| Tuesday, 7th March 2023, 8:58 pm

സാനിയോ ഏഷ്യാനെറ്റിന്റെ അധികാര കേന്ദ്രത്തില്‍ നില്‍ക്കുന്ന ഒരാളല്ല; നേരിടുന്നത് പ്രൊഫഷണല്‍ വിമര്‍ശനത്തിനപ്പുറമുള്ള സൈബര്‍ ആക്രമണം: വനിതാ മാധ്യമ കൂട്ടായ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോക്കെതിരെ നടക്കുന്നത് നീചമായ സൈബര്‍ ആക്രമണങ്ങളാണെന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ. ഏഷ്യാനെറ്റില്‍ അധികാര കേന്ദ്രത്തില്‍ നില്‍ക്കുന്ന ഒരാളല്ല സാനിയോയെന്നും ഈ സമയം അവര്‍ക്ക് പിന്തുണയര്‍പ്പിക്കേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്നും വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു.
സാനിയോയുടെ വ്യക്തിജീവിതത്തെയും പ്രൊഫഷണല്‍ജീവിതത്തെയും ദുസ്സഹമാക്കുന്ന  പ്രചരണം അവസാനിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

‘ഏതൊരു വ്യക്തിക്കും അവരവരുടേതായ രാഷ്ട്രീയവും വിശ്വാസവും ഉണ്ടായിരിക്കും. അതുപോലെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കും. ആ രാഷ്ട്രീയ താത്പര്യം സ്റ്റോറിയിലേക്കും അവതരണത്തിലേക്കും നിക്ഷിപ്ത താത്പര്യത്തോടെ കൊണ്ടുവരുമ്പോഴാണ് വിമര്‍ശിക്കപ്പെടേണ്ടത്.
അത്തരം വിമര്‍ശനങ്ങള്‍ക്കുള്ള ജനാധിപത്യ ഇടം നമ്മുടെ രാജ്യത്തുണ്ട്. ആ വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി തന്നെ കാണുന്നു. ഇപ്പോള്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സാനിയോക്ക് എതിരേ നടക്കുന്നത് അവരുടെ ജേണലിസം മുന്‍നിര്‍ത്തിയുള്ള വിചാരണയോ ചര്‍ച്ചയോ അല്ല. പകരം സ്വന്തം എഫ്.ബി പ്രൊഫൈലിലെ സ്പേസില്‍ അവര്‍ ഇട്ട ഫോട്ടോകള്‍ ഉപയോഗിച്ചു കൊണ്ടുള്ള നീചമായ ആക്രമണമാണ്,’ പ്രസ്താവനയില്‍ പറഞ്ഞു.

പ്രൊഫഷണല്‍ വിമര്‍ശനമോ പരിഹാസമോ അല്ല സാനിയോ നേരിടുന്നതെന്നും പകരം സൈബര്‍ ആക്രമണം തന്നെയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
‘ഫേസ്ബുക്ക് പ്രൊഫൈലില്‍ തനിക്ക് താത്പര്യമുള്ള പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കാലത്ത് പിന്തുണയര്‍പ്പിച്ചതിനാണ് ആ ഫോട്ടോകള്‍ സഹിതം സാനിയോ അക്രമിക്കപ്പെടുന്നത്. ഇതു കൂടാതെ അവരുടെ കുടുംബാംഗങ്ങളുടെയും വീടിന്റെയും ചിത്രങ്ങളും സൈബര്‍ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു.

പ്രൊഫഷണല്‍ വിമര്‍ശനമോ പരിഹാസമോ അല്ല അവര്‍ നേരിടുന്നത് പകരം സൈബര്‍ ആക്രമണം തന്നെയായാണ് അതിനെ കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ കാണുന്നത്. ആ ആക്രമണത്തിന് സംഘടിത സ്വഭാവമുണ്ട്. രാഷ്ട്രീയ ലക്ഷ്യവുമുണ്ട്.  ഏഷ്യാനെറ്റില്‍ അധികാര കേന്ദ്രത്തില്‍ നില്‍ക്കുന്ന ഒരാളല്ല സാനിയോ. ഈ സമയം അവര്‍ക്ക് പിന്തുണയര്‍പ്പിക്കേണ്ടത് കര്‍ത്തവ്യമായി ഞങ്ങള്‍ കാണുന്നു,’ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Association of women media workers said that the cyber attacks against Asianet News reporter Saniyo

Latest Stories

We use cookies to give you the best possible experience. Learn more