കൊച്ചി: ക്യാന്‍സറിനെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുടെ അനുഭവങ്ങള്‍ പുസ്തകമാക്കി ആസ്റ്റര്‍ മെഡ്സിറ്റി. ‘കാന്‍സ്പയര്‍’ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തില്‍ രോഗം ഭേദമായ ഏഴ് പേരുടെ പ്രചോദനമേകുന്ന കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് നാല്, വ്യാഴാഴ്ച്ച കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍ പുസ്തകം പ്രകാശനം ചെയ്തു. ക്യാന്‍സര്‍ രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യങ്ങള്‍ക്കായി ആശുപത്രിയിലെത്തി അന്നു തന്നെ വീട്ടിലേക്ക് മടങ്ങാന്‍ കഴിയുന്ന ‘സെന്റര്‍ ഫോര്‍ ഡേ കെയര്‍ ക്യാന്‍സര്‍ പ്രൊസീജിയേഴ്സ്’എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഈ ചടങ്ങില്‍ വെച്ചു നടന്നു.
ആസ്റ്ററില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് പുസ്തകം സൗജന്യമായി വിതരണം ചെയ്യും. പുറത്തുനിന്നുള്ളവര്‍ക്ക് ആസ്റ്ററിന്റെ വെബ്സൈറ്റില്‍ നിന്ന് പുസ്തകം ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം. പുസ്തക രൂപത്തില്‍ ഹാര്‍ഡ് കോപ്പി വായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ആശുപത്രിയുമായി ബന്ധപ്പെട്ടാല്‍ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും.
ക്യാന്‍സറിനോട് പോരാടുന്നവര്‍ക്ക് പ്രതീക്ഷയും ധൈര്യവും നല്‍കുകയെന്നതാണ് കാന്‍സ്പയര്‍ എന്ന പുസ്തകത്തിന്റെ ലക്ഷ്യം. മുപ്പത് പേജുകളിലായാണ് രോഗത്തെ അതിജീവിച്ചവര്‍ അവരുടെ അനുഭവ കഥകള്‍ വിവരിച്ചിരിക്കുന്നത്.
സെന്റര്‍ ഫോര്‍ ഡേ കെയര്‍ ക്യാന്‍സര്‍ പ്രൊസീജിയേഴ്സില്‍ ഒരു ദിവസം മൂന്ന് പേര്‍ക്ക് വരെ ശസ്ത്രക്രിയ സേവനങ്ങള്‍ നല്‍കാനാകും. തെരഞ്ഞെടുക്കപ്പെട്ട ക്യാന്‍സര്‍ ശസ്ത്രക്രിയകള്‍ക്കാണ് കൂടുതലായും ഇത് പ്രയോജനപ്പെടുത്തുക. ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഡേ കെയര്‍ പ്രൊസീജര്‍ വലിയ ഗുണം ചെയ്യും.
ശസ്ത്രക്രിയ തീയതിക്ക് അനുസൃതമായി ഒന്നോ രണ്ടോ ദിവസം മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റാകേണ്ട സാഹചര്യം ഇതു വഴി ഇല്ലാതെയാകും. രോഗികള്‍ക്ക് ഏറ്റവും അനുയോജ്യവും സുഖകരവുമായ രീതിയിലാണ് ഡേ കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ആസ്റ്റര്‍ മെഡ്സിറ്റി ഓങ്കോ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജെം കളത്തില്‍ പറഞ്ഞു.
ഏത് രോഗാവസ്ഥയേയും അതിജീവിക്കാന്‍ മരുന്നിനും ചികിത്സയ്ക്കും അപ്പുറം രോഗിയുടെ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും ഏറെ പ്രധാനമാണെന്നും, അത് നിലനിര്‍ത്താന്‍ സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയവരുടെ അനുഭവം പ്രചോദനമാകുമെന്നും ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്റ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനോടൊപ്പം രോഗികള്‍ക്ക് പ്രതീക്ഷയും, ഒരു കുടുംബത്തിലെന്ന രീതിയിലുള്ള അനുഭവം സമ്മാനിക്കാനുമാണ് ആസ്റ്റര്‍ എക്കാലവും ശ്രമിച്ചിട്ടുള്ളത്. കാന്‍സ്പയര്‍ എന്ന പുസ്തകവും, സെന്റര്‍ ഫോര്‍ ഡേ കെയര്‍ ക്യാന്‍സര്‍ പ്രൊസീജിയേഴ്സ് എന്ന ആശയവും ഈ ലക്ഷ്യത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണെന്നും ഫര്‍ഹാന്‍ യാസീന്‍ വ്യക്തമാക്കി.
”ലോക പ്രശസ്ത സൈക്ലിങ് താരം ലാന്‍സ് ആംസ്ട്രോങ്ങിന്റെ ‘കം ബാക് ഫ്രം ക്യാന്‍സര്‍’ മുതല്‍ മലയാളത്തിന്റെ സ്വന്തം ഇന്നസെന്റിന്റെ ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ വരെയുള്ള പുസ്തകങ്ങള്‍ രോഗബാധിതര്‍ക്ക് നല്‍കിയ പ്രതീക്ഷ ചെറുതല്ല.
അപ്പോഴും ഏറെ സാധാരണക്കാരായ ആളുകള്‍ക്ക് അവരുടെ ജീവിതത്തോട് താരതമ്യപ്പെടുത്താനാവുന്ന രചനകള്‍ വന്നിട്ടുണ്ടോ എന്ന ചോദ്യം ബാക്കിയായിരുന്നു. ക്യാന്‍സ്പയര്‍ എന്ന പുസ്‌കം അതിനുള്ള ഉത്തരമാവുകയാണെന്നും ആസ്റ്ററിന്റെ സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ‘ആസ്റ്റര്‍ കെയര്‍ ടുഗെതര്‍’ ഉള്‍പ്പടെ നിരവധി പദ്ധതികളാണ് ആസ്റ്റര്‍ മെഡ്സിറ്റി നേരത്തേയും ആവിഷ്‌കരിച്ചിരുന്നത്. ക്യാന്‍സര്‍ രോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാനും മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള ഹൈബി ഈഡന്‍ എം.പിയുടെ സൗഖ്യം അടക്കമുള്ള വിവിധ പദ്ധതികളുമായും ആസ്റ്റര്‍ മെഡ്സിറ്റി സഹകരിച്ചിരുന്നു.
രണ്‍ജി പണിക്കര്‍, ഫര്‍ഹാന്‍ യാസിന്‍, ഡോ. ജെം കളത്തില്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജി ഡോ. അരുണ്‍ ആര്‍. വാര്യര്‍, കണ്‍സള്‍ട്ടന്റ് റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗ പൂര്‍ണ, ഓങ്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍, അര്‍ബുദത്തെ അതിജീവിച്ചവരും അവരുടെ കുടുംബവും, കാന്‍സര്‍ ചാരിറ്റബിള്‍ സൊസൈറ്റി ‘കാന്‍സെര്‍വ്’ സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Content Highlight: Aster Medcity has turned the life experiences of cancer survivors into a book