| Thursday, 2nd February 2023, 11:08 am

നല്ല കമ്പനിയുടെ ഷര്‍ട്ട് കാണുമ്പോള്‍ ഇട്ടോട്ടെയെന്ന് ചോദിക്കും, ഇത് മമ്മൂട്ടിക്കുള്ളതാണ്, സോമേട്ടന് വേറെയാണെന്ന് ഞാന്‍ പറയും: പോള്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി നായകനായ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അസോസിയേറ്റ് ഡയറക്ടറും പിന്നീട് സംവിധായകനുമായി മാറിയ പോള്‍സണ്‍. ഷൂട്ടിനിടയില്‍ മമ്മൂട്ടി അണിയുന്ന വസ്ത്രങ്ങള്‍ തനിക്കും വേണമെന്ന് സോമന്‍ പറയുമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് അനുയോജ്യമല്ലാത്തതിനാല്‍ അത് കൊടുക്കാനായിരുന്നില്ലെന്നും പോള്‍സണ്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു പോള്‍സണ്‍ പഴയ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘ചിലരിടുന്ന ഡ്രസ് കാണുമ്പോള്‍ സോമേട്ടനും അത് വേണമെന്ന് തോന്നും. അദ്ദേഹത്തിന്റെ കഥാപാത്രത്തിനനുസരിച്ചുള്ള വേഷങ്ങളാണ് കൊടുക്കുന്നത്. മണിവത്തൂരിലെ ആയിരം ശിവരാത്രിയിലും സോമേട്ടന്‍ ഉണ്ട്. കോളറില്ലാത്ത ഷര്‍ട്ട്, ജുബ്ബ എന്നിവയാണ് സോമേട്ടന് നല്‍കുന്ന വേഷങ്ങള്‍. മമ്മൂട്ടിക്ക് നല്ല കമ്പനിയുടെ സാധനങ്ങളാണ്. അതെനിക്ക് ഇടുന്നതില്‍ കുഴപ്പമില്ലല്ലോ ഞാന്‍ ഇട്ടോട്ടെ എന്ന് സോമേട്ടന്‍ ചോദിക്കും. അല്ല, ഇത് മമ്മൂട്ടിയുടേതാണ് എന്ന് ഞാന്‍ പറയും. ഇത് മമ്മൂട്ടിക്കുള്ളതാണ്, സോമേട്ടനുള്ളത് വേറെയാണ് എന്ന് പറയും. ഒരെണ്ണം മാറി ഇട്ടെന്ന് വെച്ച് കുഴപ്പമൊന്നുമുണ്ടാവില്ലല്ലോ, അതിട്ടാല്‍ പോരേ എന്ന് പുള്ളി പറയും. മമ്മൂട്ടിയുടേത് നല്ല കമ്പനിയുടെ ഷര്‍ട്ടാണ്.

ചിലര്‍ക്ക് ആഹാരത്തിന്റെ കാര്യത്തില്‍ അങ്ങനെയുള്ള നിര്‍ബന്ധങ്ങളുണ്ട്. ജനാര്‍ദ്ദനന്‍ ചേട്ടന് അങ്ങനെ ചില ശീലങ്ങളുണ്ട്. തേങ്ങാച്ചമ്മന്തി, മുളക് വറുത്തത്, പാവക്ക വറുത്തത് തുടങ്ങിയതൊക്കെ വേണമെന്ന് ജനാര്‍ദ്ദനന്‍ ചേട്ടന്‍ പറയാറുണ്ട്. ഞാന്‍ ഇന്ന വേഷമാണ് ചെയ്യുന്നത്, നിനക്കറിയാമോ, എനിക്ക് ഇതൊക്കെ സംഘടിപ്പിച്ച് തരണമെന്ന് പ്രൊഡക്ഷന്‍ ബോയിസിനോട് പറയും. അവന്മാര്‍ കൊണ്ടുവരികയും ചെയ്യും. ഇതൊക്കെ മേടിച്ചുകഴിഞ്ഞാല്‍ നമുക്കും തരും,’ പോള്‍സണ്‍ പറഞ്ഞു.

പടയോട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ നസീറിനൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

‘വെളുപ്പിനെ മൂന്ന് മണിക്കൊക്കെ എഴുന്നേറ്റ് നസീര്‍ സാര്‍ ഷൂട്ടിന് വന്നിട്ടുണ്ട്. അതിന് വേണ്ടി പുള്ളി തയാറാണ്. ഒരു ദിവസം ഞങ്ങള്‍ ഗോവിന്ദന്‍ കുട്ടി ചേട്ടനെ വിളിച്ചോണ്ട് അഞ്ച് മണിക്ക് പോയിട്ടുണ്ട്. നസീര്‍ സാര്‍ മൂന്ന് മണിക്ക് റെഡിയായി വന്നു. നസീര്‍ സാറിന് ഉറക്കമില്ല, അതുകൊണ്ട് വന്നതാണ്. ഏത് സമയം പറഞ്ഞാലും പുള്ളി റെഡിയാണ്. ഒരു മലയുടെ മുകളില്‍ നിന്നും കല്ല് വീഴുന്ന സീനാണ്. ആ സമയത്ത് തന്നെ എടുക്കണമെന്ന് സംവിധായകന്‍ പറഞ്ഞാല്‍ അനുസരിക്കാന്‍ ഇവര്‍ തയാറാണ്,’ പോള്‍സണ്‍ പറഞ്ഞു.

Content Highlight: associate director paulson talks about mammootty and soman

We use cookies to give you the best possible experience. Learn more