മുസ്ലിമായതിന്റെ പേരില്‍ പീഡിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം: മനുഷ്യാവകാശ കമ്മീഷന്‍
Kerala
മുസ്ലിമായതിന്റെ പേരില്‍ പീഡിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം: മനുഷ്യാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2013, 8:33 am

[]തിരുവനന്തപുരം: ഇസ്ലാംമത വിശ്വാസിയായി എന്ന കാരണത്താല്‍ ഒരാളെ പൊലീസ് സ്റ്റേഷനില്‍ അനധികൃതമായി താമസിപ്പിച്ച് പീഡിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇത് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ക്ക് എതിരാണ്.

എന്‍.ഡി.എഫ് പ്രവര്‍ത്തകനാണെന്ന സംശയത്തില്‍ പൊലീസ് മൂന്ന് ദിവസം അന്യായമായി തടങ്കലില്‍ വെച്ച തൃശൂര്‍ അണ്ടത്തോട് സ്വദേശി സുഹൈല്‍ അബ്ദുല്ലയ്ക്ക് സര്‍ക്കാര്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷനംഗം ആര്‍. നടരാജന്‍ ഉത്തരവിട്ടു.

നഷ്ടപരിഹാരമായി നല്‍കുന്ന പണം എതിര്‍കക്ഷികളായ ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദര്‍ശനന്‍, വടക്കേക്കാട് എസ്.ഐ സജിന്‍ ശശി എന്നിവരില്‍ നിന്നും തുല്യമായി ഈടാക്കണം. ഇരുവര്‍ക്കുമെതിരെ വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശ്ശൂര്‍ റൂറല്‍ എസ്.പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

പുന്നയൂര്‍ക്കുളത്ത് നടന്ന ഒരു കൊലപാതകശ്രമത്തെ തുടര്‍ന്ന് വര്‍ഗീയലഹള ഒഴിവാക്കാനാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനെന്ന് സംശയിച്ച് സുഹൈലിനെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരനെ കസ്റ്റഡിയിലെടുത്തതായി സി.ഐ കമ്മീഷന്‍ മുമ്പാകെ സമ്മതിച്ചെങ്കിലും എന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല.

എന്നാല്‍ ഏപ്രില്‍ 27-ന് രാവിലെ താന്‍ ഡ്യൂട്ടിയ്‌ക്കെത്തുമ്പോള്‍ പരാതിക്കാരന്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നതായി വടക്കേക്കാട് എസ്.ഐ കമ്മീഷനെ അറിയിച്ചു.

റൂറല്‍ എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരനെ ഏപ്രില്‍ 25-ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നുണ്ട്. 27-ന് വിട്ടയച്ചതായി എസ്.ഐയും സമ്മതിച്ചു.

സി.ഐയുടെയും എസ്.ഐയുടെയും റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

മര്‍ദ്ദിക്കുകയും പുറം ലോകം കാണിക്കില്ലെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്. ഏപ്രില്‍ 27-ന് വിട്ടയച്ചു. ഇതിനിടെ പൊലീസ് കേസിനെത്തുടര്‍ന്ന് ജോലി നഷ്ടമായി.

പരാതിക്കാരന്‍ എന്‍.ഡി.എഫുകാരനാണെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്യായമായി തടവില്‍ പാര്‍പ്പിച്ചതിനും ജോലി നഷ്ടപ്പെടുത്തിയതിനും സി.ഐയും എസ്.ഐയും ഉത്തരവാദികളാണെന്നും കമ്മീഷന്‍ പറഞ്ഞു.