നിയമസഭയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും; പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സ്പീക്കര്‍
Daily News
നിയമസഭയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും; പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd June 2016, 12:22 pm

p.sreeramakrishnan-Mla-668

തിരുവനന്തപുരം: ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്താനുള്ള ശ്രമമാവും ഉണ്ടാവുകയെന്നും നിയമനിര്‍മാണത്തിന് പ്രാധാന്യം നല്‍കുമെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍.

വിവിധ പദ്ധതികളുടെ സാധ്യത ആരായും. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടും അതേസമയം ഭരണപക്ഷത്തിന് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള സഹായങ്ങള്‍ ചെയ്തുകൊണ്ടും മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. വാച്ച് ആന്‍ഡ് വാഡിന്റെ കായികബലം ഉപയോഗിച്ചല്ല നിയസഭയിലെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കേണ്ടത്.

യുവത്വം സഭയുടെ ഊര്‍ജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമസഭയെ സംവാദത്തിനുള്ള വേദിയാക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നിയമസഭ ചേരുന്ന സമയക്രമത്തില്‍ അല്‍പ്പം കൂടി അച്ചടക്കം കൊണ്ടുവരണമെന്നാണ് കരുതുന്നത്. നിയമസഭ കൃത്യസമയത്ത് ചേരുകയും അത് അനന്തമായി നീണ്ടുപോവുകയും ചെയ്യുന്ന അവസ്ഥായാണ് നിലവില്‍ ഉള്ളത്. അക്കാര്യത്തില്‍ മാറ്റം വേണം.

പ്രതിപക്ഷത്തിന് അവരുടെ രീതിയില്‍ പ്രതികരിക്കാമെന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധം വേണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉയര്‍ന്നുവരുന്ന സംഭവങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് അവര്‍ക്ക് പ്രതികരിക്കാം.

സഭാസംസ്‌ക്കാരത്തിന് അനുയോജ്യമാകുന്ന രീതിയിലാകണം പ്രതികരണം. സഭയിലെ സ്പീക്കറെ സര്‍, എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാന്‍ ചര്‍ച്ച വേണമെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.