കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ആസ്റ്റര്‍ മിംസിന്റെ എറണാകുളം, കോഴിക്കോട്, കോട്ടയ്ക്കല്‍, കണ്ണൂര്‍, വയനാട് ആശുപത്രികളിലായി 750 കിടക്കകള്‍ വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചത്. കേരളം അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ആസ്റ്റര്‍ മിംസിന്റെ ഭാഗത്ത് നിന്നുള്ള കരുതല്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊറോണയെ പ്രതിരോധിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2.5കോടി നല്‍കുമെന്നും ഡോ.ആസാദ് മൂപ്പന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 750 കിടക്കള്‍ ചികിത്സയ്ക്കായി നീക്കിവെക്കുന്നതിന് പുറമേ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ആശുപത്രികള്‍ക്ക് സമീപമുള്ള ഹോട്ടലുകള്‍ അപ്പാര്‍ട്‌മെന്റുകള്‍ തുടങ്ങിയിടങ്ങളില്‍ നിരീക്ഷണത്തിലുള്ള രോഗികളെ ചികിത്സിക്കാനായി ഡോക്ടര്‍മാരുടെ സേവനം നല്‍കുമെന്നും ആസാദ് മൂപ്പന്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
അതിനിടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് സെന്റര്‍ (ഐ.സി.എം.ആര്‍) അംഗീകാരം നല്‍കിയ കൊറോണ വൈറസ് പരിശോധനാ ലാബ് അടുത്തദിവസം തന്നെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ലാബ് പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരും നിരീക്ഷണത്തിലുള്ളവരും ഏറ്റവും കൂടുതലുള്ള മലബാറിന് വലിയ ആശ്വാസമാവും.
നിലവില്‍ ചൈനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകിരിച്ചതു മുതല്‍ മുന്നൊരുക്കങ്ങളുമായി രാജ്യത്തിനകത്തും പുറത്തുമുള്ള ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ സജ്ജമായിരുന്നു. സ്‌പെഷ്യല്‍ ഫീവര്‍ ക്ലിനിക്ക്, ടെലി മെഡിസിന്‍ സംവിധാനം, ഓണ്‍ലൈന്‍ ഡോക്ടര്‍ വീഡിയോ കണ്‍സള്‍ട്ടേഷന്‍, ആസ്റ്റര്‍ അറ്റ് ഹോം തുടങ്ങിയവ ഈ രംഗത്ത് ആസ്റ്റര്‍ മിംസ് സര്‍ക്കാരിനൊപ്പമുണ്ടെന്ന് അടിവരയിടുന്നതാണെന്ന് ഡോ.ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.