| Thursday, 1st February 2024, 9:51 am

ആ ചിത്രത്തിലെ രണ്‍ജി പണിക്കറുടെ ഡയലോഗുകളുടെ അര്‍ത്ഥം കിട്ടാതെ ഡിക്ഷ്ണറി നോക്കേണ്ടി വന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ചലച്ചിത്ര നിര്‍മാതാവ്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് രണ്‍ജി പണിക്കര്‍. 2005ല്‍ തിയേറ്ററിലെത്തിയ ഭരത്ചന്ദ്രന്‍ ഐ.പി.എസ്. എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.

ഷാജി കൈലാസിന് വേണ്ടി ഡോ. പശുപതി, തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, മാഫിയ, കമ്മീഷണര്‍, ദി കിംഗ് എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതിയിട്ടുണ്ട്.

അതില്‍ 1995ല്‍ ദീപാവലിയില്‍ റിലീസായി 200 ദിവസത്തിലധികം തിയേറ്ററുകളില്‍ ഓടുകയും ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുകയും ചെയ്ത ചിത്രമായിരുന്നു ‘ദി കിംഗ്’. ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.

ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ ജില്ലാ കളക്ടര്‍ ജോസഫ് അലക്സ് ഐ.എ.എസ് എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടിയെത്തിയത്. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി.

ചിത്രത്തില്‍ ഒരുപാട് ഇംഗ്ലീഷ് ഡയലോഗുകള്‍ ഉണ്ടായിരുന്നെന്നും തനിക്ക് അതില്‍ ചിലതിന്റെ അര്‍ത്ഥം പോലും കിട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിക്ഷ്ണറി നോക്കിയാണ് ചില വാക്കുകളുടെ അര്‍ത്ഥം കണ്ടുപിടിക്കുന്നതെന്നും രണ്‍ജി പണിക്കര്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത വാക്കുകളാണ് സിനിമയില്‍ ഉപയോഗിച്ചതെന്നും വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നു.

‘ബോംബും ബോംബ് സ്‌ഫോടനവും ബഹളവും കാര്യങ്ങളുമൊക്കെയുള്ള സിനിമയാണ് ഇത്. ഡയലോഗിന്റെ ഒരു അയ്യര് കളിയുള്ള പടം. അതില്‍ ഒരുപാട് ഇംഗ്ലീഷ് ഡയലോഗുകള്‍ ഉണ്ടായിരുന്നു. എനിക്ക് അതില്‍ ചിലതിന്റെ അര്‍ത്ഥം പോലും കിട്ടില്ല.

പ്രോംറ്റ് ചെയ്യാന്‍ വേണ്ടി ഡിക്ഷ്ണറി വെച്ച് നോക്കിയാണ് അര്‍ത്ഥം കണ്ടുപിടിക്കുന്നത്. രണ്‍ജി പണിക്കര്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത വാക്കുകളാണ് സിനിമയില്‍ ഉപയോഗിച്ചത്. ഓരോ ദിവസവും എടുക്കേണ്ട സീനുകള്‍ രാവിലെ മാത്രമേ കിട്ടുകയുള്ളു. രാത്രി ആള്‍ ഇരുന്ന് എഴുതിയിട്ട് രാവിലെ തരും. അത് നമ്മള്‍ കോപ്പിയെടുത്ത് ആര്‍ട്ടിസ്റ്റുകള്‍ക്ക് വായിച്ചു കൊടുക്കുകയാണ് ചെയ്യുക,’ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നു.


Content Highlight: Associate Director Vasudevan Govindankutty Talks About Renji Panicker’s English

We use cookies to give you the best possible experience. Learn more