കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോക്കെതിരെ നടക്കുന്നത് നീചമായ സൈബര്‍ ആക്രമണങ്ങളാണെന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ. ഏഷ്യാനെറ്റില്‍ അധികാര കേന്ദ്രത്തില്‍ നില്‍ക്കുന്ന ഒരാളല്ല സാനിയോയെന്നും ഈ സമയം അവര്‍ക്ക് പിന്തുണയര്‍പ്പിക്കേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്നും വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു.
സാനിയോയുടെ വ്യക്തിജീവിതത്തെയും പ്രൊഫഷണല്‍ജീവിതത്തെയും ദുസ്സഹമാക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
‘ഏതൊരു വ്യക്തിക്കും അവരവരുടേതായ രാഷ്ട്രീയവും വിശ്വാസവും ഉണ്ടായിരിക്കും. അതുപോലെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കും. ആ രാഷ്ട്രീയ താത്പര്യം സ്റ്റോറിയിലേക്കും അവതരണത്തിലേക്കും നിക്ഷിപ്ത താത്പര്യത്തോടെ കൊണ്ടുവരുമ്പോഴാണ് വിമര്‍ശിക്കപ്പെടേണ്ടത്.
അത്തരം വിമര്‍ശനങ്ങള്‍ക്കുള്ള ജനാധിപത്യ ഇടം നമ്മുടെ രാജ്യത്തുണ്ട്. ആ വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി തന്നെ കാണുന്നു. ഇപ്പോള്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സാനിയോക്ക് എതിരേ നടക്കുന്നത് അവരുടെ ജേണലിസം മുന്‍നിര്‍ത്തിയുള്ള വിചാരണയോ ചര്‍ച്ചയോ അല്ല. പകരം സ്വന്തം എഫ്.ബി പ്രൊഫൈലിലെ സ്പേസില്‍ അവര്‍ ഇട്ട ഫോട്ടോകള്‍ ഉപയോഗിച്ചു കൊണ്ടുള്ള നീചമായ ആക്രമണമാണ്,’ പ്രസ്താവനയില്‍ പറഞ്ഞു.