കയ്യേറ്റം നടത്തിയവര്‍ തന്നെ സംരക്ഷകരുടെ റോളില്‍; ആസ്റ്റര്‍ മെഡ്‌സിറ്റി പുഴ കയ്യേറിയിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പുറത്ത്
Daily News
കയ്യേറ്റം നടത്തിയവര്‍ തന്നെ സംരക്ഷകരുടെ റോളില്‍; ആസ്റ്റര്‍ മെഡ്‌സിറ്റി പുഴ കയ്യേറിയിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st September 2016, 8:35 pm

എന്നാല്‍ 2012ല്‍ നിര്‍മ്മാണഘട്ടത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി പുഴ കയ്യേറിയതിന്റെ പേരില്‍ നടപടികള്‍ നേരിട്ടിരുന്നു എന്നാണ് രേഖകള്‍ തെളിയിക്കുന്നത്.


കൊച്ചി: പെരിയാറിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനുള്ള പദ്ധതിയുമായി രംഗത്തെത്തിയതിനു പിന്നാലെ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി പുഴ കയ്യേറിയിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പുറത്ത്. പുഴ കയ്യേറിയവര്‍ തന്നെ അതിന്റെ സംരക്ഷകര്‍ ചമയുന്നതാണിവിടെ കാണാന്‍ കഴിയുന്നത്.

സെപ്റ്റംബര്‍ മൂന്നിന് ആശുപത്രി മുതല്‍ ഹൈക്കോടതി വരെയുള്ള പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുമെന്നായിരുന്നു ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ പ്രഖ്യാപനം. സുരേഷ് ഗോപി എം.പിയായിരുന്നു “ലെറ്റ് ട്രീറ്റ് മദര്‍ നേച്ചര്‍ വെല്‍” എന്ന പേരിലുള്ള പരിപാടി ഉദ്ഘാടനം ചെയ്തത്. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ കൂടി സഹകരണത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ആസ്റ്ററിന്റെ പദ്ധതി.

aster

എന്നാല്‍ 2012ല്‍ നിര്‍മ്മാണഘട്ടത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി പുഴ കയ്യേറിയതിന്റെ പേരില്‍ നടപടികള്‍ നേരിട്ടിരുന്നു എന്നാണ് രേഖകള്‍ തെളിയിക്കുന്നത്.

628/29, 628/28 എന്നീ രണ്ടു സര്‍വേ നമ്പറുകളിലായി രണ്ടേക്കറിനു മേല്‍ പുഴയോരം അനധികൃതമായി നികത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

അതിര്‍ത്തി തിരിക്കുന്നതിനു വേണ്ടി വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷ തള്ളിയിട്ടുള്ളതാണെന്നും പുഴയുടെ ഭാഗം നികത്തിയതായി കണ്ടുവെന്നും പഞ്ചായത്ത് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്.

ആശുപത്രി നിര്‍മ്മാണത്തിനായി തണ്ണീര്‍ത്തടം നികത്തിയതിനെതിരെ ആന്റണി ജയന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ 2014 ഒക്ടോബറില്‍ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനായിരുന്നു അന്വേഷണ ചുമതല.

പാടം നികത്തുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പരാതി. 2015 സെപ്റ്റംബറില്‍ തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് നിര്‍മ്മാണം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും വിഷത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ലോകായുക്ത നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും 1957ലെ തീരദേശ സംരക്ഷണ നിയമവും ലംഘിച്ചാണ് നിര്‍മ്മാണമെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി കയ്യേറിയ സ്ഥലം ഒഴിപ്പിച്ചെടുക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ക്ക് ലോകായുക്ത നിര്‍ദേശം നല്‍കിയിരുന്നു.

തീരദേശ സംരക്ഷണ നിയമനുസരിച്ച് പുഴയില്‍ നിന്ന് 100 മീറ്റര്‍ പരിധിക്കുള്ളില്‍ വരുന്ന നിര്‍മാണങ്ങള്‍ പൊളിക്കാനും നിര്‍ദേശമുണ്ടായിരുന്നു.

ആശുപത്രി നിര്‍മ്മാണ ഘട്ടത്തില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പുഴ കയ്യേറുകയും ചെയ്ത ആസ്റ്റര്‍ മെഡ്‌സിറ്റി പെരിയാര്‍ സംരക്ഷണത്തിനായി ഇറങ്ങുന്നത് വിചിത്രമാണെന്നാണ് നദി കയ്യേറ്റത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രദേശവാസികള്‍ പറയുന്നത്.

പെരിയാറില്‍ വ്യാവസായിക മാലിന്യം കലര്‍ത്തുന്നതിനെതിരെ സംവിധായകന്‍ ആഷിക് അബുവിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി വിഷയത്തില്‍ ആഭിമുഖ്യമുള്ള യുവാക്കളുടെ സംഗമം സ്വാതന്ത്ര്യദിനത്തില്‍ കൊച്ചിയില്‍ നടത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച് പരസ്യ പ്രചാരണത്തിന് സാധ്യതയുള്ളതിനാലാണ് ആസ്റ്റര്‍ ഈ ഉദ്യമത്തിന് പുറപ്പെട്ടതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

 

aster-doc


പുഴ കയ്യേറിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് നല്‍കിയ സ്‌റ്റോപ്പ് മെമ്മോ.


aster-doc1


പുഴ നികത്തിയതായി കണ്ടെത്തിയെന്ന് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട്.


aster-doc2


ആസ്റ്ററിന്റേതെന്നു പറയപ്പെടുന്ന ഭൂമിക്ക് പട്ടയം ലഭിച്ചില്ലെന്നും ഇവിടത്തെ നിര്‍മ്മാണത്തിന് നിരോധന ഉത്തരവ് നല്‍കിയതായും കാണിച്ച് ചേരാനല്ലൂര്‍ വില്ലേജ് ഓഫീസര്‍ ആര്‍.ഡി.ഒക്ക് അയച്ച കത്ത്.