| Thursday, 31st May 2018, 3:00 pm

ഫീസ് വര്‍ധനവ് ചോദ്യം ചെയ്താല്‍ ടി സി; അസ്സീസ്സി വിദ്യാനികേതനെതിരെ പ്രതിഷേധം ശക്തമാക്കി രക്ഷിതാക്കള്‍

ശ്രീഷ്മ കെ

കൊച്ചി: ഫീസ് വര്‍ധനവിനെതിരായ പ്രതിഷേധത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ടി സി അയച്ചുകൊടുത്തുകൊണ്ട് നേരിടുകയാണ് ചെമ്പുമുക്ക് അസ്സീസ്സി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍.

അന്യായമായി ഫീസ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന നടപടിയെ രക്ഷിതാക്കള്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ്, പ്രതികരിച്ച രക്ഷിതാക്കളുടെ കുട്ടികളെ തെരഞ്ഞുപിടിച്ച് മാനേജ്മെന്റ് ടി സി കൊടുത്തിരിക്കുന്നത്.

കഴിഞ്ഞ അധ്യയനവര്‍ഷം ഫീസില്‍ ഉണ്ടായ വര്‍ധനവില്‍ പ്രതിഷേധിച്ച് സമരനടപടികളുമായി മുന്നോട്ടുപോകുകയായിരുന്ന രക്ഷാകര്‍തൃസംഘടന, സ്‌കൂള്‍ മാനേജ്മെന്റ് രേഖാമൂലം ഇളവുവാഗ്ദാനം നല്‍കിയതിനാല്‍ ഒത്തുതീര്‍പ്പിനു തയ്യാറായിരുന്നു.

സംഘടന മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കുകയും കൂട്ടിയ ഫീസ് തുകയില്‍ 50 ശതമാനം ഇളവു വരുത്തുമെന്നു പറയുകയും ചെയ്ത അധികൃതര്‍ പക്ഷേ, ഈ വര്‍ഷം വീണ്ടും ഫീസ് വര്‍ധനവു പ്രഖ്യാപിക്കുകയായിരുന്നു. ഇതിനോടു പാരന്റ്സ് അസ്സോസ്സിയേഷന്‍ പ്രതികരിച്ചതിനു പിന്നാലെയാണ് നാലു കുട്ടികള്‍ക്ക് മാനേജുമെന്റ് ടി സി നല്‍കിയത്.

സി.ബി.എസ്.ഇ ചട്ടങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് 70 ശതമാനത്തോളം വര്‍ധനവ് ഫീസിനത്തില്‍ ഇതിനോടകം വരുത്തിയിട്ടുള്ളതെന്ന് പാരന്റ്സ് അസ്സോസ്സിയേഷന്‍ കണ്‍വീനര്‍ ആല്‍ബര്‍ട്ട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നത് രക്ഷിതാക്കളും സ്‌കൂളധികൃതരും തമ്മിലാണ്. കുട്ടികളെ ബുദ്ധിമുട്ടിക്കാനോ, അവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന തരത്തിലേക്ക് ഈ പ്രശ്നത്തെ മാറ്റാനോ അനുവദിക്കില്ല. ഞങ്ങള്‍ക്ക് മാനേജ്മെന്റ് നല്‍കിയിട്ടുള്ള എഗ്രിമെന്റിലെ വാഗ്ദാനങ്ങള്‍ അവര്‍ ലംഘിച്ചിരിക്കുകയാണ്.

രക്ഷിതാക്കളുടെ കണ്ണില്‍ പൊടിയിടാന്‍ നാമമാത്രമായി ഫീസ് കുറച്ചതിനു ശേഷം പിന്നീട് വലിയ വര്‍ധനവ് കൊണ്ടുവരുന്നു. നാലു ക്വാര്‍ട്ടറുകളുള്ള ഒരു അധ്യയന വര്‍ഷത്തില്‍, ഓരോ ക്വാര്‍ട്ടറിലും 570 രൂപ വച്ച് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേയാണിപ്പോള്‍ ഞങ്ങളുടെ കുട്ടികളെയും പുറത്താക്കിയിരിക്കുന്നത്. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വീട്ടിലേക്കയച്ചുകൊടുത്ത് അകാരണമായി പുറത്താക്കുന്നത് കേരളത്തില്‍ ഒരു പക്ഷേ ആദ്യമായായിരിക്കും” ആല്‍ബര്‍ട്ട് പറഞ്ഞു.


