| Tuesday, 8th October 2024, 9:49 am

മാലിദ്വീപിന് പിന്തുണ; ദ്വീപിന്റെ ആവശ്യാനുസരണം സഹായങ്ങള്‍ ലഭ്യമാക്കും: ഇരു രാജ്യങ്ങളും സംയുക്ത ധാരണയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വികസനകാര്യങ്ങളില്‍ സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന ധാരണയില്‍ മാലിദ്വീപും ഇന്ത്യയും. ഇന്നലെ ദല്‍ഹിയില്‍ വെച്ച് മാലിദ്വീപ് പ്രധാനമന്ത്രി മുഹമ്മദ് മുയിസുവുമായി നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയിലാണ് തീരുമാനം.

മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദര്‍ശനത്തിനിടെ ഉഭയകക്ഷി ബന്ധം ഊട്ടി ഉറപ്പിക്കുമെന്നും വികസന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോവുമെന്നും പറഞ്ഞു.

മാലിദ്വീപിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വികസന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോവുമെന്നും ഭവന നിര്‍മാണം, അടിസ്ഥാന സൗകര്യ മേഖലകള്‍ എന്നിവയില്‍ ഇന്ത്യയുടെ സഹായം തുടരുമെന്നും ഇരുവരും പരാമര്‍ശിച്ചു.

തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, പാര്‍പ്പിടം, ആശുപത്രികള്‍, റോഡ്, കായിക സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ മേഖലയിലും മാലിദ്വീപിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ സഹായത്തോടെ മാലിദ്വീപിന്റെ സാമൂഹിക ഭവന നിര്‍മാണ പദ്ധതി വേഗത്തിലാക്കുമെന്നും രാജ്യങ്ങള്‍ വ്യക്തമാക്കി. തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ച് അവലോകനം നടത്തിയതായും പുരോഗതി വിലയിരുത്തിയതായും ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഉഭയകക്ഷി കറന്‍സി സ്വാപ് കരാറിന്റെ രൂപത്തില്‍ 400 ദശലക്ഷം യു.എസ് ഡോളറിന്റെയും 30 ബില്യണ്‍ ഇന്ത്യന്‍ രൂപയുടെയും പിന്തുണ നല്‍കാമെന്ന് പറഞ്ഞ ഇന്ത്യയുടെ തീരുമാനത്തെ മുയ്‌സു അഭിനന്ദിക്കുകയും ചെയ്തു. ഇത്തരത്തില്‍ മാലിദ്വീപിന് ഇന്ത്യ നല്‍കുന്ന സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും മാലിദ്വീപിന്റെ സാമ്പത്തികമായ വെല്ലുവിളികള്‍ മറികടക്കാന്‍ ഇത് സഹായിക്കുമെന്നും മുയ്‌സു വ്യക്തമാക്കി.

ഇരുരാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാജ്യങ്ങളുടെ പുരോഗതിക്കും മാലിദ്വീപ് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്കും പരിഹാരമുണ്ടാക്കാനും കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും ധാരണയായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാലിദ്വീപ് ഇന്ത്യയുടെ അടുത്ത സുഹൃത്താണെന്നും ഈ ബന്ധം പുരാതന കാലങ്ങള്‍ മുതല്‍ തുടങ്ങിയതാണെന്നും പറഞ്ഞ ഇന്ത്യന്‍ പ്രധാനമന്ത്രി സമുദ്ര രംഗത്തെ സുരക്ഷയടക്കമുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളു സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

Content Highlight: Assistance will be made available according to the needs of the island: by mutual agreement between the two countries

We use cookies to give you the best possible experience. Learn more