'വഴിതെറ്റിക്കാന്‍ കൊച്ചുകുട്ടികളല്ല മുസ്‌ലിങ്ങള്‍'; മോഹന്‍ ഭാഗവതിന്റെ പൗരത്വഭേദഗതി പരാമര്‍ശത്തില്‍ അസദുദ്ദീന്‍ ഒവൈസി
national news
'വഴിതെറ്റിക്കാന്‍ കൊച്ചുകുട്ടികളല്ല മുസ്‌ലിങ്ങള്‍'; മോഹന്‍ ഭാഗവതിന്റെ പൗരത്വഭേദഗതി പരാമര്‍ശത്തില്‍ അസദുദ്ദീന്‍ ഒവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th October 2020, 6:14 pm

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി രാജ്യത്തെ മുസ്‌ലിം വിഭാഗത്തെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയുമാണെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി.

വഴി തെറ്റിക്കാന്‍ തക്കവണ്ണം ചെറിയ കുട്ടികളല്ല രാജ്യത്തെ മുസ്‌ലിം ജനതയെന്ന് ഒവൈസി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വഴിതെറ്റിക്കാന്‍ ഞങ്ങള്‍ കൊച്ചുകുട്ടികളല്ല. സി.എ.എ, എന്‍.ആര്‍.സി എന്ന രണ്ടു വാക്കുകള്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ബി.ജെ.പി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുസ്‌ലിം മാത്രമല്ല, മതത്തെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും നിയമത്തില്‍ നിന്നെടുത്തു മാറ്റുക- ഒവൈസി പറഞ്ഞു.

നിയമത്തിനെതിരെ എല്ലാ രീതിയിലും പ്രതിഷേധം നടത്തുമെന്നും തങ്ങളുടെ ദേശീയബോധം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും ഒവൈസി പറഞ്ഞു.

നാഗ്പൂരില്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് വെച്ച് നടന്ന ദസറ ചടങ്ങിലായിരുന്നു പൗരത്വ നിയമത്തെക്കുറിച്ചുള്ള മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

ഒരു പ്രത്യേക മതവിഭാഗത്തിനെതിരെയുള്ള നിയമമല്ല പൗരത്വഭേദഗതി. നിയമത്തെ എതിര്‍ക്കുന്നവര്‍ നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ വഴിതെറ്റിക്കുന്നു. രാജ്യത്തെ മുസ്‌ലിം ജനസംഖ്യ കുറയ്ക്കാനുള്ള മാര്‍ഗ്ഗമാണ് പൗരത്വ നിയമമെന്ന് ചിലര്‍ മുസ്‌ലിങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു- എന്നായിരുന്നു ഭാഗവത് പറഞ്ഞത്.

അതേസമയം ചടങ്ങിനിടെ ഇന്ത്യ-ചൈന സംഘര്‍ഷത്തെപ്പറ്റി ഭാഗവത് നടത്തിയ പ്രസ്താവനയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനമുയരുകയാണ്.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ച് കടന്ന ചൈനക്കെതിരെ രാജ്യം സ്വീകരിച്ച തിരിച്ചടിയില്‍ ചൈന ഞെട്ടിപ്പോയെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

എല്ലാവരുമായും സൗഹൃദത്തിലാകാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും എന്നാല്‍ ആ സ്വഭാവം ബലഹീനതയായി കണക്കിലെടുത്ത് മുതലെടുക്കാന്‍ ശ്രമിക്കരുതെന്നും ഭാഗവത് പറഞ്ഞിരുന്നു. പ്രസ്താവന ചര്‍ച്ചയായതോടെ ഭാഗവതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രംഗത്തെത്തിയിരുന്നു.

ചൈനയുടെ ഭൂമി കൈക്കലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചെന്നും മോഹന്‍ ഭാഗവതിന് ഉള്ളിന്റെയുള്ളില്‍ എല്ലാ സത്യവും അറിയാമെന്നും എന്നാല്‍ അതിനെ നേരിടാന്‍ ഭയപ്പെടുകയാണെന്നും രാഹുല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Assasuddin Owaisi Slams Mohan Bhagawat