Dont Miss ചാനലില്‍ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങളാണ് അന്തിമ വിധികര്‍ത്താക്കള്‍: പിണറായി വിജയന്‍


പുതിയ അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കേ വീട്ടിലേക്ക് ടി സി അയച്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിന്റെ കാരണമന്വേഷിച്ചപ്പോള്‍, കോടതിയില്‍ കാണാമെന്നായിരുന്നു മറുപടിയെന്ന് രക്ഷിതാക്കള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “തിരിച്ചടി നേരിടു”മെന്ന് ഭീഷണിപ്പെടുത്തുന്ന സര്‍ക്കുലറുകള്‍ പ്രചരിപ്പിച്ചതായും ആക്ഷേപമുണ്ട്.

“ഞങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ മോശമാകണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല. കുട്ടികള്‍ തുടര്‍ന്നും ഇവിടെത്തന്നെ പഠിക്കണമെന്നാണ് ആഗ്രഹം. പഠിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടികള്‍ അധികൃതര്‍ സ്വീകരിക്കരുത്. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പാണ് സ്‌കൂളിന്റെ രക്ഷാധികാരി. കൈയില്‍ ബൈബിള്‍ വെച്ച് പ്രസംഗിക്കുകയും, അതേസമയം വിശ്വാസത്തിന്റെ പേരില്‍ മറ്റുള്ളവരെ ചൂഷണം ചെയ്യുകയുമാണ് മാനേജ്മെന്റ്. ഇത് അംഗീകരിക്കാനാവില്ല.” ആല്‍ബര്‍ട്ട് പറയുന്നു.

നാട്ടിലെ നിയമങ്ങളോടോ ഭരണഘടനയോടോ മാനേജ്മെന്റിന് ബഹുമാനമില്ലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. സ്‌കൂളിനെതിരെയുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ട് ഉന്നതര്‍ തങ്ങളെ ബന്ധപ്പെടുന്നുണ്ട്. സ്വാധീനമുപയോഗിച്ച് പ്രശ്നം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സമരപരിപാടികളില്‍ സജീവമായി പങ്കെടുത്ത രക്ഷാകര്‍ത്താവിനെതിരെ സ്റ്റാഫിനെ പീഡിപ്പിച്ചെന്ന പേരില്‍ വ്യാജപരാതി നല്‍കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്-സംഘടനാ കണ്‍വീനര്‍ പറയുന്നു.

അതേസമയം പുറത്താക്കിയ കുട്ടികള്‍ക്ക് ഡൊണേഷന്‍ തുക തിരികെ നല്‍കാനും അധികൃതര്‍ തയ്യാറല്ല. ഗുരുതരമായ അച്ചടക്കലംഘനങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ അടിയന്തരമായി പുറത്താക്കല്‍ നടപടികള്‍ സ്വീകരിക്കുക എന്നിരിക്കെയാണ് ശിശുസംരക്ഷണ നിയമങ്ങളും അടിസ്ഥാന വിദ്യാഭ്യാസം നേടാനുള്ള അവകാശവും മുഖവിലയ്ക്കെടുക്കാതെ മാനേജ്മെന്റ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.

മുന്‍ വര്‍ഷങ്ങളില്‍ ഇതേ വിഷയത്തില്‍ ഉപവാസ സമരമടക്കമുള്ള പ്രതിഷേധമാര്‍ഗ്ഗങ്ങള്‍ സംഘടന കൈക്കൊണ്ടിരുന്നു. ഇലക്ടഡ് പി.ടി.എയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ സ്‌കൂളധികൃതര്‍ ഇടപെട്ടു നല്‍കിയ കേസുകളും നിലവിലുണ്ടെന്ന് സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിഷയത്തെക്കുറിച്ച് സംസാരിക്കാനോ ആരോപണങ്ങളോട് പ്രതികരിക്കാനോ അസ്സീസ്സി വിദ്യാനികേതന്‍ അധികൃതര്‍ തയ്യാറായില്ല.

ശ്രീഷ്മ കെ

We use cookies to give you the best possible experience. Learn more