| Thursday, 30th September 2021, 7:11 pm

ആസ്റ്റര്‍ ന്യൂറോസയന്‍സസ് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഒക്ടോബര്‍ 1-ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസ് വിപുലീകരിച്ച് സ്ഥാപിച്ച ആസ്റ്റര്‍ ന്യൂറോസയന്‍സസ് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഒക്ടോബര്‍ 1-ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീഡിയോ കോണ്‍ഫറന്‍സ്
വഴി ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ ആദ്യത്തെ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഐസിയു ഉള്‍പ്പെടെ നാല് സുപ്രധാന വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ന്യൂറോസയന്‍സസ് വിഭാഗത്തെ ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്സലന്‍സായി വിപൂലീകരിക്കുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ കേരള ക്ലസ്റ്റര്‍, ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ രാവിലെ 11-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി ക്ലിനിക്കല്‍ എക്‌സലന്‍സ് മേധാവി ഡോ. ആശ കിഷോര്‍, ന്യൂറോസര്‍ജറി വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. ദിലിപ് പണിക്കര്‍ തുടങ്ങിയവര്‍ സംസാരിക്കും.

ഐ.സി.യു, ഹൈ ഡിപ്പെന്‍ഡന്‍സി യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്ന ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ സെന്റര്‍, സ്ട്രോക്ക് സെന്റര്‍, പാര്‍ക്കിന്‍സണ്‍ ആന്റ് മൂവ്മെന്റ് ഡിസോര്‍ഡര്‍ സെന്റര്‍, എപിലെപ്സി സെന്റര്‍, സ്ലീപ് ലാബ് എന്നിവ കൂടി ഉള്‍പ്പെടുന്നതോടെ ന്യൂറോ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും സമഗ്ര ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രമായി ആസ്റ്റര്‍ മെഡ്സിറ്റി മാറുമെന്ന് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ക്രിട്ടിക്കല്‍കെയറില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള ന്യൂറോളജിസ്റ്റ് നേതൃത്വം നല്‍കുന്ന ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ അത്യാധുനിക മെക്കാനിക്കല്‍ വെന്റിലേറ്ററുകള്‍, ന്യൂറോ ഇലക്ട്രോഫിസിയോളജി ഉപകരണങ്ങള്‍ എന്നീ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ മാരക ഹൃദ്രോഗങ്ങള്‍, നട്ടെല്ലിലെ അണുബാധ, ന്യൂറോമസ്‌കുലര്‍ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് സമഗ്രവും രാജ്യാന്തര നിലവാരത്തിലുള്ളതുമായ ചികിത്സ ഉറപ്പാക്കാന്‍ കഴിയുമെന്നും ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോളജി വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. ബോബി വര്‍ക്കി മാരാമറ്റം വ്യക്തമാക്കി.

ഗുരുതര സ്‌ട്രോക് പരിപാലനം, സ്‌ട്രോക് പ്രതിരോധം, സ്‌ട്രോക് പുനരധിവാസ പ്രോഗ്രാമുകള്‍ തുടങ്ങിയ സവിശേഷ ചികിത്സകള്‍ നല്‍കാന്‍ പര്യാപ്തമായ അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങുന്നതാണ് ഇവിടുത്തെ സ്‌ട്രോക് സെന്റര്‍. ശസ്ത്രക്രിയ കൂടാതെയുള്ള ന്യൂറോ ഇന്റര്‍വെന്‍ഷനുകള്‍, സ്‌ട്രോക് തടയാനുള്ള ശസ്ത്രക്രിയകള്‍ എന്നീ സവിശേഷ പ്രക്രിയകള്‍ നടത്താനുള്ള അത്യാധുനിക സംവിധാനങ്ങളും സ്‌ട്രോക് സെന്ററില്‍ സജ്ജമാക്കിയിട്ടുണ്ട്.

പാര്‍ക്കിന്‍സണ്‍സ് ആന്‍ഡ് മൂവ്‌മെന്റ് ഡിസോര്‍ഡര്‍ സെന്ററില്‍ ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ പ്രോഗ്രാം, മൂവ്‌മെന്റ് ഡിസോര്‍ഡര്‍ ക്ലിനിക്, ഡിസ്‌റ്റോണിയ ആന്‍ഡ് ബോട്ടുലിനം ടോക്‌സിന്‍ ക്ലിനിക്, പീഡിയാട്രിക് മൂവ്‌മെന്റ് ഡിസോര്‍ഡര്‍ ക്ലിനിക് തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അപസ്മാര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനാ സൗകര്യങ്ങളോടെയാണ് എപിലെപ്‌സി സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. എപിലെപ്‌സി ക്ലിനിക്കും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും ഡോ. ബോബി വര്‍ക്കി അറിയിച്ചു.

സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും താങ്ങാവുന്ന നിരക്കില്‍ മികച്ച ആരോഗ്യപരിപാലനം ലഭ്യമാക്കുകയെന്നതില്‍ ആസ്റ്റര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ അമ്പിളി വിജയരാഘവന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സേവനം ലഭ്യമാകുന്ന രീതിയിലാണ് ന്യൂറോളജി ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രവര്‍ത്തിക്കുകയെന്നും അവര്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Aster Neurosciences Global Center of Excellence to be inaugurated by Minister of Health on October 1

We use cookies to give you the best possible experience. Learn more