| Thursday, 17th February 2022, 6:14 pm

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച കുട്ടികള്‍ക്കായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഹെഡ് സ്റ്റാര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച കുട്ടികള്‍ക്കായി ആസ്റ്റര്‍ മെഡ്സിറ്റിയൊരുക്കുന്ന പുതിയ ഉദ്യമമായ ഹെഡ് സ്റ്റാര്‍ട്ടിന് തുടക്കമായി. ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംവിധാനമാണ് ഹെഡ്സ്റ്റാര്‍ട്ട്.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിട്ടുള്ള കുട്ടികളുടെ ചികിത്സ, അര്‍ഹരായവരുടെ വിദ്യാഭ്യാസത്തിനുള്ള പിന്തുണ, തുടര്‍ചികിത്സ, കൗണ്‍സിലിംഗ്, മാതാപിതാക്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവയാണ് ഈ ഉദ്യമത്തിലൂടെ ലഭ്യമാക്കുന്നത്.

ബ്രെയിന്‍ ട്യൂമറുമായി ബന്ധപ്പെട്ട അവബോധ പ്രവര്‍ത്തനങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗദ്ധരുമായി സഹകരിച്ചുള്ള ഗവേഷണം കൂടാതെ മെഡിക്കല്‍ സമൂഹത്തിനും ജനങ്ങള്‍ക്കും ബ്രെയിന്‍ ട്യൂമറുകള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള ആവശ്യകത സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കല്‍ എന്നിവയും ഹെഡ്സ്റ്റാര്‍ട്ടിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.

കോര്‍പ്പറേറ്റ് സി.എസ്.ആര്‍ ഫണ്ട്, രാജ്യാന്തര കോണ്‍ഫറന്‍സുകള്‍, മറ്റ് സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെയാകും ഹെഡ്സ്റ്റാര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക സമാഹരിക്കുക.

ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഫാക്ട് ചെയര്‍മാനും എം.ഡിയുമായ കിഷോര്‍ രംഗ്ത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആസ്റ്റര്‍ മെഡ്സിറ്റി സി.ഇ.ഒ അമ്പിളി വിജയരാഘവന്‍, ന്യൂറോസര്‍ജറി വിഭാഗം തലവന്‍ ഡോ. ദിലീപ് പണിക്കര്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ഡോ. അനൂപ് വാര്യര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

രക്താര്‍ബുദം കഴിഞ്ഞാല്‍ കുട്ടികളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും ജീവഹാനിക്ക് വരെ കാരണമാകുന്നതുമാണ് ബ്രെയിന്‍ ട്യൂമര്‍. നവജാതശിശു മുതല്‍ ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ബ്രെയിന്‍ ട്യൂമര്‍ വരാം.

കീമോതെറാപ്പി, സര്‍ജറി, റേഡിയേഷന്‍ എന്നിവയിലൂടെ ട്യൂമറുകള്‍ നീക്കം ചെയ്യാമെങ്കിലും കുട്ടി വളരുന്നതനുസരിച്ച് ട്യൂമര്‍ വീണ്ടും ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

ഇത് കാരണം വളര്‍ച്ചാ പ്രശ്നങ്ങളും അംഗവൈകല്യവും സംഭവിക്കാം. ഇത് പിന്നീടുള്ള കുട്ടിയുടെ ജീവിതനിലവാരത്തെയും ബാധിക്കും. ഇത്തരം സാഹചര്യങ്ങളിലുള്ളവര്‍ക്ക് ഹെഡ്സ്റ്റാര്‍ട്ട് സാധ്യമായ പിന്തുണ ഉറപ്പാക്കുമെന്നും ഡോ. ദിലീപ് പണിക്കര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more