറോയ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15ാം മിനിട്ടില്‍ യൂസഫ് യാസിച്ചിയിലൂടെ ആതിഥേയര്‍ ആണ് ആദ്യം ലീഡ് നേടിയത്. ഒടുവില്‍ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഫ്രഞ്ച് ക്ലബ്ബ് എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 67ാം മിനിട്ടില്‍ ബെഞ്ചമിന്‍ ആന്ദ്ര ലോസ്‌ക്കിനായി രണ്ടാം ഗോള്‍ നേടി. എന്നാല്‍ മത്സരം അവസാനിപ്പിക്കാന്‍ മൂന്നു മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കാന്‍ മാറ്റി കാശിലൂടെ വില്ല ഒരു ഗോള്‍ തിരിച്ചടിക്കുകയായിരുന്നു.

യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് സെമിഫൈനലില്‍ മെയ് മൂന്നിന് ഗ്രീസ് ക്ലബ്ബ് ഒളിമ്പിയാക്കോസിനെതിരെയാണ് ആസ്റ്റണ്‍ വില്ലയുടെ അടുത്ത മത്സരം. ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാര്‍ക്ക് ആണ് വേദി.

Content Highlight: Aston Villa beat Losc in Europa Conference League