പശ്ചിമ ബംഗാള്‍ ബി.ജെ.പിയില്‍ പടലപിണക്കങ്ങള്‍; ചുമതലയേറ്റെടുക്കാന്‍ അമിത് ഷാ
national news
പശ്ചിമ ബംഗാള്‍ ബി.ജെ.പിയില്‍ പടലപിണക്കങ്ങള്‍; ചുമതലയേറ്റെടുക്കാന്‍ അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st October 2020, 11:33 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്. ദുര്‍ഗാ പൂജയ്ക്ക് മുന്നോടിയായി അമിത് ഷാ കൊല്‍ക്കത്തയിലേക്ക് തിരിക്കും. പശ്ചിമ ബംഗാളിലെ തൊഴിലാളികളെ ഷാ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പശ്ചിമബംഗാളില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി ശക്തമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിരുന്നു.

യോഗത്തില്‍ നദ്ദയ്ക്ക് പുറമെ അമിത് ഷാ, പശ്ചിമ ബംഗാള്‍ ബി.ജെ.പിയുടെ ചുമതലയുള്ള കൈലാഷ് വിജയ്‌വര്‍ഗിയ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് മുകുള്‍ റോയ്, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹ തുടങ്ങിയവര്‍ പങ്കെടുത്തു.

പശ്ചിമ ബംഗാള്‍ തെരഞ്ഞടുപ്പാണ് അജണ്ടയിലുണ്ടായിരുന്നതെന്ന് യോഗത്തിന് ശേഷം ദിലീപ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക് ഡൗണിന് ശേഷം രാഷ്ട്രീയ അന്തരീക്ഷം എങ്ങിനെ ശക്തിപ്പെടുത്താമെന്നതും ചര്‍ച്ചയായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അമിത് ഷാ തന്നെ നേതൃത്വം നല്‍കുമെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.

പശ്ചിമ ബംഗാള്‍ ബി.ജെ.പി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന നേതാക്കളില്‍ നിന്ന് കടുത്ത എതിര്‍പ്പ് രൂപപ്പെട്ടിരുന്നു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സിന്‍ഹ നേതൃമാറ്റത്തെില്‍ പരസ്യ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു.

പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞ് മുകുള്‍ റോയ്ക്കും തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലെത്തിയ അനുപം ഹസ്രയ്ക്കും അവസരം നല്‍കിയതിലായിരുന്നു എതിര്‍പ്പ് ഉയര്‍ന്നത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പശ്ചിമബംഗാളില്‍ 18 സീറ്റുകളാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Assembly pollis: Amith Shah will lead BJP’S Charge in West Bengal