മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ആറ് നിയോജക മണ്ഡലങ്ങളിലെ ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി മുസ്‌ലിം ലീഗ്. തോല്‍വി സംബന്ധിച്ച് ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മലപ്പുറത്ത് ചേര്‍ന്ന ലീഗ് നേതൃസമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാതെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മണ്ഡലം ഭാരവാഹികളുടെ മേല്‍ ചുമത്തുന്നത്.
മണ്ഡലം ഭാരവാഹികളുടെ മേല്‍ എന്ത് നടപടിയെടുക്കണമെന്നത് യോഗം വിശദമായി ചര്‍ച്ച ചെയ്തു. ആറ് മണ്ഡലങ്ങളിലെ പ്രചാരണത്തില്‍ ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കളമശ്ശേരി, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളില്‍ മന:പൂര്‍വ്വമായ വീഴ്ച്ച സംഭവിച്ചെന്നാണ് യോഗം വിലയിരുത്തുന്നത്.
ജനുവരി 10ന് കോഴിക്കോട് ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലായിരിക്കും അച്ചടക്ക നടപടി പ്രഖ്യാപിക്കുക. ഇതിന് മുമ്പ് ചില മണ്ഡലങ്ങളിലെ ഭാരവാഹികളെ നേതൃത്വം വിളിച്ച് വിശദീകരണം തേടും.
ശാസനയുള്‍പ്പെടെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതുവരെ അച്ചടക്ക നടപടി നീളുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
എന്നാല്‍, നിയോജക മണ്ഡലങ്ങളുടെ ചുമതല വഹിച്ചിരുന്ന സംസ്ഥാന ഭാരവാഹികള്‍ താഴേത്തട്ടിലെ നിസ്സഹകരണം നേരത്തെ തന്നെ നേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നതിനാല്‍ നടപടി മണ്ഡലം തലങ്ങളിലൊതുങ്ങും. തിരിച്ചടി നേരിട്ട മണ്ഡലങ്ങളില്‍ സംഘടനാ സംവിധാനം മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്.
കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരല്ലെന്നതും യോഗത്തില്‍ നേതൃത്വം പറഞ്ഞു.
ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍ ലീഗ് പ്രവര്‍ത്തകരല്ലെന്നും റാലിയില്‍ നുഴഞ്ഞുകയറിയവരാണെന്നുമാണ് സലാം പറഞ്ഞത്. ഞങ്ങളുടെ പ്രവര്‍ത്തകരാരും അങ്ങനെ ചെയ്യില്ല. സമ്മേളനത്തിന്റെ ശോഭകെടുത്താനുള്ള ചിലരുടെ ശ്രമമായിരുന്നു അതെന്നും പി.എം.എ. സലാം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനേയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയുടെ പ്രസംഗം.
ഇതിന് പിന്നാലെ ലീഗിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.
മുസ്‌ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മതസംഘടനയാണോ എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. നിയമസഭയില്‍ ബില്‍ ചര്‍ച്ചക്ക് വെച്ചപ്പോള്‍ എതിര്‍ക്കാത്തവരാണ് ഇപ്പോള്‍ വികാരം ഇളക്കിവിട്ട് പ്രശ്‌നമുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.