അറിവില്ലായ്മയ്ക്ക് വിട; ശ്രദ്ധേയമായി അപസ്മാര രോഗം മാറിയവരുടെ സംഗമം
Health
അറിവില്ലായ്മയ്ക്ക് വിട; ശ്രദ്ധേയമായി അപസ്മാര രോഗം മാറിയവരുടെ സംഗമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th February 2020, 10:31 am

കോഴിക്കോട്: അറിവില്ലായ്മയാണ് പലപ്പോഴും അപസ്മാര രോഗ ചികിത്സാരംഗത്തിന് വിനയാവുന്നത്. അമ്പത് വര്‍ഷമായി മരുന്ന് തിന്നുന്നവര്‍, മന്ത്രവാദവും താക്കോല്‍കൂട്ടങ്ങളും ദിനചര്യയാക്കിയവര്‍, ഇനി ഒരിക്കലും രോഗം മാറില്ലെന്ന് കരുതി സമൂഹത്തില്‍ നിന്നും കുടുംബബന്ധങ്ങളില്‍ നിന്നും അകന്ന് ജീവിക്കുന്നവര്‍. അവര്‍ക്കെല്ലാം വേറിട്ട അനുഭവമായിരുന്നു കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ തിങ്കളാഴ്ച ( 10-2-20) നടന്ന ശസ്ത്രക്രിയയിലൂടെയും അല്ലാതെയുമുള്ള കൃത്യമായ ചികിത്സയിലൂടേയും രോഗം മാറിയവരുടെ സംഗമവും അപസ്മാര ചികിത്സാക്ലിനിക് ഉദ്ഘാടനവും.

ജനിച്ചതുമുതല്‍ കഴിഞ്ഞ അമ്പത് വര്‍ഷമായി ഗുളികയില്‍ ജീവിച്ചവര്‍, ഒറ്റദിവസത്തെ സര്‍ജറിയിലൂടെ രോഗം മാറി ആശുപത്രി വിട്ടവര്‍, ഇനി ചികിത്സിക്കാന്‍ ആശുപത്രികളും ഡോക്ടര്‍മാരും ഇല്ലാതെ കിടപ്പാടം വരെ വിറ്റുതുലച്ചവര്‍. കണ്ണീരോടെ അവര്‍ നിരത്തിയ അനുഭവങ്ങള്‍ കൂട്ടായ്മയുടെ വേറിട്ട അനുഭവമായിരുന്നു.

നൂറോളം പേരാണ് കൂട്ടായ്മയിലേക്കെത്തിയത്. അതില്‍ ഭൂരിഭാഗവും രോഗം മാറി മൈക്കിന് മുമ്പില്‍ അനുഭവം പങ്കിട്ടപ്പോള്‍ അത് ലോകത്തിന് മുമ്പില്‍ അപസ്മാര രോഗമെന്ന മാറാവ്യാധിയുടെ അദൃശ്യമായ കെട്ടുകളഴിക്കുന്നതായിരുന്നു.

രണ്ടുവയസുകാരി ഋതികയാണ് കൂട്ടായ്മയും ക്ലിനിക്കും നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയതത്. പ്രസവിച്ച ശേഷം 45-ാം ദിവസം ആശുപത്രിയിലേക്കുള്ള ഓട്ടോ യാത്രക്കിടെ ജീപ്പിടിച്ച് അപകടം. കുഞ്ഞ് തെറിച്ച് വീണ് തലയ്ക്ക് ക്ഷതമേറ്റു. അങ്ങനെയാണവള്‍ക്ക് അപ്സ്മാര രോഗം പിടിപെടുന്നത്.

പിന്നീട് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തി അതിനൂതനമെങ്കിലും ചെറിയ ഒരു ശസ്ത്രക്രിയയ്ക്ക് ഋതികയെ വിധേയയാക്കി. ഇപ്പോള്‍ മൂന്നുമാസം കഴിഞ്ഞു. കൈയ്യില്‍ വിളക്കെടുത്ത് അവള്‍ നിലവിളക്ക് കൊളുത്തുമ്പോള്‍ സദസില്‍ കൈയടിയുയര്‍ന്നു.

