| Friday, 21st January 2022, 12:30 pm

വിജയസാധ്യത 30 ശതമാനം മാത്രം; 16 മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണ ഹൃദയശസ്ത്രക്രിയയിലൂടെ നജീബിന് പുതുജന്മം നല്‍കി ആസ്റ്റര്‍ മെഡ്‌സിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊടുങ്ങല്ലൂര്‍ സ്വദേശിയായ 58കാരന്‍ നജീബിന് ഹൃദയശസ്ത്രക്രിയയിലൂടെ പുതുജന്മം നല്‍കി ആസ്റ്റര്‍ മെഡ്‌സിറ്റി. ഡിസംബര്‍ 31ന് രാവിലെ 8 മണിക്ക് ആരംഭിച്ച അതീവസങ്കീര്‍ണമായ ശസ്ത്രക്രിയ 16 മണിക്കൂറോളം നീണ്ടുനിന്നിരുന്നു.

ഗള്‍ഫിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന നജീബിന് പെട്ടെന്ന് അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ശസ്ത്രക്രിയ വേണ്ടിവരുമെന്നതിനാല്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.

രണ്ടാമതെത്തിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സങ്കീര്‍ണാവസ്ഥയില്‍ ശസ്ത്രക്രിയ ബുദ്ധിമുട്ടാണെന്നറിയിച്ചതിനെ തുടര്‍ന്ന് അതീവഗുരുതര നിലയിലാണ് നജീബിനെ ആസ്റ്റര്‍ മെഡ്സിറ്റിയിലെത്തിച്ചത്.

തലച്ചോറിലേക്കുള്ള രണ്ട് രക്തക്കുഴലുകളിലെയും, രണ്ട് കൈകളിലേക്കുമുള്ള രക്തയോട്ടവും ഏറെക്കുറെ പൂര്‍ണമായും നിലച്ച സ്ഥിതിയിലായിരുന്നു നജീബിനെ ആശുപത്രിയില്‍ എത്തിച്ചത്. കൂടാതെ പക്ഷാഘാത സാധ്യത, ഹൃദയാഘാത സാധ്യത എന്നിവയ്ക്ക് പുറമെ വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അതിഗുരുതരാവസ്ഥയുമുണ്ടായിരുന്നു. സുദീര്‍ഘവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയയല്ലാതെ മറ്റ് വഴിയൊന്നും ഉണ്ടായിരുന്നില്ലെന്നും ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. മനോജ് പി. നായര്‍ പ്രതികരിച്ചു.

ഹൃദയത്തിലൂടെ ശരീരത്തിലേക്കുള്ള രക്തചംക്രമണം കൃത്യമായി നിയന്ത്രിക്കുന്ന അയോര്‍ട്ടിക് വാല്‍വ്, ഏറ്റവും വലിയ രക്തധമനിയുടെ ഒരു ഭാഗം (അസെന്റിംഗ് അയോട്ട), ഹൃദയരക്തധമനിയുടെ ഒരു ഭാഗം എന്നിവയ്ക്ക് പുറമെ ശിരസിലേക്ക് രക്തമെത്തിക്കുന്ന അയോട്ട പൂര്‍ണമായും മാറ്റിവെക്കുന്ന, 30 ശതമാനം മാത്രം വിജയസാധ്യതയുണ്ടായിരുന്ന അതിസങ്കീര്‍ണമായ ശസ്ത്രക്രിയയാണ് നജീബില്‍ നടത്തിയത്.

ഹൃദയശസ്ത്രക്രിയാ വിദഗ്ധര്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, അനസ്തീഷ്യ& ക്രിട്ടിക്കല്‍ കെയര്‍- എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ സമയത്ത് വലിയൊരളവില്‍ രക്തവും ആവശ്യമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം അണുബാധ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങളുമായി ഇന്‍ഫെക്ഷ്യസ് ഡിസീസ് സംഘവും പിന്തുണ നല്‍കിയിരുന്നു.

തീവ്രപരിചരണ വിഭാഗത്തില്‍ മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് നജീബിനെ മുറിയിലേക്ക് മാറ്റിയത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. ഭാര്യയ്ക്കും മകനും മരുമകനുമൊപ്പമെത്തി നജീബ് തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരോടും മറ്റ് സ്റ്റാഫുകളോടുമുള്ള നന്ദി അറിയിച്ചതിന് ശേഷമാണ് നജീബ് തിരിച്ചുപോയത്.

ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണ്ണമായ കേസാണിത്. മാനേജ്മെന്റിന്റെയും, അനുബന്ധ വിഭാഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത്തരമൊരു സങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമാക്കുവാന്‍ സാധിച്ചതെന്നും അനസ്തീഷ്യ& ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. സുരേഷ് ജി. നായര്‍ പറഞ്ഞു.

Content Highlight: Aster Medcity Heart Operation

We use cookies to give you the best possible experience. Learn more