മമ്മൂട്ടിയുടെ കരിയറിലെ ഒരു വലിയ വഴിത്തിരിവായ ചിത്രമായിരുന്നു ന്യൂ ഡെല്‍ഹി. 1987ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടി ജി.കെ. എന്ന കഥാപാത്രമായാണ് എത്തിയത്.
ദല്‍ഹിയിലെ ഒരു പത്രപ്രവര്‍ത്തകന്റെ പ്രതികാരത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഇത്.
ചിത്രം സംവിധായകന്‍ ജോഷി ഹിന്ദിയിലും കന്നഡയിലുമായി റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയില്‍ ജിതേന്ദ്രയും കന്നഡയില്‍ അംബരീഷുമായിരുന്നു നായകന്മാരായത്.
ന്യൂ ഡെല്‍ഹിയുടെ ഹിന്ദിക്കായി അമിതാഭ് ബച്ചനെ സമീപിച്ചതിനെ കുറിച്ച് പറയുകയാണ് അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി. മാസ്റ്റര്‍ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ന്യൂ ഡെല്‍ഹി ഞങ്ങള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചു. അമിതാഭ് ബച്ചനെ നായകനാക്കാന്‍ തീരുമാനിച്ചു. അന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞത് ‘നിങ്ങള്‍ മലയാളത്തില്‍ സിനിമ ചെയ്തപ്പോള്‍ ദല്‍ഹിയില്‍ ആണ് ചെയ്തത്.
അതാണ് ആ പടത്തിന്റെ സക്‌സസ്. അത് ഹിന്ദിയിലേക്ക് ചെയ്യുമ്പോള്‍ ലണ്ടനിലോ യു.എസിലോ ചെയ്യണം. ഒരു പത്രക്കാരന്‍ അവിടെയുള്ള അനീതിക്ക് വേണ്ടി എതിര്‍ത്തു നില്‍ക്കുന്നതിന്റെ കഥ പറയണം’ എന്നായിരുന്നു.
എന്നാല്‍ അദ്ദേഹത്തിന് പെട്ടന്നുള്ള ഡേറ്റ് ഒന്നും തരാന്‍ ഉണ്ടായിരുന്നില്ല. ‘എനിക്ക് ഇമ്മീഡിയേറ്റ് ആയിട്ടുള്ള ഡേറ്റ് ഒന്നും തരാന്‍ പറ്റില്ല. ഞാന്‍ ഈ സിനിമ ചെയ്യണമെങ്കില്‍ ഒരു രണ്ട് വര്‍ഷമെടുക്കും’ എന്ന് പറഞ്ഞു.
അപ്പോഴാണ് അത് ശരിയാകില്ലെന്ന് പ്രൊഡ്യൂസര്‍ പറയുന്നത്. തെലുങ്കിലെ ഒരു പ്രൊഡ്യൂസറായിരുന്നു ആ സിനിമക്ക്. അദ്ദേഹം ജിതേന്ദ്രയെ വെച്ച് ഒരുപാട് പടങ്ങള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ആ പടത്തിലേക്ക് ജിതേന്ദ്ര എത്തുന്നത്,’ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറഞ്ഞു.
Content Highlight: Associate Director Vasudevan Govindankutty Talks About Amithabh Bachan And New Delhi Movie