24 വര്‍ഷത്തിനുശേഷം സിക്കിമില്‍ അധികാരമാറ്റം; ഇത്തവണ സിക്കിം ക്രാന്തികാരി മോര്‍ച്ച
D' Election 2019
24 വര്‍ഷത്തിനുശേഷം സിക്കിമില്‍ അധികാരമാറ്റം; ഇത്തവണ സിക്കിം ക്രാന്തികാരി മോര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2019, 12:12 am

ഗാങ്‌ടോക്: സിക്കിമില്‍ 24 വര്‍ഷം അധികാരത്തിലിരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് (എസ്.ഡി.എഫ്) നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം. എസ്.ഡി.എഫ് 15 സീറ്റുകള്‍ നേടിയപ്പോള്‍, 2013-ല്‍ മാത്രം ഉദയം ചെയ്ത സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം) 17 സീറ്റുകള്‍ നേടി കേവലഭൂരിപക്ഷം നേടി.

കേവലഭൂരിപക്ഷത്തിനാവശ്യമായ കൃത്യം സീറ്റാണ് എസ്.കെ.എമ്മിനുള്ളത്. കഴിഞ്ഞതവണ 23 സീറ്റ് നേടിയാണ് എസ്.ഡി.എഫ് അധികാരത്തിലേറിയത്. എസ്.കെ.എമ്മിനുണ്ടായിരുന്നത് ഒമ്പത് സീറ്റാണ്. കഴിഞ്ഞ അഞ്ചുവട്ടവും മുഖ്യമന്ത്രിയായിരുന്നത് എസ്.ഡി.എഫിന്റെ പവന്‍ കുമാര്‍ ചാംലിങ്ങാണ്. സംസ്ഥാനത്ത് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഏപ്രില്‍ 11-നാണു നടന്നത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ് വീണ്ടും ബി.ജെ.പി ഭരണത്തിലേക്ക് പോകുമെന്നുറപ്പായി. കഴിഞ്ഞതവണ ലഭിച്ച 11 സീറ്റിനേക്കാള്‍ നിലവില്‍ 20 സീറ്റുകളുടെ വര്‍ധനയുണ്ടാക്കിയാണ് ബി.ജെ.പി അധികാരത്തിലേറാന്‍ പോകുന്നത്. പെമാ ഖണ്ഡു തന്നെയായിരിക്കും ഇത്തവണയും മുഖ്യമന്ത്രി. മുക്ടോ മണ്ഡലത്തില്‍ നിന്ന് ഖണ്ഡു വിജയം കണ്ടിട്ടുണ്ട്.

60 അംഗ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതും ലീഡ് ചെയ്തു നില്‍ക്കുന്നതും കൂട്ടിയാല്‍ ബി.ജെ.പി നേടിയത് 31 സീറ്റാണ്. കഴിഞ്ഞതവണ 11 സീറ്റുകളാണ് അവര്‍ക്കുണ്ടായിരുന്നത്. അതേസമയം സീറ്റൊന്നുമില്ലാതിരുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) നാല് സീറ്റ് നേടി. 42 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് മൂന്ന് സീറ്റിലേക്കു കൂപ്പുകുത്തി. ജെ.ഡി.യു വിജയിച്ചത് ആറ് സീറ്റിലാണ്. വോട്ടെടുപ്പിനു മുന്‍പേ മൂന്ന് എന്‍.പി.പി സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ച് ബി.ജെ.പിയിലേക്കു ചേക്കേറിയതിനാല്‍ ആ മൂന്നു മണ്ഡലങ്ങളില്‍ ബി.ജെ.പി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബി.ജെ.പി ഒറ്റയ്ക്കു ഭൂരിപക്ഷത്തിലെത്തിയെങ്കിലും തങ്ങള്‍ സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് ജെ.ഡി.യു ദേശീയ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞു. അങ്ങനെയെങ്കില്‍ ബിഹാറിനും നാഗാലാന്‍ഡിനും ശേഷം ജെ.ഡി.യു ഭാഗമാകുന്ന സര്‍ക്കാരാകും അരുണാചലിലേതെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ കഴിഞ്ഞദിവസം തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖോന്‍സ മണ്ഡലത്തിലെ എന്‍.പി.പി സ്ഥാനാര്‍ഥി തിരോങ് അബോ വിജയിച്ചു. അബോയും മകനും അടക്കം 11 പേരാണ് എന്‍.എസ്.സി.എന്‍ (ഐ.എം) തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത്.

കഴിഞ്ഞതവണത്തെ സീറ്റ് കണക്ക് ഇങ്ങനെയൊക്കെയാണെങ്കിലും 2015-16-ല്‍ അരുണാചലിലുണ്ടായ രാഷ്ട്രീയപ്രതിസന്ധി സംസ്ഥാനത്തെ മുഴുവന്‍ കണക്കുകളെയും മാറ്റിമറിച്ചിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി പെമാ ഖണ്ഡുവടക്കം 43 എം.എല്‍.എമാരാണ് കോണ്‍ഗ്രസ് വിട്ട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ (പി.പി.എ) ചേര്‍ന്നത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ ഭാഗമായ നോര്‍ത്ത്-ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യത്തിന്റെ ഭാഗമായിരുന്നു പി.പി.എ. പെമാ ഖണ്ഡു മുഖ്യമന്ത്രിയാവുകയും ചെയ്തു.

എന്നാല്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഖണ്ഡുവിനെയും ആറ് എം.എല്‍.എമാരെയും 2016 ഡിസംബറില്‍ പി.പി.എ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ഇതോടെ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. 2017 ജനുവരി ഒന്നിന് നാല് എം.എല്‍.എമാരെക്കൂടി പി.പി.എ പുറത്താക്കി. ഇതോടെ ഖണ്ഡുവും 33 എം.എല്‍.എമാരും ബി.ജെ.പിയിലേക്കു ചേക്കേറി. അതോടെ ഖണ്ഡുവിന് വീണ്ടും മുഖ്യമന്ത്രിയാകാനും ബി.ജെ.പിക്ക് ഭരണത്തിലേറാനുമായി. പിന്നീട് രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇത്തവണ പി.പി.എയ്ക്ക് ഒരു സീറ്റ് മാത്രമാണു ലഭിച്ചത്.