സര്‍ക്കാര്‍ ജീവനക്കാരുടെ ആസ്തികളും ബാധ്യതകളും സ്വകാര്യ വിവരങ്ങളായി കാണാന്‍ കഴിയില്ല: മദ്രാസ് ഹൈക്കോടതി
national news
സര്‍ക്കാര്‍ ജീവനക്കാരുടെ ആസ്തികളും ബാധ്യതകളും സ്വകാര്യ വിവരങ്ങളായി കാണാന്‍ കഴിയില്ല: മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th December 2024, 8:17 am

ചെന്നൈ: സര്‍ക്കാര്‍ ജീവനക്കാരുടെ ആസ്തിയും ബാധ്യതകളും രഹസ്യവിവരമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജീവനക്കാരുടെ ഇത്തരം വിവരങ്ങളുടെ വിശദാംശങ്ങള്‍ വിവരാവകാശ നിയമത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.കാര്‍ത്തികേയന്റേതാണ് ഉത്തരവ്. ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ വി. കാളിപ്രിയന്റെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൃഷ്ണഗിരി ജില്ലയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സി. ശ്രീനിവാസന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹരജിക്കാരന്റെ വിവരാവകാശ നിയമപ്രകാരമുള്ള ആവശ്യം നേരത്തെ കളക്ടര്‍ തള്ളിയിരുന്നു.

ഒരു പൊതുപ്രവര്‍ത്തകന്റെ സര്‍വീസ് രജിസ്റ്ററില്‍ സര്‍വീസില്‍ ചേരുന്ന തീയതി, ട്രാന്‍സ്ഫറുകള്‍, ഇന്‍ക്രിമെന്റുകള്‍, അവധികള്‍, പണിഷ്‌മെന്റ് വിവരങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഉണ്ടായിരിക്കും. ഈ വിശദാംശങ്ങള്‍, പ്രത്യേകിച്ച് ജോലിയില്‍ പ്രവേശിച്ച തീയതിയും മറ്റും സ്വകാര്യ വിവരങ്ങളായി കണക്കാക്കാന്‍ കഴിയില്ലെന്നുമാണ് കോടതി ഉത്തരവ്.

വിവരാവകാശ നിയമത്തിലെ സെക്ഷന്‍ എട്ട് പ്രകാരം ജീവനക്കാരുടെ സര്‍വീസ് രജിസ്റ്റര്‍ പൂര്‍ണമായും ഒഴിവാക്കാനാകില്ലെന്നും എന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കാനും അതേസമയം സര്‍വീസ് രജിസ്റ്ററില്‍ ജീവനക്കാരന്റെ ആസ്തികളും ബാധ്യതകളുടെയും വിശദാംശങ്ങള്‍ രഹസ്യവിവരമായി സൂക്ഷിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ എടുത്ത നടപടികള്‍ വെളിപ്പെടുത്താതിരിക്കാമെന്നും അതേസമയം സര്‍വീസ് രജിസ്റ്ററില്‍ ഉള്‍പ്പെടുന്ന ആസ്തിയും ബാധ്യതകളും പൊതു ജനങ്ങളില്‍ നിന്നും മറച്ചുവെക്കാന്‍ സാധിക്കില്ലെന്നും കോടതി പരാമര്‍ശിച്ചു.

Content Highlight: Assets and liabilities of government employees cannot be treated as private debts: Madras High Court