ശാരിക 27വയസ്. മന്ത്രവാദമടക്കം പരീക്ഷിക്കാത്ത ഇടങ്ങളില്ല. ജന്മനാലുള്ളതാണ് അവള്‍ക്ക് അപസ്മരം. ദിവസം അഞ്ച് ഗുളികകള്‍. സ്വതന്ത്രമായ സഞ്ചാരങ്ങളില്ല. പഠനം പൂര്‍ത്തിയാക്കാനായില്ല, മന്ത്രവാദവും താക്കോല്‍കൂട്ടങ്ങളും കഴിഞ്ഞ് ഏറെ വൈകിയാണ് ആസ്റ്റര്‍മിംസ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.ജേക്കബ് ആലപ്പാട്ടിനടുത്തെത്തുന്നത്. ഒരുവര്‍ഷത്തെ ചികിത്സക്കുള്ളില്‍ അവളുടെ വിവാഹം കഴിഞ്ഞു. സുഖപ്രസവം. ആരോഗ്യവതിയായ പെണ്‍കുഞ്ഞിന്റെ അമ്മ.

ഇടക്കാലത്ത് ഒരുദിവസം വീണ്ടും അപസ്മാര ലക്ഷണം കാണിച്ചപ്പോള്‍ ഡോക്ടര്‍ ജേക്കബ് ആലപ്പാട്ട് സര്‍ജറി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുന്നു. മലയാളിക്ക് കേട്ടുകേള്‍വിയില്ലാത്ത അപസ്മാര സര്‍ജറിയിലൂടെ അവളിന്ന് പുതുജീവിതത്തില്‍. കൃത്യമായ രോഗനിര്‍ണയം നടന്നാല്‍ 70 ശതമാനം അപസ്മാര രോഗവും മരുന്നിലൂടെ സുഖപ്പെടുത്താം.

അതുകൊണ്ടും കഴിയുന്നില്ലെങ്കില്‍ മാത്രമാണ് സര്‍ജറി, രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം. അതുകഴിഞ്ഞാല്‍ പുതുജീവിതത്തിലേക്ക്. അറിവില്ലായ്മയാണ് പലപ്പോഴും അപസ്മര രോഗ ചികിത്സയ്ക്ക് തടസ്സമാവുന്നതെന്ന് സര്‍ജറിക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ സച്ചിന്‍ സുരേഷ്ബാബു. ആസ്റ്റര്‍ മിംസില്‍ നടന്ന കൂട്ടായ്മയില്‍ രോഗം മാറിയവരും ചികിത്സ തേടുന്നവരുമായി നൂറോളം പേര്‍ പങ്കെടുത്തു.  ശസ്ത്രക്രിയയിലൂടെ രോഗം മാറിയവരെ ഡോക്ടര്‍മാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

ചടങ്ങില്‍ ഡോ.ജേക്കബ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മിംസ് സിഒഒ സമീര്‍.പി.ടി, ഡോ.ടി.ജി.രാമകൃഷ്ണന്‍, ഡോ.മുരളീകൃഷ്ണന്‍, ഡോ.സെല്ലം കരുണാധി, ഡോ.സുജിത്ത് ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൂറോളജി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ.അബ്ദുറഹിമാന്‍ സ്വാഗതവും ആസ്റ്റര്‍മിംസ് എച്ച് ആര്‍ തലവന്‍ ബ്രിജുമോഹന്‍ നന്ദിയും പറഞ്ഞു.

അപസ്മാര രോഗക്ലിനിക് ഉദ്ഘാടനത്തിന്റെ തുടര്‍ച്ചയായി വിദഗ്ധ ന്യൂറോളജിസ്റ്റുകളുടെ പരിശോധനയടക്കം സൗജന്യ അപസ്മര രോഗ ചികിത്സാ ക്യാംപ് മാര്‍ച്ച് 26 വരെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടക്കും.

ക്യാംപിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്-04956791091

WATCH THIS VIDEO: